കാറ്റും മഴയും; മലപ്പുറം ജില്ലയില്‍ വ്യാപക നാശനഷ്ടം

കാറ്റും മഴയും; മലപ്പുറം ജില്ലയില്‍ വ്യാപക നാശനഷ്ടം

മലപ്പുറം: ശക്തമായ കാറ്റും മഴയും മലപ്പുറം ജില്ലയില്‍ വ്യാപക നാശനഷ്ടം വിതച്ചു. ഇന്നലെ ഉച്ച തിരിഞ്ഞ് വീശിയ കാറ്റ് മഞ്ചേരിയിലും പരിസര പ്രദേശങ്ങളിലും കനത്തനാശം വിതച്ചു. പൂക്കോട്ടൂര്‍ വെള്ളുവമ്പ്രത്ത് പണ്ടാരപ്പെട്ടി കോയയുടെ വീട് ഭാഗികമായി തകര്‍ന്നു. വീടിന് മുകളില്‍ മരം വീണാണ് വീട് തകര്‍ന്നത്. എടവണ്ണ ചെമ്പ്ര രാധ, കുമ്മങ്ങാടന്‍ റസിയ എന്നിവരുടെ വീടുകളുടെ മുകളിലേക്ക് തെങ്ങ് വീണു.് ഇരു വീടുകളും ഭാഗികമായി തകര്‍ന്നിട്ടുണ്ട്. മഞ്ചേരി ടൗണിലും, പരിസരങ്ങളിലും ഒട്ടേറെ വൈദ്യുതി തൂണുകള്‍ വീണു. നാശനഷ്ടം കണക്കാക്കിയിട്ടില്ലന്ന് ഏറനാട് താലൂക്ക് ഓഫീസ് അധികൃതര്‍ പറഞ്ഞു. മഞ്ചേരി മിനിസിവില്‍സ്റ്റേഷന്‍ ഓഫീസിലടക്കം വിവിധ സ്ഥലങ്ങളില്‍ ഇന്നലെ നടന്ന രക്ഷാ പ്രവര്‍ത്തനങ്ങള്‍ മഞ്ചേരി അഗ്‌നിശമന സേനയുടെ നേതൃത്വത്തിലാണ് നടത്തിയത്.
ചെങ്ങരയില്‍ പ്ലാവ് കടപുഴകി റോഡില്‍ വീണ് ഗതാഗതം ഏറെ നേരം തടസ്സപ്പെട്ടു. തുറക്കല്‍ കീഴിശ്ശേരി റോഡില്‍ തെങ്ങ് കടപുഴകി വീണ്ട് വൈദ്യുതി വിതരണം തകരാറിലായി. ജെ ടി എസ്സിടനുത്ത് പിഎന്‍എ ജങ്ഷനില്‍ റോഡിനു കുറുകെ ചീനി മരം കടപുഴകി വീണ് ഇലക്ട്രിക് പോസ്റ്റും ലൈനുകളും തകര്‍ന്നു. പാണ്ടിക്കാട്, കാവനൂര്‍, തൃക്കലങ്ങോട്, പയ്യനാട് ഭാഗങ്ങളിലും മരങ്ങള്‍ വീണ് വ്യാപകമായ നാശ നഷ്ടങ്ങളുണ്ടായി.

കാറ്റും മഴയും : മിനി സിവില്‍സ്റ്റേഷന്‍ മേല്‍ക്കൂര തകര്‍ന്നു
മഞ്ചേരി: ഇന്നലെ ഉച്ചയോടെ ആഞ്ഞു വീശിയ ശക്തമായ കാറ്റിലും മഴയിലും മഞ്ചേരി കച്ചേരിപ്പടി മിനി സിവില്‍ സ്റ്റേഷന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. രണ്ടാം ശനിയായതിനാല്‍ ഓഫീസില്‍ ജീവനക്കാരും പൊതുജനങ്ങളും ഇല്ലാത്തതിനാല്‍ വന്‍ദുരന്തം ഒഴിവായി. ഇരുമ്പു നിര്‍മ്മിത മേല്‍ക്കൂര കാറ്റില്‍ ഉയര്‍ന്ന ശേഷം വീഴുകയായിരുന്നു. മേല്‍ക്കുര പോയതോടെ ചരക്കു സേവന നികുതി കാര്യാലയത്തിലെ റെക്കോര്‍ഡ് റൂമില്‍ സൂക്ഷിച്ച ഫലയുകള്‍ നനഞ്ഞു കുതിര്‍ന്നു. മേല്‍കൂരയുടെ കാലുകള്‍ ഉറപ്പിച്ച കോണ്‍ക്രീറ്റ് അടിത്തറകള്‍ കടപുഴകി മേല്‍ക്കൂരക്ക് മുകളിലേക്ക് തെറിച്ചു. മറ്റൊരെണ്ണം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസിനായി നിര്‍മ്മിക്കുന്ന കോണ്‍ഫറന്‍സ് ഹാളിന്റെ മുകളിലേക്കും വീണു. ഇവിടെയുണ്ടായിരുന്ന തൊഴിലാളികള്‍ ശബ്ദം കേട്ട് ഓടി രക്ഷപ്പെടുകയായിരുന്നു. അരിക്കോട് സ്വദേശി സജ്ജാദാണ് അഞ്ചു ലക്ഷം രൂപക്ക് കോണ്‍ഫറന്‍സ് ഹാള്‍ നിര്‍മ്മാണത്തിന് കരാര്‍ ഏറ്റെടുത്തിട്ടുള്ളത്.
സംഭവ സ്ഥലത്തെത്തിയ പൊതുമരാമത്ത് വകുപ്പ് കെട്ടിട വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഷിനി, ഓവര്‍സീര്‍ സാഹിറ ബാനു എന്നിവരാണ് മഞ്ചേരി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുന്നത്. അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ പി ടി ഉമ്മര്‍, ലീഡിംഗ് ഫയര്‍മാന്‍ എന്‍ ആര്‍ സുരേഷ്, ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ കെ എം സുരേഷ് കുമാര്‍, ഫയര്‍മാന്മാരായ അബ്ദുല്‍ റഫീഖ്, രഘുരാജ്, ഡ്രൈവര്‍ സൈനുല്‍ ആബിദ്, ഹോംഗാര്‍ഡ് ശ്രീധരന്‍ എന്നിവരുടെ നേതൃത്വത്തില്‍ എത്തിയ ഫയര്‍ ആന്റ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കി.

Sharing is caring!