മലപ്പുറം ജില്ലയില്‍ നിപ ഭീതി അകലുന്നു, അവസാനം അയച്ച സാമ്പിളുകളും നെഗറ്റീവ്‌

മലപ്പുറം ജില്ലയില്‍ നിപ ഭീതി അകലുന്നു, അവസാനം അയച്ച സാമ്പിളുകളും നെഗറ്റീവ്‌

മലപ്പുറം: ജില്ലയില്‍ നിപ വൈറസ് ബാധ ഭീതിയകലുന്നു. വൈറസ് ബാധ സംശയിച്ച് അവസാനമായി പരിശോധനയ്ക്ക് അയച്ച നാലു വ്യക്തികളുടെ സാമ്പിളുകള്‍ നെഗറ്റീവണെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കെ സക്കീന അറിയിച്ചു. ഇതോടെ ഇപ്പോള്‍ നിപ ബാധ സംശയിക്കുന്ന ഒരു കേസ് പോലും ജില്ലയിലില്ലെന്ന് വ്യക്തമായി.

അതിനിടെജില്ലയില്‍ നിപ വൈറസ് വ്യാപനവുമായി ബന്ധപ്പെട്ട് വ്യാജ പ്രചരണം നടത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ അമിത് മീണ ജില്ലാ പോലീസ് മേധാവിക്ക് നിര്‍ദ്ദേശം നല്‍കി. കലക്‌ട്രേറ്റില്‍ നടന്ന നിപ ടാസ്‌ക് ഫോഴ്‌സ് യോഗത്തിലാണ് ഇതു സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തത്.

പുത്തനത്താണിയില്‍ സ്വകാര്യ പ്രാക്ടീസ് നടത്തുന്ന ഹോമിയോ ഡോക്ടര്‍ ഇസ്സാം ഇസ്മായിലിനെതിരെയാണ് പരാതി. നിപ വൈറസ് രോഗത്തിന് ഹോമിയോ വിഭാഗത്തില്‍ മരുന്ന് ലഭ്യമാണന്ന് പറഞ്ഞാണ് ഇയാള്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത്. വാട്‌സ്പ്പ്,യൂട്യൂബ്,വോയ്‌സ് മെസ്സേജ് തുടങ്ങിയവ വഴിയാണ് പ്രചാരണം നടത്തുന്നത്.

ഇതിന് പുറമെ താനൂര്‍ മുക്കോല അംമ്പേദ്ക്കര്‍ കോളനിയില്‍ നിപ വൈറസ് ബാധിച്ചിട്ടുണ്ടന്നും ഇവരെ ഒറ്റപ്പെടുത്തണമെന്ന രീതിയില്‍ വാട്‌സപ്പ് പ്രചരണം നടത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ജില്ലാകലക്ടര്‍ നിര്‍ദ്ദേശിച്ചു. ഈ കോളനിയില്‍ നിന്നുള്ള ചിലര്‍ നിപ ബാധിച്ചു മരിച്ച ഒരു വീട്ടില്‍ പോയതായി പറയുന്നതാണ് പ്രചരണത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

Sharing is caring!