ഫെയ്സ്ബുക്കിലെ അഭിപ്രായപ്രകടനങ്ങളും നിരീക്ഷണങ്ങളും പുസ്തകമാക്കി മന്ത്രി കെ.ടി ജലീല്‍

ഫെയ്സ്ബുക്കിലെ അഭിപ്രായപ്രകടനങ്ങളും  നിരീക്ഷണങ്ങളും  പുസ്തകമാക്കി മന്ത്രി കെ.ടി ജലീല്‍

മലപ്പുറം: മന്ത്രി ഡോ.കെ.ടി.ജലീല്‍ കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ ഫെയ്സ്ബുക്കില്‍ നടത്തിയ അഭിപ്രായപ്രകടനങ്ങളും നിരീക്ഷണങ്ങളും ‘എന്റെ മുഖപുസ്തക ചിന്തകള്‍’ എന്ന പേരില്‍ പുസ്തകമായി പ്രസിദ്ധീകരിക്കുന്നു. 300 പേജുള്ള പുസ്തകം കോഴിക്കോട് ഗ്രാന്‍മ ബുക്സാണ് പ്രസിദ്ധീകരിക്കുന്നത്.

ഫെയ്സ്ബുക്കിലെഴുതിയ നിരീക്ഷണങ്ങളും അഭിപ്രായപ്രകടനങ്ങളും പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നതിനെ കുറിച്ച് ഡോ.കെ.ടി.ജലീല്‍ അഭിപ്രായപ്പെടുന്നത് ഇങ്ങനെ: ‘നമ്മുടെ ആശയങ്ങളും ചിന്തകളും മറ്റൊരാളുടെ ദാക്ഷ്യണ്യത്തിന് കാത്തുനില്‍ക്കാതെ ജനങ്ങളെ അറിയിക്കാന്‍ ഏറ്റവും നല്ല മാധ്യമമാണ് സോഷ്യല്‍ മീഡിയ, പ്രത്യേകിച്ച് ഫേസ്ബുക്ക് . പരമയോഗ്യരായിരുന്നിട്ടും പലതരം അവഗണനകളാല്‍ തിരശ്ശീലക്കു പിന്നിലായിപ്പോയ എത്രയെത്ര പ്രതിഭകളാണ് സാമൂഹ മാധ്യമങ്ങളിലൂടെ ലോകത്തിന്റെ കാഴ്ചവട്ടത്തെത്തിയത്. പൊതുപ്രവര്‍ത്തകര്‍ക്കെതിരെ യാതൊരടിസ്ഥാനവുമില്ലാതെ ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക്, ദൃശ്യ ശ്രാവ്യ മാധ്യമ മുതലാളിമാരുടെയും റിപ്പോര്‍ട്ടര്‍മാരുടെയും ‘കത്രിക’ പ്രയോഗത്തിന് വിധേയമാകാതെ , വസ്തുനിഷ്ഠവും സത്യസന്ധവുമായ മറുപടി നല്‍കാനും കാര്യങ്ങളുടെ നിജസ്ഥിതി ജനങ്ങളെ അറിയിക്കാനും ‘മുഖപുസ്തക’ ത്തോളം യോജ്യമായ മാര്‍ഗ്ഗം വേറെയുണ്ടോ എന്നത് സംശയമാണ് . സമൂഹത്തിന്റെ എല്ലാ തുറകളിലുള്ളവര്‍ക്കും പ്രാപ്യമായ ഫേസ്ബുക്കില്‍ , കഴിഞ്ഞ നാല് വര്‍ഷത്തിനിടയില്‍ കണ്ടതും കേട്ടതുമായ ചുറ്റുവട്ടത്തെ വിവിധ വിഷയങ്ങളില്‍ നടത്തിയ അഭിപ്രായ പ്രകടനങ്ങളിലും നിരീക്ഷണങ്ങളിലും കാലവേലികളെ മറികടന്ന് , പ്രസക്തമായി നില്‍ല്‍ക്കുന്നുവെന്ന് തോന്നിയ പ്രതികരണങ്ങളുടെ സമാഹാരമാണ് ഈ കൃതി .

മതസാംസ്‌കാരിക കാര്യങ്ങളുമായി ബന്ധപ്പെട്ട ആശയങ്ങള്‍ ‘സാംസ്‌കാരികം’ എന്ന തലക്കെട്ടിലും , രാഷ്ടീയ കാര്യങ്ങളിലെ വിശകലനങ്ങള്‍ ‘രാഷ്ട്രീയം’ എന്ന ഭാഗത്തും , ജനങ്ങള്‍ക്ക് അനുഭവേദ്യമായ ഭൗതിക നേട്ടങ്ങളുമായി ബന്ധപ്പെടുന്ന ചിന്തകള്‍ ‘വികസനം’ എന്ന ടൈറ്റിലിന് കീഴിലുമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നത് . ഇങ്ങിനെയൊരു ചിട്ടപ്പെടുത്തല്‍ വേണ്ടി വന്നതിനാല്‍ പോസ്റ്റ് ചെയ്തതിലെ കാലക്രമം പാലിക്കാന്‍ പ്രയാസമാകുമെന്ന് പറയേണ്ടതില്ലല്ലോ ? അത് കൊണ്ട്തന്നെ എഴുതിയ തിയ്യതി ഒഴിവാക്കിയാണ് ചെറുതലക്കെട്ടുകളിട്ട് ഓരോന്നും ഓരോ അദ്ധ്യായങ്ങളെന്ന രൂപേണ പുസ്തകത്തില്‍ ഉള്‍കൊള്ളിച്ചിട്ടുള്ളത് .

