സൗദിയില്‍ സ്വര്‍ണ ഉല്‍പാദനത്തില്‍ വന്‍ വര്‍ധന

സൗദിയില്‍ സ്വര്‍ണ ഉല്‍പാദനത്തില്‍  വന്‍ വര്‍ധന

ജിദ്ദ: സഊദിയില്‍ രണ്ടു വര്‍ഷത്തിനിടെ സ്വര്‍ണ ഉല്‍പാദനത്തില്‍ 51.5 ശതമാനം വര്‍ധനവ്. ഔദ്യോഗിക കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം 7,640 കിലോ സ്വര്‍ണമാണ് ഉല്‍പാദിപ്പിച്ചത്.

2015 ല്‍ ഇത് 5,078 കിലോയും 2016 ല്‍ 6,946 കിലോയും ആയിരുന്നു. പത്തു വര്‍ഷത്തിനിടെ സ്വര്‍ണ ഉല്‍പാദനത്തില്‍ 72 ശതമാനം വര്‍ധനയുണ്ടായിട്ടുണ്ട്. 2007 ല്‍ സ്വര്‍ണ ഉല്‍പാദനം 4,440 കിലോയായിരുന്നു.

കഴിഞ്ഞ വര്‍ഷം വെള്ളി, ചെമ്പ്, സിങ്ക് ഉല്‍പാദനത്തില്‍ പത്തു ശതമാനം വീതം വര്‍ധനവ് രേഖപ്പെടുത്തി. കഴിഞ്ഞ കൊല്ലം 5,181 കിലോ വെള്ളിയാണ് ഉല്‍പാദിപ്പിച്ചത്. 2016 ല്‍ ഇത് 4,710 കിലോ ആയിരുന്നു. 2016 ല്‍ 41,640 ടണ്ണും 2017 ല്‍ 45,804 ടണ്ണും സിങ്ക് ഉല്‍പാദിപ്പിച്ചു.

ചെമ്പ് ഉല്‍പാദനത്തില്‍ 2016 ല്‍ വന്‍ വളര്‍ച്ച കൈവരിച്ചിരുന്നു. 2015 ല്‍ 56,126 ടണ്‍ ചെമ്പാണ് ഉല്‍പാദിപ്പിച്ചത്. 2016 ല്‍ ഇത് 1,10,000 ടണ്‍ ആയും കഴിഞ്ഞ കൊല്ലം 1,21,000 ടണ്‍ ആയും ഉയര്‍ന്നു.

2016 ല്‍ മൊത്തം ആഭ്യന്തരോല്‍പാദനത്തില്‍ പെട്രോളും ഗ്യാസും ഒഴികെയുള്ള ഖനന മേഖലയുടെ പങ്ക് 0.4 ശതമാനം മാത്രമായിരുന്നു. ആകെ 940 കോടി റിയാലാണ് ഖനന മേഖല മൊത്തം ആഭ്യന്തരോല്‍പാദനത്തിലേക്ക് സംഭാവന നല്‍കിയത്. ഇത് 2020 ഓടെ 9,700 കോടി റിയാലായി ഉയര്‍ത്തുന്നതിനാണ് വിഷന്‍2030 പദ്ധതി ലക്ഷ്യമിടുന്നത്.

Sharing is caring!