നിപ: പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറിയറ്റ്
മലപ്പുറം: നിപാ വൈറസ് ബാധയും തുടര്‍ന്നുണ്ടായ മരണങ്ങളും ജില്ലയിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പ്രവര്‍ത്തകരാകെ പ്രതിരോധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളില്‍ സജീവമാകണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു. പരിസര മലിനീകരണവും കൊതുകുകളുടെ വ്യാപനവും മൂലം ഓരോ വര്‍ഷവും കേട്ടുകേള്‍വിയില്ലാത്ത രോഗങ്ങളും പകര്‍ച്ചവ്യാധികളുമാണ് നാട്ടിലാകെ പകരുന്നത്. നിപാ വൈറസ് ബാധയെ തുടര്‍ന്നുള്ള പനിയുടെ ഉത്ഭവം ഇവിടെയല്ലെങ്കിലും നിര്‍ഭാഗ്യവശാല്‍ രോഗം ബാധിച്ച് ജില്ലയില്‍ മൂന്നുപേര്‍ മരിക്കുകയും ഒരാള്‍ക്ക് രോഗം സ്ഥിരീകരിക്കുയും ചെയ്തിട്ടുണ്ട്. രോഗത്തിന്റെ ഉത്ഭവം സംബന്ധിച്ച് വ്യത്യസ്തമായ ഊഹാപോഹങ്ങള്‍ നവമാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ടെങ്കിലും കൃത്യമായ വിവരം ഇതുവരെയും ലഭ്യമായിട്ടില്ല. കുപ്രചാരണങ്ങള്‍ക്ക് അടിമപ്പെട്ട് യഥാര്‍ഥ ചികിത്സാ രീതികളില്‍നിന്ന് ജനങ്ങളെയാകെ വ്യതിചലിപ്പിക്കുകയും ഭീതിയിലാക്കുകയുംചെയ്യുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങള്‍ ചില കോണുകളില്‍നിന്ന് ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇവരില്‍നിന്ന് ജനങ്ങളെ മോചിപ്പിക്കാനും ആശങ്കകള്‍ അകറ്റാനും സിപിഐ എം പ്രവര്‍ത്തകര്‍ രംഗത്തിറങ്ങണം.
നിപാ വൈറസിനെ കൃത്യസമയത്ത് തിരിച്ചറിയുകയും വ്യാപനം തടയാന്‍ ജാഗ്രതയോടെ ഇടപ്പെട്ടുമാണ് സംസ്ഥാന സര്‍ക്കാരും ആരോഗ്യവകുപ്പും മഹാദുരന്തത്തിന്റെ ഭീതിയില്‍നിന്ന് ജനങ്ങളെ രക്ഷിച്ചത്. രോഗംബാധിച്ചവരെ രക്ഷിക്കാന്‍ മനുഷ്യസഹജമായതെന്തും ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനവും ആരോഗ്യമന്ത്രി കെ കെ ശൈലജ, തൊഴില്‍മന്ത്രി ടി പി രാമകൃഷ്ണന് എന്നിവര്‍ പേരാമ്പ്രയില്‍ ക്യാമ്പ് ചെയ്താണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയതുമെല്ലാം പ്രശംസനീയമാണ്. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന മാനിച്ചാണ് കേന്ദ്രസംഘം രോഗം സ്ഥിരീകരിച്ച കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ചത്. ജില്ലയിലാകട്ടെ ആരോഗ്യമന്ത്രി കെ കെ ശൈലജ, സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് എന്നിവര്‍ നേരിട്ടെത്തിയാണ് പനി നിയന്ത്രണ അവലോകന യോഗങ്ങള്‍ചേര്‍ന്ന് വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയത്. രോഗംബാധിച്ചവരുടെ ജീവന് രക്ഷിക്കാന്‍ വേണ്ടത് ചെയ്യുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെങ്കില്‍ നാട്ടില്‍ പകര്‍ച്ചവ്യാധികള്‍ പടര്‍ന്നു പിടിക്കാതിരിക്കാനാവശ്യമായ മുന്‍കരുതല്‍ എടുക്കാന്‍ പാര്‍ടി പ്രവര്‍ത്തകരും ബഹുജന സംഘടനകളും പൊതു ജനങ്ങളും നേതൃത്വംനല്‍കണം. അടിയന്തരമായി പാര്‍ടി പ്രവര്‍ത്തകരുടെയും ബഹുജന സംഘടനകളുടെയും നേതൃത്വത്തില്‍ ഗൃഹസമ്പര്‍ക്ക പരിപാടികള്‍ നടത്തി ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കണം. മാലിന്യ നിര്‍മാര്‍ജന, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണം. ജനങ്ങള്‍ ബന്ധപ്പെടുന്ന ടൗണുകള്‍, ആശുപത്രികള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, സ്കൂളുകള്‍ തുടങ്ങിയവയെല്ലാം മാലിന്യമുക്തമാക്കാന്‍ ഇടപെടണമെന്നും ജില്ലാ സെക്രട്ടറിയറ്റ് അഭ്യര്‍ഥിച്ചു.
RECENT NEWS
എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: എല്‍ഡിഎഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് സിറ്റിയെ ഞെക്കി കൊന്നുവെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം എൽ എ. നഷ്ടപരിഹാരം നല്‍കുക എന്നത് വിചിത്രമായ നടപടിയാണ്. വലിയ പ്രതീക്ഷയില്‍ യുഡിഎഫ് കൊണ്ടുവന്ന പ്രൊജക്ടാണിത്. നഷ്ടപരിഹാരം നല്‍കുന്നതോടെ പരാജയം [...]