വ്യത്യസ്ത രീതിയില്‍ വൃക്ഷ തൈകള്‍ ഒരുക്കി ഒഴൂര്‍ പഞ്ചായത്ത്‌

വ്യത്യസ്ത രീതിയില്‍ വൃക്ഷ തൈകള്‍ ഒരുക്കി ഒഴൂര്‍ പഞ്ചായത്ത്‌

താനൂര്‍: ഗ്രാമീണ തൊഴിലുറപ്പ് കൂട്ടായ്മയുടെ നേതൃത്വത്തില്‍ വേറിട്ടൊരു പരിസ്ഥിതി ദിനാചരണ കാഴ്ച്ച. ഒഴൂര്‍ പഞ്ചായത്തിലെ വിദ്യാലയങ്ങളില്‍ നട്ടു പിടിപ്പിക്കാനുള്ള വൃക്ഷത്തൈകള്‍ ഒരുക്കിയത് ഗ്രാമീണ തൊഴിലുറപ്പ് കൂട്ടായ്മയാണ്. മൂന്ന് വാര്‍ഡുകളിലായി അമ്പത് സെന്റ് ഭൂമിയിലാണ് 25,000 വൃക്ഷത്തൈകള്‍ വളര്‍ത്തിയെടുത്തത്.

മുപ്പതോളം പേര്‍ കഴിഞ്ഞ ആറ് മാസങ്ങളായി പരിശ്രമിച്ചാണ് തൈകള്‍ തയ്യാറാക്കിയത്. ഓണക്കാട്, കതിര്‍കുളങ്ങര, കോറാട് എന്നിവിടങ്ങളിലായിരുന്നു തൊഴിലുറപ്പ് തൊഴിലാളികളുടെ നേതൃത്വത്തില്‍ നഴ്‌സറികള്‍ സജ്ജീകരിച്ചത്.

ഉറുമാമ്പഴം, മുരിങ്ങ, നെല്ലി, ആര്യവേപ്പ്, കൊടുംപുളി, വേങ്ങ, പേര, ലക്ഷ്മിതരു തുടങ്ങിയ വൃക്ഷത്തൈകളാണ് ഇവിടങ്ങളില്‍ പരിപാലിച്ചത്. പഞ്ചായത്ത് ഭരണസമിതി ഇടപെട്ട് വയനാട് നിന്നും വിത്ത് ശേഖരിച്ച് തൊഴിലുറപ്പ് സംഘങ്ങള്‍ക്ക് നല്‍കുകയായിരുന്നു. ജൈവവളമാണ് തൈകള്‍ക്ക് ഇട്ടിരുന്നത്. മൂന്ന് ലക്ഷത്തോളം രൂപയാണ് ഇതിന് ചെലവ് വന്നത്.

ഒഴൂര്‍ പഞ്ചായത്തിലെ മുഴുവന്‍ സ്‌കൂളുകള്‍, അങ്കണവാടികള്‍, തെരഞ്ഞെടുത്ത സന്നദ്ധ സേവന സംഘങ്ങള്‍, തൊഴിലുറപ്പ് തൊഴിലാളികള്‍ കുടുംബശ്രീ യൂണിറ്റുകള്‍ എന്നിവര്‍ക്ക് തൈകള്‍ വിതരണം ചെയ്തു. വരും വര്‍ഷങ്ങളില്‍ കൂടുതല്‍ തൈകള്‍ വച്ച് പിടിപ്പിച്ച് പദ്ധതി വിപുലീകരിക്കാനുള്ള ശ്രമം നടത്തുമെന്നും, കൂടുതല്‍ നഴ്‌സറികള്‍ ആരംഭിക്കുമെന്നും ഇതിലൂടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പുവരുത്താന്‍ കഴിയുമെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിത പറഞ്ഞു.

സോഷ്യല്‍ ഫോറസ്ട്രി വകുപ്പിനെ ആശ്രയിക്കാതെ തൈകള്‍ നട്ട് പിടിപ്പിക്കാനായത് വലിയ നേട്ടമായാണ് കരുതുന്നത്. വൃക്ഷത്തൈ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് കെ വി പ്രജിത നിര്‍വഹിച്ചു. തലക്കട്ടൂര്‍ ഡ്രീംലാന്റ് ക്ലബ് പ്രസിഡന്റ് സി കെ ഷിഹാബ് ഏറ്റുവാങ്ങി. വൈസ് പ്രസിഡന്റ് അഷ്‌കര്‍ കോറാട് അധ്യക്ഷനായി. സ്റ്റാന്റിംങ് കമ്മിറ്റി ചെയര്‍മാന്‍മാരായ കെ കെ ജമീല, അലവി മുക്കാട്ടില്‍, പ്രമീള മാമ്പറ്റയില്‍, സെക്രട്ടറി മോഹനന്‍ പൂഴിക്കല്‍, അസി.സെക്രട്ടറി ഒ കെ പ്രേമരാജന്‍, വാര്‍ഡംഗങ്ങളായ സി പി ഷൗക്കത്ത് ആയിഷുമ്മു മേലേത്ത്, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ എ പി ഗീത, ശാലിനി തുടങ്ങിയവര്‍ സംസാരിച്ചു.

Sharing is caring!