മലപ്പുറത്തുകാരന്‍ അനസ് ഇനി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങും

മലപ്പുറത്തുകാരന്‍ അനസ്  ഇനി ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തില്‍  കളത്തിലിറങ്ങും

മലപ്പുറം: ഫുട്ബോളിനെയും ബ്ലാസ്റ്റേഴ്സിനെയും ഏറെ സ്നഹിക്കുന്ന മലയാളികളുടെ സ്വപ്‌നമാണ് പൂവണിയുന്നത്. പ്രിയതാരം അനസ് എടത്തൊടിക ബ്ലാസ്റ്റേഴ്സിന്റെ മഞ്ഞക്കുപ്പായത്തില്‍ കളത്തിലിറങ്ങും. കോണ്ടിനെന്റല്‍ കപ്പില്‍ ഇന്ത്യക്ക് കളിച്ചശേഷമാണ് വരവ്. തിങ്കളാഴ്ച നാട്ടിലെത്തും. നാല് സീസണുകള്‍ പിന്നിട്ട ഐഎസ്എല്ലില്‍ വിനീതും റിനോയും റാഫിയുമടക്കം കേരളത്തിന്റെ ഇഷ്ടതാരങ്ങളൊക്കെ ബ്ലാസ്റ്റേഴ്സിലെത്തിയിട്ടും അനസിന്റെ അഭാവം ആരാധകരെ വിഷമിപ്പിച്ചിരുന്നു. നിര്‍ണായക മത്സരങ്ങളില്‍ ടീം ആടിയുലയുമ്പോള്‍ പ്രതിരോധനിരയില്‍ പലരും ആ സാന്നിധ്യം ഏറെ ആഗ്രഹിച്ചു.
കഴിഞ്ഞ സീസണില്‍ നിറംമങ്ങിയ ടീമിന് ഇനി ആ കടം വീട്ടാന്‍ രാജ്യാന്തര നിലവാരമുള്ള ഈ ഇന്ത്യന്‍ ഡിഫന്‍ഡറുടെ കളി കരുത്താകും.
കഴിഞ്ഞ ഐഎസ്എല്‍, സൂപ്പര്‍കപ്പ് മത്സരങ്ങള്‍ കഴിഞ്ഞയുടന്‍ അനസും ബ്ലാസ്റ്റേഴ്സ് എഫ്സിയും തമ്മില്‍ അടുത്ത സീസണിലേക്ക് ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ ജംഷഡ്പുര്‍ എഫ്സിയുമായുള്ള കരാര്‍ മെയ് വരെയുണ്ടായിരുന്നു. അതാണ് ബ്ലാസ്റ്റേഴ്സിലേക്കുള്ള വരവ് വൈകിയത്. ഇന്ത്യന്‍ പ്രതിരോധനിരയിലെ മറ്റൊരു പ്രധാന താരമായ സന്ദേശ് ജിങ്കനൊപ്പം അനസും എത്തുന്നതോടെ ബ്ലാസ്റ്റേഴ്സിന്റ പ്രതിരോധം ഉരുക്കുപോലാകും. രാജ്യത്തെ മികച്ച താരത്തിനുള്ള പുരസ്‌കാരവും പ്രതിരോധ നിരക്കാരനുള്ള ജര്‍ണയില്‍ സിങ് അവാര്‍ഡും നേടിയിട്ടുണ്ട്.
കാല്‍പന്തിനെയും ബ്ലാസ്റ്റേഴ്സിനെയും ഏറെ സ്നേഹിക്കുന്ന മലപ്പുറത്തിന്റെ മണ്ണില്‍നിന്നാണ് അനസ് എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞാല്‍ മലയാളി ആരാധകര്‍ ഇക്കുറി പിന്തുണച്ച ഐഎസ്എല്‍ ടീം ജംഷഡ്പൂരാണെന്നതിനും കാരണം ആ ടീമില്‍ അനസിന്റെ സാന്നിധ്യംതന്നെ. അനസിന്റെ ചിത്രവുമായി ജംഷഡ്പൂരിന്റെ കളികാണാന്‍ മലയാളി ആരാധകര്‍ എത്തി. ലോകകപ്പ് ആവേശത്തില്‍ മുങ്ങിയ മലപ്പുറത്തെ അനസിന്റെ മടങ്ങി വരവ് കുറച്ചൊന്നുമല്ല സന്തോഷിപ്പിക്കുന്നത്.
