മനാഫ് വധക്കേസില്‍ എം.എല്‍.എയുടെ അനന്തിരവന്‍മാര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നേട്ടീസിറക്കും

മനാഫ് വധക്കേസില്‍ എം.എല്‍.എയുടെ അനന്തിരവന്‍മാര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നേട്ടീസിറക്കും

നിലമ്പൂര്‍: പി. വി അന്‍വര്‍ എം.എല്‍.എ പ്രതിയായ യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ ഓട്ടോ ഡ്രൈവര്‍ പള്ളിപ്പറമ്പന്‍ മനാഫ് വധക്കേസില്‍ അന്‍വറിന്റെ രണ്ടു സഹോദരീപുത്രന്‍മാരടക്കം നാലു പ്രതികള്‍ക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ നടപടിയെടുക്കുമെന്ന് എടവണ്ണ എസ്.ഐ മഞ്ചേരി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി. അതേസമയം പ്രതികളെ പിടികൂടാന്‍ ഹര്‍ജി നല്‍കാന്‍ കൊല്ലപ്പെട്ട മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന് അവകാശമില്ലെന്ന വിചിത്രവാദം പ്രോസിക്യൂഷന്‍ കോടതിയില്‍ ഉയര്‍ത്തി. വിദേശത്തുള്ള പ്രതികളെ പിടിക്കാന്‍ ലുക്കൗട്ട് നോട്ടീസിറക്കണമെന്ന ആവശ്യം അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ബി. ഉമ്മര്‍ ഉയര്‍ത്തിയതുമില്ല. പ്രതികള്‍ക്കുവേണ്ടിയാണോ പ്രോസിക്യൂട്ടര്‍ വാദിക്കുന്നതെന്ന് മനാഫിന്റെ അഭിഭാഷകന്‍ ചോദിച്ചു. കേസ് 12ന് കോടതി വീണ്ടും പരിഗണിക്കും.

മനാഫിനെ കൊലപ്പെടുത്തി 23 വര്‍ഷം കഴിഞ്ഞിട്ടും ഒന്നാം പ്രതിയടക്കം നാലു പ്രധാനപ്രതികളെ അറസ്റ്റു ചെയ്യാത്തതിനാലാണ് മനാഫിന്റെ സഹോദരന്‍ കോടതിയെ സമീപിച്ചത്. ലുക്കൗട്ട് നോട്ടീസിറക്കി പ്രതികളെ പിടികൂടണമെന്ന ആവശ്യവുമായി പ്രോസിക്യൂഷനെ സമീപിച്ചെങ്കിലും നടപടിയെടുക്കാഞ്ഞതോടെയാണ് ഇക്കഴിഞ്ഞ് 30ന് മഞ്ചേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയത്. ഹര്‍ജിയില്‍ കോടതിയോട് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടു തവണ സമയം തേടിയ പോലീസ് ഇന്നലെ നാലു പ്രതികളും വിദേശത്താണെന്ന റിപ്പോര്‍്ട്ട് സമര്‍പ്പിച്ചു.
എടവണ്ണ മുണ്ടേങ്ങര മാലങ്ങാടന്‍ ഷെഫീഖ് (40), സഹോദരന്‍ മാലങ്ങാടന്‍ ഷെരീഫ് (45), നിലമ്പൂര്‍ ജനതപ്പടി മുനീര്‍, വാഴക്കാട് എളമരം കബീര്‍ എന്നിവര്‍ വിദേശത്താണെന്നും ഇവരെ പിടികൂടാന്‍ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കാന്‍ നടപടി സ്വീകരിക്കുമെന്നുമാണ് എടവണ്ണ എസ്.ഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. അതേസമയം പോലീസ് റിപ്പോര്‍ട്ടില്‍ രണ്ടു പ്രതികളുടെ വയസും വിലാസം പോലുമില്ല.
1995 ഏപ്രില്‍ 13നാണ് പി.വി അന്‍വറിന്റെ വീടിന് വിളിപ്പാടകലെ എടവണ്ണ ഒതായി അങ്ങാടിയില്‍ നടുറോഡില്‍ മനാഫ് ദാരുണമായി കൊല്ലപ്പെടുന്നത്. കേസില്‍ രണ്ടാം പ്രതിയായിരുന്നു പി.വി അന്‍വര്‍ എം.എല്‍.എ. ഒന്നാം സാക്ഷി കൂറുമാറിയതിനെ തുടര്‍ന്നാണ് അന്‍വര്‍ അടക്കമുള്ള 21 പ്രതികളെയും മഞ്ചേരി ജില്ലാ സെഷന്‍സ് കോടതി വെറുതെവിട്ടത്. കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായിരുന്ന ഇന്നത്തെ ഡി.ജി.പി (ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍) സി. ശ്രീധരന്‍നായര്‍ പ്രതിഭാഗവുമായി ഒത്തുകളിച്ചാണ് അന്‍വര്‍ എം.എല്‍.എ അടക്കമുള്ള പ്രതികളെ വെറുതെവിട്ടതെന്നാണ് മനാഫിന്റെ ബന്ധുക്കളുടെ ആരോപണം. പ്രതികളെ വെറുതെവിട്ട സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന സര്‍ക്കാരിന്റെ അപ്പീലും മനാഫിന്റെ സഹോദരന്‍ അബ്ദുല്‍ റസാഖിന്റെ റിവിഷന്‍ ഹര്‍ജിയും ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Sharing is caring!