നിപ; രക്ഷക്കായി പ്രത്യേകപ്രാര്‍ത്ഥന നടത്താന്‍ സമസ്തയുടെ ആഹ്വാനം

നിപ; രക്ഷക്കായി പ്രത്യേകപ്രാര്‍ത്ഥന  നടത്താന്‍ സമസ്തയുടെ ആഹ്വാനം

ചേളാരി: പതിനൊന്ന് പേരുടെ ജീവനപഹരിക്കുകയും നിരവധി പേര്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയും ചെയ്യുന്നതിന് നിമിത്തമായ നിപ്പ വൈറസ് എന്ന മാരക വിപത്തില്‍ നിന്നും രക്ഷ തേടിയുള്ള പ്രത്യേക പ്രാര്‍ത്ഥന നടത്താന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. പകര്‍ച്ച വ്യാധികള്‍ പടരാതിരിക്കാന്‍ ജനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങളുമായി പൂര്‍ണമായും സഹകരിക്കണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.
ദുരിത ബാധിതരെ സഹായിക്കുന്നതിലും ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സംഘടന പ്രവര്‍ത്തകര്‍ കര്‍മനിരതരാവണമെന്നും ഇത് സംബന്ധമായി നാളെ പള്ളികളില്‍ പ്രത്യേകം ഉല്‍ബോധനവും പ്രാര്‍ത്ഥനയും നടത്തണമെന്നും നേതാക്കള്‍ അഭ്യര്‍ത്ഥിച്ചു.

മയ്യിത്ത് നിസ്‌കരിക്കുക

മലപ്പുറം: നിപ്പ വൈറസ് ബാധ മൂലം കഴിഞ്ഞ ദിവസം മരണപ്പെട്ട പേരാമ്പ്ര ചങ്ങരോത്ത് സൂപ്പിക്കട മുഹമ്മദ് സ്വാലിഹ്, ബന്ധു മറിയം, മുഹമ്മദ് സാബിത്ത്, കോട്ടൂര്‍ തിരുവോത്ത് മയാപ്പില്‍ ഇസ്മാഈല്‍ എന്നിവര്‍ക്ക് വേണ്ടി നാളെ പള്ളികളില്‍ വെച്ച് മയ്യിത്ത് നിസ്‌കരിക്കാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അഭ്യര്‍ത്ഥിച്ചു.

Sharing is caring!