കനോലി കനാല്‍ മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കും: മുഖ്യമന്ത്രി
താനൂര്‍: മാലിന്യത്തിന്റെ അളവ് ക്രമാതീതമായി ഉയര്‍ന്ന് പൊതുജനാരോഗ്യത്തിന് ഗുരുതരമായ ഭീഷണി ഉയര്‍ത്തുന്ന കനോലി കനാല്‍ ശുദ്ധീകരിക്കാനും മാലിന്യനിര്‍മ്മാര്‍ജ്ജനത്തിനും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കുമെന്നും ഇതിനായി മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. കനോലികനാല്‍ നവീകരണവുമായി ബന്ധപ്പെട്ട് താനൂര്‍ എം.എല്‍.എ വി.അബ്ദുറഹിമാന് അവതരിപ്പിച്ച ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
കോഴിക്കോട്, മലപ്പുറം, തൃശ്ശൂര്‍, എറണാകുളം ജില്ലകളെ ബന്ധിപ്പിച്ച് നിരവധി പദ്ധതികള്‍ ഒരേ സമയം കടന്നു പോയിരുന്ന കനോലി കനാല്‍ കയ്യേറ്റങ്ങളെ തുടര്‍ന്ന് ഒഴുക്ക് നിലച്ച വെറുമൊരു നീര്‍ച്ചാലായി മാറിയെന്നും, കനാലിന്റെ തീരങ്ങളിലെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളില്‍ നിന്നും കനാലിലേക്ക് നേരിട്ട് മാലിന്യം തള്ളുന്ന അവസ്ഥയാണുള്ളതെന്നും കനാലിലെ മാരക വിഷാംശമുള്ള മാലിന്യങ്ങള്‍ സമീപത്തെ ജലസ്രോതസ്സുകളായ കിണര്‍, തോട്, കുളം എന്നിവയെ മാലിന്യവാഹകരാക്കി മാറ്റിയിരിക്കുകയാണെന്നും ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തില്‍ വിശദീകരിച്ചു. കനാലിലെ ആറായിരത്തോളം സാംമ്പിളുകള്‍ ജിയോഗ്രാഫിക് ഇന്‍ഫര്‍മേഷന്‍ സിസ്റ്റം ഉപയോഗിച്ച് പരിശോധിച്ചതില്‍ ലോകാരോഗ്യ സംഘടന സ്റ്റാന്റേര്‍ഡ് പ്രകാരം അനുവദനീയമായതിലും എത്രയോ ഇരട്ടി മാലിന്യമാണ് അടിഞ്ഞുകൂടിയതായി കണ്ടെത്തിയത്. കനോലികനാലിന്റെ ഉപരിതലത്തിലും അടിത്തട്ടിലും അടിഞ്ഞുകൂടിയിട്ടുള്ള മാലിന്യക്കൂമ്പാരം കേട്ടുകേള്‍വി പോലുമില്ലാത്ത രോഗങ്ങളടക്കം പടരുന്നു. ഇക്കാലത്ത് ജനത്തിന് ഭയവും ആശങ്കയും ഉളവാക്കുന്നതായി ശ്രദ്ധ ക്ഷണിക്കല്‍ പ്രമേയത്തിലൂടെ എം.എല്‍.എ അറിയിച്ചു.
ചാലുകള്‍ കനാലിലേക്ക് ചേരുന്ന ഭാഗങ്ങളില്‍ ബാര്‍ സ്ക്രീന്‍, ഇന്റര്‍സെപ്റ്ററുകള്‍ എന്നിവ ഏര്‍പ്പെടുത്തുക, കനാല്‍ കൃത്യമായ ഇടവേളകളില്‍ വൃത്തിയാക്കുക, കനാലിനിരുവശവും വെര്‍ട്ടിക്കല്‍ സ്ക്രീന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയവയാണ് ആക്ഷന്‍ പ്ലാനില്‍ ഉള്‍പ്പെടുത്താനുള്ള പ്രധാന നിര്‍ദ്ദേശങ്ങള്‍ എന്ന് മുഖ്യമന്ത്രി അറിയിച്ചു. വാണിജ്യ സമുച്ചയങ്ങള്‍, റെസ്റ്റോറന്റുകള്‍ മറ്റുസ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള മലിനജലം പബ്ലിക് ഡ്രൈനേജുകളിലൂടെ കനാലിലേക്ക് എത്തിച്ചേരുന്നത് തടയാന്‍ സമീപപ്രദേശങ്ങളിലെ എല്ലാ സ്ഥാപനങ്ങള്‍ക്കും പ്രാഥമിക വേസ്റ്റ് വാട്ടര്‍ ട്രീറ്റ്മെന്റ് സിസ്റ്റം ഏര്‍പ്പെടുത്താനും പദ്ധതിയുണ്ട്.
കാക്കത്തുരുത്ത് മുതല്‍ പയ്യോളി വരെയുള്ള ദേശീയ ജലപാത മൂന്നാംറീച്ചായ കനോലികനാലിന്റെ നിര്‍മ്മാണപ്രവര്‍ത്തനം ഇന്‍ലാന്റ് വാട്ടര്‍വെയ്സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നതെന്നും ഇതിന്റെ വിശദമായ പഠനവും പ്രൊജക്റ്റ് റിപ്പോര്‍ട്ടും തയ്യാറാക്കി വരികയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
RECENT NEWS
കർദിനാൾ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസ നേർന്ന് തങ്ങൾ
മലപ്പുറം: കത്തോലിക്ക സഭയുടെ കര്‍ദിനാളായി ചുമതലയേറ്റ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോര്‍ജ് ജേക്കബ് കൂവക്കാടിന് ആശംസകള്‍ നേര്‍ന്ന് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍. കഴിഞ്ഞയാഴ്ച അദ്ദേഹത്തെ വത്തിക്കാനില്‍ വെച്ച് കാണാനും സംസാരിക്കാനുമെല്ലാമുള്ള [...]