റമദാനില്‍ മമ്പുറത്തേക്ക് വിശ്വാസികള്‍ ഒഴുകുന്നു

റമദാനില്‍ മമ്പുറത്തേക്ക്  വിശ്വാസികള്‍ ഒഴുകുന്നു

മമ്പുറം: മലബാറിലെ പ്രധാന തീര്‍ഥാടന കേന്ദ്രമായ മമ്പുറം മഖാമിലേക്ക് റമദാനില്‍ വിശ്വാസികളുടെ ഒഴുക്ക്. ഖുത്വുബുസമാന്‍ മമ്പുറം സയ്യിദ് അലവി തങ്ങള്‍ അന്ത്യവിശ്രമം കൊള്ളുന്ന മഖാമില്‍ എല്ലാ വ്യാഴാഴ്ചയും നടക്കുന്ന സ്വലാത്ത് പ്രസിദ്ധമാണ്.
നാടിന്റെ നാനാഭാഗങ്ങളില്‍നിന്നായി ആയിരങ്ങളാണ് ഓരോ വ്യാഴാഴ്ചയും മമ്പുറത്തേക്കൊഴുകുന്നത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പു തുടക്കമിട്ട സ്വലാത്ത് പില്‍ക്കാലത്ത് മലബാറിലെ വിശ്വാസി സമൂഹത്തിന്റെ പ്രധാന ആത്മീയ സംഗമമായി മാറുകയായിരുന്നു. മഗ്രിബ് നിസ്‌കാരത്തിനു ശേഷമാണ് സ്വലാത്ത് ആരംഭിക്കുന്നത്.

റമദാന്‍ മാസമായതിനാല്‍ മഖാമില്‍ സിയാറത്തിനെത്തുന്നവരുടെ എണ്ണവും വര്‍ധിച്ചിട്ടുണ്ട്. ഇന്നലെ ഉച്ചയോടെതന്നെ വ്രതവിശുദ്ധിയോടെ വിശ്വാസികള്‍ സ്വലാത്തില്‍ പങ്കെടുക്കാന്‍ ഒഴുകിയെത്തിയിരുന്നു. തദ്ദേശീയര്‍ക്കു പുറമേ നോമ്പുതുറയ്ക്കുള്ള ഭക്ഷണ വസ്തുക്കളും മറ്റുമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നു വാഹനങ്ങളില്‍ വിശ്വാസികളെത്തി. മഖാം കമ്മറ്റി നോമ്പുതുറ വസ്തുക്കളും ജീരകക്കഞ്ഞിയും വിതരണം ചെയ്തു.

കൂടാതെ വിവിധ വ്യക്തികളും സംഘടനകളും നോമ്പുതുറയ്ക്കുള്ള ഈത്തപ്പഴം മുതല്‍ വെള്ളം, തരിക്കഞ്ഞി തുടങ്ങിയവ വിതരണം ചെയ്തു. മമ്പുറം ഖത്വീബ് വി.പി അബ്ദുല്ലക്കോയ തങ്ങളാണ് സ്വലാത്തിനു നേതൃത്വം നല്‍കി വരുന്നത്.

Sharing is caring!