നിലമ്പൂരിന് ആശ്വാസമേകാന്‍ എം പി ഫണ്ടില്‍ നിന്നും അത്യാധുനിക ആംബുലന്‍സ്‌

നിലമ്പൂരിന് ആശ്വാസമേകാന്‍ എം പി ഫണ്ടില്‍ നിന്നും അത്യാധുനിക ആംബുലന്‍സ്‌

നിലമ്പൂര്‍: ജില്ലാ ആശുപത്രിക്ക് പി വി അബ്ദുല്‍ വഹാബ് എം പിയുടെ ഫണ്ടില്‍ നിന്നും അനുവദിച്ച അത്യാധുനിക ആംബുലന്‍സ് കൈമാറി. ആശുപത്രി പരിസരത്ത് നടന്ന ചടങ്ങില്‍ എം പി ജില്ലാ പഞ്ചായത്ത് അധ്യക്ഷന്‍ എ പി ഉണ്ണികൃഷ്ണന് തൈക്കോല്‍ നല്‍കി ആംബുലന്‍സ് ആശുപത്രിയുടെ ഭാഗമാക്കി. എം പി ഫണ്ടില്‍ നിന്നും ആറ് ലക്ഷം രൂപ ചെലവില്‍ ആശുപത്രി കോമ്പൗണ്ടില്‍ നിര്‍മിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും ഇന്നലെ നടന്നു.

അത്യാസന്ന നിലയിലുള്ള രോഗികള്‍ക്ക് വേണ്ട എല്ലാവിധ സംവിധാനവും ആംബുലന്‍സില്‍ ഒരിക്കിയിട്ടുണ്ടെന്ന് എം പി പറഞ്ഞു. മൊബൈല്‍ ഐ സി യു ആയി തന്നെ ആംബുലന്‍സ് പ്രവര്‍ത്തിക്കും. ഇത് നിലമ്പൂരിലുള്ള രോഗികളെ വിദഗ്ധ ചികില്‍സയ്ക്ക് സമീപ നഗരങ്ങളിലെ ആശുപത്രികളിലേക്ക് മാറ്റുമ്പോള്‍ വളരെ ഉപകാരപ്രദമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാനത്ത് തന്നെ ആദ്യമായാണ് ഇത്രയും സംവിധാനങ്ങളുള്ള ആംബുലന്‍സ് ഒരു ജില്ലാ ആശുപത്രിക്ക് ലഭിക്കുന്നത്. നാല് ടെക്‌നീഷ്യന്‍മാരും, ഒരു ഡോക്ടറും ആംബുലന്‍സില്‍ സേവനത്തിനുണ്ട്. വെന്റിലേറ്റര്‍ സൗകര്യം, ഹൃദ്രോഗികള്‍ക്ക് വേണ്ട മെഡിക്കല്‍ സഹായങ്ങള്‍, അപകടത്തില്‍ പെട്ടവര്‍ക്ക് വേണ്ട അത്യാഹിത സംവിധാനങ്ങള്‍ എന്നിവയെല്ലാം ആംബുലന്‍സില്‍ ഒരുക്കിയിട്ടുണ്ട്. എം പി ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവിട്ടാണ് ആംബുലന്‍സ് സജ്ജമാക്കിയത്.

2016-17 വര്‍ഷത്തെ എം പി ഫണ്ടില്‍ നിന്നാണ് പദ്ധതിക്ക് വേണ്ട തുക അനുവദിച്ചത്. ഇതോടൊപ്പം സാധാരണ ആംബുലന്‍സ് ഒന്നും എം പി ആശുപത്രിക്ക് അനുവദിച്ചിരുന്നു. ഇത് രണ്ട് മാസം മുമ്പ് ആശുപത്രിക്ക് വിട്ട് നല്‍കിയിരുന്നു. ആറ് ലക്ഷം രൂപ ചെലവില്‍ എം പി ആശുപത്രിക്ക് അനുവദിച്ച ഹൈമാസ്റ്റ് ലൈറ്റ് ആശുപത്രി പരിസരത്ത് എത്തുന്നവര്‍ക്ക് ഉപകാരമാകും.

ജില്ലാ പഞ്ചായത്ത് അംഗം ഇസ്മയില്‍ മൂത്തേടം, ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരായ കെ മുഹമ്മദ് ഇസ്മയില്‍, ഡോ ഷിബുലാല്‍, നിലമ്പൂര്‍ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ ഹമീദ്, ആശുപത്രി വികസന സമിതി അംഗങ്ങള്‍, ജനപ്രതിനിധികള്‍ എന്നിവര്‍ സംബന്ധിച്ചു.

Sharing is caring!