ഖുര്‍ആനിക മൂല്യങ്ങളെ പിന്തുടരുക: റശീദലി ശിഹാബ് തങ്ങള്‍

ഖുര്‍ആനിക മൂല്യങ്ങളെ പിന്തുടരുക:  റശീദലി ശിഹാബ് തങ്ങള്‍

തിരൂരങ്ങാടി: ഖുര്‍ആനിക മൂല്യങ്ങളെ പിന്തുടര്‍ന്നു ജീവിക്കാന്‍ വിശ്വാസികള്‍ തയ്യാറാകണമെന്ന് വഖ്ഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍.
ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്‌സിറ്റി പൂര്‍വ വിദ്യാര്‍ത്ഥി സംഘടന ഹുദവീസ് അസോസിയേഷന്‍ (ഹാദിയ) സംഘടിപ്പിക്കുന്ന അഞ്ചാമത് റമദാന്‍ പ്രഭാഷണ പരമ്പരയുടെ മൂന്നാം ദിനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാംസ്‌കാരിക പ്രബുദ്ധതയുള്ള സമൂഹ സൃഷ്ടിപ്പിന് മതകീയ മൂല്യങ്ങള്‍ പകര്‍ന്നു നല്‍കേണ്ടത് അനിവാര്യമാണെന്നും രാജ്യത്തെ മുസ്ലിം പിന്നോക്കാവസ്ഥക്ക് ഏക പരിഹാരം അവരെ സാക്ഷരതയുള്ളവരാക്കലാണെന്നും തങ്ങള്‍ പറഞ്ഞു.

ദാറുല്‍ഹുദാ പിജി ലക്ചറര്‍ ഇസ്ഹാഖ് ബാഖവി ചെമ്മാട് അധ്യക്ഷത വഹിച്ചു. സകാത്ത്; ഔദാര്യമോ അവകാശമോ എന്ന വിഷയത്തില്‍ മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തി.
ദാറുല്‍ഹുദാ ജന, സെക്രട്ടറി ചെമ്മുക്കന്‍ കുഞ്ഞാപ്പു ഹാജി, അബ്ദുല്‍ ഖാദിര്‍ ഫൈസി അരിപ്ര, യു. ശാഫി ഹാജി ചെമ്മാട്, ഹംസ ഹാജി മൂന്നിയൂര്‍, മുക്ര അബൂബക്കര്‍ ഹാജി തുടങ്ങിയവര്‍ സംബന്ധിച്ചു. തുടര്‍ന്ന് നടന്ന മജ്ലിസുന്നൂരിന് കോഴിക്കോട് ഖാസി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈല്‍ നേതൃത്വം നല്‍കി.

നാളെ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സിംസാറുല്‍ഹഖ് ഹുദവി പ്രഭാഷണം നടത്തും.
ഞായറാഴ്ച സമാപന സമ്മേളനം ദാറുല്‍ഹുദാ ചാന്‍സലര്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. മുസ്ഥഫ ഹുദവി ആക്കോട് പ്രഭാഷണം നടത്തും.

Sharing is caring!