റമദാന്‍ 27ാം രാവ് പ്രാര്‍ഥനാ സമ്മേളനം നാളെ സ്വലാത്ത് നഗറില്‍

റമദാന്‍ 27ാം രാവ്  പ്രാര്‍ഥനാ സമ്മേളനം നാളെ സ്വലാത്ത് നഗറില്‍

മലപ്പുറം: ആയിരം മാസങ്ങളെക്കാള്‍ പുണ്യമുള്ള ലൈലത്തുല്‍ ഖദ്ര്‍ പ്രതീക്ഷിക്കുന്ന റമളാന്‍ ഇരുപത്തിയേഴാം രാവായ നാളെ(തിങ്കള്‍) സ്വലാത്ത് നഗറില്‍ ആത്മീയ സംഗമം നടക്കും. സമസ്ത പ്രസിഡണ്ട് ഇ.സുലൈമാന്‍ മുസ്ലിയാരുടെ അധ്യക്ഷതയില്‍ അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉല ജനറല്‍ സെക്രട്ടറി കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. സമസ്ത ഉപാധ്യക്ഷന്‍ സയ്യിദ് അലി ബാഫഖി തങ്ങള്‍ പ്രാരംഭ പ്രാര്‍ത്ഥന നിര്‍വ്വഹിക്കും. മഅ്ദിന്‍ ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കും.
ഇന്ന് പുലര്‍ച്ചെ ആറിന് നടക്കുന്ന ഇഅ്തികാഫ് ജല്‍സയോടെ പ്രാര്‍ത്ഥനാ സംഗമത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ ആരംഭിക്കും. രാവിലെ ഏഴിന് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, പത്തിന് ഖത്മുല്‍ ഖുര്‍ആന്‍, വനിതാ വിജ്ഞാന വേദി എന്നിവ വിവിധ വേദികളില്‍ നടക്കും. ഉച്ചക്ക് ഒന്നിന് ആത്മീയ പ്രഭാഷണം, വൈകുന്നേരം നാലിന് ചരിത്ര പഠനം, അഞ്ചിന് മലപ്പുറം ശുഹദാ മഖാം സിയാറത്ത്, വൈകുന്നേരം ആറിന് വിര്‍ദുലത്വീഫ് തുടര്‍ന്ന് ഇഫ്ത്വാര്‍, തസ്ബീഹ് നിസ്‌കാരം, തറാവീഹ്, വിത്റ്, വിത്രിയ്യ, ഖുത്വുബിയ്യത്ത് തുടങ്ങിയവയും നടക്കും.
പ്രാര്‍ത്ഥനാ സംഗമ ദിനമായ നാളെ പുലര്‍ച്ചെ 5.30ന് ഹദീസ് പഠനത്തോടെ പ്രാര്‍ത്ഥനാ ദിന പരിപാടികള്‍ക്ക് തുടക്കമാവും. തുടര്‍ന്ന് രാവിലെ ആറിന് തജ്വീദ് പഠനം, പത്തിന് അസ്മാഉല്‍ ഹുസ്ന, ഉച്ചക്ക് ഒന്നിന് അസ്മാഉല്‍ ബദ്ര്‍, വൈകുന്നേരം നാലിന് ആരോഗ്യ ബോധവല്‍ക്കരണം, ആറിന് വിര്‍ദുലത്വീഫ്, ഇഫ്ത്വാര്‍, തസ്ബീഹ് നിസ്‌കാരം, തറാവീഹ്, വിത്റ് എന്നിവ നടക്കും.
രാത്രി പത്തിന് പ്രാര്‍ത്ഥനാ സംഗമത്തിന്റെ പ്രധാന ചടങ്ങുകള്‍ ആരംഭിക്കും. പ്രവാചകരുടെ പ്രകീര്‍ത്തനമായ സ്വലാത്ത്, പാപമോചന പ്രാര്‍ത്ഥന, പുണ്യപുരുഷന്മാരെയും മഹത്തുക്കളെയും സ്മരിക്കുന്ന സ്ത്രോത്രങ്ങള്‍, തഹ്ലീല്‍, തൗബ, സമാപന പ്രാര്‍ത്ഥന എന്നിവ നടക്കും.

Sharing is caring!