ഇതിഹാസത്തിന്റെ കഥ പറയുന്ന പുല്ലാര പള്ളി

ഇതിഹാസത്തിന്റെ  കഥ പറയുന്ന  പുല്ലാര പള്ളി

ഏറെ പറയാനുണ്ട് ഈ നാടിനെ കുറിച്ചും ഈപള്ളിയെ കുറിച്ചും. ഏറനാടിന്റെ ചരിത്രമുള്‍ക്കൊള്ളുന്നതും 1921 ലെ മലബാര്‍ കലാപങ്ങളില്‍ പങ്കാളികളുമായ പ്രദേശമാണ് പുല്ലാനൂര്‍ എന്നറിയപ്പെടുന്ന പുല്ലാര. ശുഹദാക്കളുടെ ജന്മം കൊണ്ടും കര്‍മം കൊണ്ടും അനുഗ്രഹീതമായ നാട്. പരീക്ഷണങ്ങളുടെ തീച്ചൂളകളെ പട്ടുമെത്തയാക്കിയ ധീരയോദ്ധാക്കളെ ഇന്ന് വീണ്ടും ഒരു ഓര്‍മപ്പെടുത്തുന്നു. മുന്നൂറോളം വര്‍ഷങ്ങള്‍ക്കപ്പുറം റമദാന്‍ 23ാം രാവില്‍ ശത്രുക്കള്‍ പള്ളി തകര്‍ക്കാന്‍ വരുമെന്ന കിംവദന്തി പരന്നതിനാല്‍ പുല്ലാനൂര്‍ ദേശവാസികള്‍ പള്ളി കാക്കാനായി നിലയുറപ്പിച്ചിരുന്നു. അത്താഴം കഴിക്കാന്‍ അവരവരുടെ വീടുകളില്‍ പോയപ്പോള്‍ അല്‍പനേരം ആളൊഴിഞ്ഞു. ഈ വിവരമറിഞ്ഞ ശത്രുക്കള്‍ പള്ളിയില്‍ കയറിക്കൂടി. ആയുധധാരികളായ ശത്രുസൈന്യം കതകുകള്‍ കൊട്ടിയടച്ചു. ഇവിടം അഗ്‌നിക്കിരയാക്കലായിരുന്നു അവരുടെ ലക്ഷ്യം.
തല്‍സമയം വീട്ടില്‍ അത്താഴം കഴിച്ച് കൊണ്ടിരിക്കുന്ന ധീരനായ കോലന്തൊടി പോക്കര്‍ മൂപ്പന്‍ ഈ വിവരമറിഞ്ഞു. സ്വന്തക്കാരോട് യാത്ര പറഞ്ഞു അദ്ദേഹം പള്ളിയിലേക്ക് ഓടിയടുത്തു. അകത്തു കടക്കാനുള്ള വാതിലുകളെല്ലാം അടഞ്ഞുകിടക്കുന്നു. അവസാനം ഹൗളില്‍നിന്ന് വെള്ളമൊഴിക്കുന്ന പഴുതിലൂടെ കഷ്ടിച്ച് അകത്ത് കടന്നു. തന്ത്രശാലിയായ അദ്ദേഹം പെട്ടെന്ന് വിളക്കണച്ചു. ശത്രുക്കളെ തുരത്തുവാന്‍ തുടങ്ങി. മൈത്രിയിലും മമതയിലും നാളിതുവരെ ജീവിച്ചു പോന്ന തദ്ദേശീയരായവര്‍ക്കിടയില്‍ വര്‍ഗീയതയുടെ വിള്ളലുണ്ടാക്കാന്‍ കടന്നുവന്ന അന്യദേശക്കാരെ പോക്കര്‍ മൂപ്പന്‍ കൈകാര്യം ചെയ്തു. കാര്യമറിയാതെ ഇരുട്ടില്‍ തപ്പിയ ശത്രുക്കള്‍ പരസ്പരം വെട്ടാന്‍ തുടങ്ങി. ശത്രുനിരയിലെ ഒരുപാട് ജീവനുകള്‍ അങ്ങിനെ പൊലിഞ്ഞു. പള്ളിയെ അക്രമിക്കാനൊരുങ്ങുന്ന ശത്രുവിന്റെ ഗൂഢതന്ത്രം പ്രദേശത്തുക്കാരെ അറിയിക്കാന്‍ പോക്കര്‍ മൂപ്പന്‍ പള്ളിക്ക് മുകളില്‍ കയറി ഉച്ചത്തില്‍ ബാങ്ക് മുഴക്കി.
അപ്പോഴാണ് ശത്രുക്കള്‍ അദ്ദേഹത്തെ കാണുന്നത്. കണ്ടയുടനെ ആഞ്ഞുവെട്ടി. ചേതനയറ്റ ശരീരം അവര്‍ പള്ളിയുടെ വടക്കു വശത്തുള്ള കിണറ്റില്‍ എറിഞ്ഞു. അങ്ങിനെ ആ വീരേതിഹാസം രക്തസാക്ഷിത്വം വരിച്ചു. അദ്ദേഹത്തിന്റെ ഉച്ചത്തിലുള്ള ബാങ്ക് വിളിയാളം കേട്ട് പന്തിയല്ലെന്ന് തോന്നിയ ഏതാനും പേര്‍ വേഗത്തില്‍ ഓടിയെത്തി. ചമ്പക്കുളം, പന്തപ്പിലാക്കല്‍, ചപ്പത്തൊടി, പള്ളിയാളിത്തൊടി തുടങ്ങിയ കുടുംബങ്ങളിലെ സൂഫി, കോയാമുട്ടി, കുട്ടിയമ്മു, മുഹ്യുദ്ദീന്‍കുട്ടി തുടങ്ങിയവരാണവര്‍. ശത്രുക്കളെ കണ്ട അവര്‍ ചാടി വീണു. ധൈര്യത്തോടെ പൊരുതി. അവസാനം അവരെല്ലാവരും നാഥന്റെ വഴിയില്‍ ധീരരക്തസാക്ഷികളായി.
ശേഷിച്ച ശത്രുക്കള്‍ പള്ളിക്ക് തീവച്ച് ജീവനും കൊണ്ടോടിപ്പോയി. നേരം പുലര്‍ന്നു വാര്‍ത്ത കാട്ടുതീ പോലെ പടര്‍ന്നു വമ്പിച്ച ജനാവലി പള്ളിപ്പരിസരത്ത് ഒത്തുക്കൂടി. മരണപ്പെട്ടവരെ പള്ളിയോട് ചേര്‍ന്ന് മറവ് ചെയ്തു. ഏറനാട്ടില്‍ ആദ്യമായി നിര്‍മിച്ച വിശുദ്ധഭവനം തകര്‍ക്കാന്‍ വന്ന ഛിദ്ര ശക്തികള്‍ക്കെതിരേ വിശ്വാസായുധം കൊണ്ട് നേരിട്ട് ജീവന്‍ ത്യജിച്ച പന്ത്രണ്ട് ധീര രക്തസാക്ഷികളാണ് ഇവിടം ഇന്ന് അന്തിയുറങ്ങുന്നത്.

Sharing is caring!