കൊണ്ടോട്ടി മുണ്ടപ്പലത്തെ എടത്തൊടിക മുഹമ്മദിന്റെയും കദീജയുടെയും മകനായ അനസിന് ആദ്യം ക്രിക്കറ്റിനോടായിരുന്നു കമ്പം. പിന്നീട് മലപ്പുറത്തിന്റെ പതിവുശീലത്തിലേക്ക് ആ ബാലനും മാറി. കൊണ്ടോട്ടിയിലെ ചെറുമൈതാനങ്ങളില്‍ പന്ത് തട്ടിക്കളിച്ച് നടന്ന കൊച്ചുപയ്യന്‍ ഇന്ന് രാജ്യമറിയുന്ന അനസ് എടത്തൊടിക എന്ന ഫുട്ബോളറിലേക്കുയര്‍ന്നത് ജീവിത പ്രാരബ്ധങ്ങള്‍ ഏറെ താണ്ടിയാണ്. ഇഎംഇഎ സ്‌കൂളില്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായിരിക്കെയാണ് ഫുട്ബോളില്‍ ശ്രദ്ധിച്ചുതുടങ്ങിയത്. മഞ്ചേരി എന്‍എസ്എസ് കോളേജിലെത്തിയതോടെ മികച്ച കളിക്കാരനെന്ന നിലയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ആദ്യവര്‍ഷം തന്നെ കേരളത്തിന്റെ അണ്ടര്‍ 21 ടീമില്‍. ബിരുദ പഠനത്തിന്റെ അവസാന വര്‍ഷം കൊണ്ടോട്ടി ഇഎംഇഎ കോളേജിലെത്തിയത് വഴിത്തിരിവായി. കോച്ചും മുന്‍ ഇന്ത്യന്‍ ഗോള്‍ കീപ്പറുമായ ഫിറോസ് ശെരീഫ് അനസിലെ ‘പ്രതിരോധ താരത്തെ’ കണ്ടെടുക്കുകയായിരുന്നു.
2008ല്‍ മുംബൈ എഫ്സി എന്ന പുതിയ ടീം രൂപം കൊണ്ടപ്പോള്‍ അതിലെത്തിയ അനസ് ഐ ലീഗ് രണ്ടാം ഡിവിഷനില്‍ കളിച്ചു. 2009ല്‍ സന്തോഷ് ട്രോഫിയില്‍ മഹാരാഷ്ട്രയ്ക്കുവേണ്ടി കളിച്ച അനസ് കേരളത്തെ സെമിയില്‍ തോല്‍പ്പിച്ച ടീമില്‍ അംഗമായിരുന്നു. 2010ല്‍ കേരളത്തിനായി സന്തോഷ്ട്രോഫി കളിച്ചു. 2011 മുതല്‍ 15 വരെ പുണെ എഫ്സിയില്‍ കളിച്ച അനസ് രണ്ടു വര്‍ഷം ടീം നായകനുമായി. 2015 ലും 2016ലും ഐഎസ്എല്ലില്‍ ഡെല്‍ഹി ഡൈനാമോസില്‍. ഐ ലീഗില്‍ മോഹന്‍ബഗാനിലും കളിച്ചു.
ഐ ലീഗിലെ മിന്നുന്ന പ്രകടനത്തിന് കഴിഞ്ഞ സീസണിലെ മികച്ച പ്രതിരോധ താരത്തിനുള്ള അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന്റെ അവാര്‍ഡ് നേടി. മികച്ച പ്രതിരോധ താരത്തിനുള്ള അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ജെര്‍ണയില്‍സിങ് അവാര്‍ഡും ലഭിച്ചു. 2014 ല്‍ മഹാരാഷ്ട്രയിലെ മികച്ച ഫുട്ബോളര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ അയേണ്‍ മാന്‍ പുരസ്‌കാരവും കിട്ടി. മലപ്പുറത്തുനിന്ന് യു ഷറഫലിക്കുശേഷം ഇന്ത്യന്‍ ടീമിലെത്തുന്നതും അനസ് തന്നെ. ഏഷ്യന്‍ കപ്പില്‍ ഇന്ത്യന്‍ ജേഴ്സിയും അണിഞ്ഞു. ഭാര്യ: സുലൈഖ. മക്കള്‍: ഷാസ്മിന്‍, ഷഫ്സാദ് മുഹമ്മദ്.

Sharing is caring!