പെരിന്തല്‍മണ്ണയിലെ ഗതാഗത പരിഷ്‌കാരത്തിനെതിരെ യു.ഡി.എഫ് സമര പ്രഖ്യാപനം

പെരിന്തല്‍മണ്ണയിലെ ഗതാഗത പരിഷ്‌കാരത്തിനെതിരെ യു.ഡി.എഫ് സമര പ്രഖ്യാപനം

പെരിന്തല്‍മണ്ണ: കഴിഞ്ഞ മാസം 20 മുതല്‍ പെരിന്തല്‍മണ്ണ നഗരത്തില്‍ നടപ്പിലാക്കിയ അഞ്ചാം ഘട്ട ഗതാഗത പരിഷ്‌കരണം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് സമര പ്രഖ്യാപനം. പൊതു ജനങ്ങള്‍ക്ക് ഏറെ ഉപകാരപ്രദമായിരുന്ന കോഴിക്കോട് റോഡിലെ രണ്ട് ബസ്റ്റോപ്പുകള്‍ നിര്‍ത്തലാക്കുകയും കാത്തിരിപ്പു കേന്ദ്രങ്ങള്‍ നിര്‍ത്തലാക്കുകയും ചെയ്ത നഗരസഭയുടെ നടപടി പൊതുജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യോഗം വിലയിരുത്തി. ഈ മാസം 19 മുതല്‍ ഗരസഭാ കാര്യാലയത്തിന് മുമ്പില്‍ സമരം ആരംഭിക്കും. ഒന്നാം ഘട്ടത്തില്‍ മുനിസിപ്പല്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ മുനിസിപ്പല്‍ ഓഫീസിലേക്ക് മാര്‍ച്ച് നടത്തും.

തുടര്‍ന്നുള്ള ദിവസങ്ങളില്‍ യു.ഡി.എസ്.എഫിന്റെ നേതൃത്വത്തില്‍ വിദ്യാര്‍ഥി സംഘടനകള്‍, യു.ഡി.വൈ.എഫിന്റെ നേതൃത്വത്തില്‍ യുവജന സംഘടനകള്‍, യു.ഡി.എഫ് അനുകൂല ട്രേഡ് യൂണിയനുകള്‍, വനിത സംഘടനകള്‍, പ്രവാസികള്‍, കര്‍ഷകര്‍, ദളിത് സംഘടനകള്‍, വിദ്യാര്‍ഥികള്‍ രക്ഷിതാക്കള്‍ എന്നിങ്ങനെ വ്യത്യസ്ത വിഭാഗങ്ങളുടെ നേതൃത്വത്തില്‍ സമരം നടക്കും. സമരങ്ങള്‍ക്ക് അനുകൂലമായി നഗരസഭ പ്രതികരിക്കുന്നില്ലെങ്കില്‍ രണ്ടാം ഘട്ടത്തില്‍ ഗതാഗത പരിഷ്‌കാരത്തിനെതിരായുള്ള സമരത്തില്‍ യു.ഡി.എഫുമായി സഹകരിക്കാന്‍ കഴിയുന്ന മുഴുവന്‍ സംഘടനകളുമായി ചേര്‍ന്ന് ബഹുജന മാര്‍ച്ചും നടത്താനും സമര പ്രഖ്യാപന യോഗം ആഹ്വനം ചെയ്തു.

സമരപ്രഖ്യാപന യോഗം മഞ്ഞളാംകുഴി അലി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യു.ഡി.എഫ് ചെയര്‍മാന്‍ എ.ആര്‍ ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ പച്ചീരി ഫാറൂഖ്, കെ.പി.സി.സി അംഗം വി ബാബുരാജ്, കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് എം.എം സക്കീര്‍ ഹുസൈന്‍, മുനിസിപ്പല്‍ മുസ്ലിംലീഗ് പ്രസിഡന്റ് പി.കെ മുഹമ്മദ് കോയ തങ്ങള്‍, ഐ.എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി പച്ചീരി സുബൈര്‍, കൊളക്കാടന്‍ അസീസ്, എം.കെ ഖാലിദ്, സി.എച്ച് മുസ്ഥഫ, രാജേന്ദ്രന്‍ എന്ന കൊച്ചു, ചേരിയില്‍ മമ്മി, ഹബീബ് മണ്ണേങ്ങല്‍, പത്തത്ത് ജാഫര്‍, റിയാസ്, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ നിഷാ സുബൈര്‍, റജിന ഷൈജല്‍, ഹന്ന ടീച്ചര്‍, ജംന ബിന്‍ത്, ഇ.പി അരുണ്‍, കെ.പി ആസ്യ, മൈമൂന പട്ടാണി, അലീന മറിയം എന്നിവര്‍ പങ്കെടുത്തു.

Sharing is caring!