നേരത്തെയുണ്ടായിരുന്ന അക്കൗണ്ട് വെരിഫൈഡ് പേജായി മാറിയപ്പോള്‍ അതുവരെയുണ്ടായിരുന്ന പോസ്റ്റുകളെല്ലാം മാഞ്ഞു പോയി . അതിനാല്‍ കഴിഞ്ഞ നാല് വര്‍ഷത്തേതു മാത്രമേ ഇതിന്റെ ഭാഗമാക്കാന്‍ കഴിഞ്ഞിട്ടുള്ളു . നേരെച്ചൊവ്വേ വസ്തുതകള്‍ പറയാന്‍ പലപ്പോഴും പരമ്പരാഗത വളയങ്ങള്‍ ഭേദിക്കേണ്ടി വന്നിട്ടുണ്ട് . അത്തരം സന്ദര്‍ഭങ്ങളില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിച്ച എതിര്‍പ്പുകള്‍ ബന്ധപ്പെട്ട കോണുകളില്‍ നിന്ന് ഉണ്ടായില്ലെന്നത് , നാടാകെ കൈവരിച്ച ബൗദ്ധിക പുരോഗതിയെയാണ് സൂചിപ്പിക്കുന്നത് . പറയുകയും എഴുതുകയും ചെയ്യുന്ന അഭിപ്രായങ്ങള്‍ ശരിയാണെന്ന ഉത്തമ വിശ്വാസം നമുക്കുണ്ടെങ്കില്‍ , ആരെയും കൂസാതെ ഏത് സംഭവങ്ങളെയും വിശകലന വിധേയമാക്കാനാകും . മടിയില്‍ കനമില്ലെങ്കില്‍ ഒരാളെയും കൂസേണ്ടതില്ലെന്ന് പഴമക്കാര്‍ പറയുന്നത് വെറുതെയല്ല. എന്റെ വിശകലനങ്ങളെ ലൈക്ക് ചെയ്തവരും ഷെയര്‍ ചെയ്തവരും അനുകൂലമായി കമന്റ് ചെയ്തവരും നല്‍കിയ പ്രചോദനം വിലമതിക്കാനാകുന്നതല്ല. പോസ്റ്റിന് താഴെ സഭ്യമായും അസഭ്യം ചൊരിഞ്ഞും വിമര്‍ശന ശരങ്ങളെയ്ത അറിയുന്നവരും അറിയാത്തവരുമായ സ്നേഹിതന്‍മാര്‍ , ഒരണുമണിത്തൂക്കം പോലും എന്റെ നിലപാടില്‍നിന്ന് പിന്തിരിയാന്‍ കാരണക്കാരായിട്ടില്ല . തന്നെയുമല്ല അവരുടെ രൂക്ഷമായ എതിര്‍പ്പ് പകര്‍ന്ന ആവേശവും പോരാട്ട വീര്യവും അളവറ്റതാണ് താനും. നന്ദി പറയാന്‍ ഇനിയും നിരവധി പേരുണ്ട് . വിസ്താരഭയത്താല്‍ അതിന് മുതിരുന്നില്ല’-കെ.ടി.ജലീല്‍ പറയുന്നു.

ജലീല്‍ എഴുതിയ മൂന്നാമത്തെ പുസ്തകമാണ് ഇത്. അനുകാലികങ്ങളില്‍ എഴുതിയ ലേഖനങ്ങള്‍ സമാഹരിച്ച് തയ്യാറാക്കിയ ‘ഒരു കൊടുങ്കാറ്റായ ന്യൂനപക്ഷ രാഷ്ട്രീയം’ ആണ് ഡോ.കെ.ടി.ജലീലിന്റെ ആദ്യ കൃതി. ഗവേഷണ പ്രബന്ധം ‘മലബാര്‍കലാപം ഒരു പുനര്‍വായന’ രണ്ടാം കൃതിയാണ്. മൂന്നാമത്തെ പുസ്തകമാണ് ‘ എന്റെ മുഖപുസ്തക ചിന്തകള്‍ ‘.ആഗസ്റ്റ് ആദ്യവാരം പുസ്തകം പ്രസിദ്ധീകരിക്കും.

Sharing is caring!