നിപ വൈറസ് എടുക്കേണ്ട മുന്‍കരുതലുകള്‍, സര്‍ക്കാറിന്റെ ഔദ്യോഗികമായ അറിയിപ്പ്

നിപ വൈറസ് എടുക്കേണ്ട മുന്‍കരുതലുകളെ കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗിക അറിയിപ്പ് നല്‍കി. ആരോഗ്യവകുപ്പുമായി ചേര്‍ന്ന് തെയ്യാറാക്കിയ അറിയിപ്പുകള്‍ ഇവയാണ്.

പരിശോധന കര്‍ശനമാക്കും

ജില്ലയിലെ പഴക്കടകളിലും ഭക്ഷ്യ സ്ഥാപനങ്ങളിലും ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും സംയുക്തമായി പരിശോധന നടത്തും. അനധികൃത വില്‍പ്പന കേന്ദ്രങ്ങളും വൃത്തഹീനമായ സാഹചര്യത്തിലുള്ളവയും അടച്ച് പൂട്ടാന്‍ ജില്ലാ കലക്ടര്‍ കര്‍ശന നിര്‍ദേശം നല്‍കി.
വവ്വാല്‍ ഭക്ഷിക്കാന്‍ സാധ്യതയുള്ള പേരക്ക, മാങ്ങ, സപ്പോട്ട, സീതപ്പഴം എന്നിവ പരമാവധി ഒഴിവാക്കുന്നതാണ് രോഗവ്യാപനം തടയാനുള്ള പ്രധാന മാര്‍ഗം. മറ്റു പഴങ്ങളും പക്ഷി മൃഗാധികള്‍ ഭക്ഷിച്ചിട്ടില്ലെന്ന് ഉറപ്പുവരുത്തണം.

രോഗലക്ഷണമുള്ളവര്‍
പൊതുപരിപാടികളില്‍ പങ്കെടുക്കരുത്

പനി, തലവേദന, പേശി വേദന തുടങ്ങിയ രോഗലക്ഷണമുള്ളവര്‍ പൊതുപരിപാടികളില്‍ പങ്കെടുക്കരുത്. ഇഫ്താര്‍ പാര്‍ട്ടികളിലും ആരാധനാലയങ്ങളിലും ഇവര്‍ പങ്കെടുക്കുന്നത് രോഗവ്യാപനത്തിന് കാരണമാവും. പനി ബാധിതരായ കുട്ടികളെ വിദ്യാലയങ്ങളില്‍ അയക്കരുത്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് നിപ വൈറസ് പെട്ടെന്ന് പകരാന്‍ സാധ്യതയുണ്ട്. ഇത്തരം രോഗലക്ഷണങ്ങളുള്ളവരെ സുശ്രൂഷിക്കുന്നവരും മുന്‍കരുതല്‍ എടുക്കണം. വിസര്‍ജ്യങ്ങളും ശരീരസ്രവങ്ങളും കൈകാര്യം ചെയ്യുമ്പോള്‍ കയ്യുറ ധരിക്കണം. ഉടന്‍ തന്നെ സോപ്പോ മറ്റു അണുനാശിനിയോ ഉപയോഗിച്ച് കൈകള്‍ വൃത്തിയാക്കേണ്ടത്.
ട്രീറ്റ്‌മെന്റ് പ്രോടോകോള്‍ പാലിക്കണം
ആശുപത്രികള്‍ ട്രീറ്റ്‌മെന്റ് പ്രോടോകള്‍ നിര്‍ബന്ധമായും പാലിക്കണം. നിപ വൈറസ് ബാധ സംശയിക്കുന്ന കേസുകള്‍ സംബന്ധിച്ച് പൂര്‍ണവിവരങ്ങള്‍ ആരോഗ്യ വകുപ്പിനെ അറിയിക്കണം. പകര്‍ച്ചവ്യാധി ചികിത്സക്ക് പാലിക്കേണ്ട എല്ലാ മാനദണ്ഡങ്ങളും പാലിക്കണം. ആശുപത്രികളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഉള്‍പ്പടെയുള്ള സൗകര്യങ്ങള്‍ ഒരുക്കണം. പനിയുമായി വരുന്ന രോഗികള്‍ ആശുപത്രിയിലെത്തുന്ന മറ്റ് രോഗികളുമായി ഇടപഴകാനുള്ള സാഹചര്യം ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കണം.

ജാഗ്രത വേണം

കേരളത്തില്‍ നിപവൈറസ് സ്ഥിരീകരിച്ചതോടെ പൊതുജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യ വകുപ്പ്. പനിയോടൊപ്പം ശക്തമായ തലവേദന, ചര്‍ദി, ക്ഷീണം, തളര്‍ച്ച, ബോധക്ഷയം, കാഴ്ചമങ്ങല്‍ തുടങ്ങിയവ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണമെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. കൊതുക്, ഈച്ച എന്നിവയ്ക്ക് ഈ രോഗം പകര്‍ത്താന്‍ കഴിയില്ല. ഭക്ഷണം, വായു, വെള്ളം എന്നിവ വഴിയും പകരില്ല. രോഗികളുമായുള്ള സമ്പര്‍ക്കം മൂലം എളുപ്പത്തില്‍ രോഗം പകരാന്‍ സാധ്യതയുണ്ട്.
നിപവൈറസ് വാഹകരായ വവ്വാലുകള്‍, പന്നികള്‍, രോഗബാധിതരായ മനുഷ്യര്‍ വഴിയാണ് രോഗം പകരുക. നേരിട്ടുള്ള സമ്പര്‍ക്കം, ജീവികളുടെ ഉച്ചിഷ്ടം, ഭക്ഷിച്ച പഴങ്ങൡലുള്ള മൂത്രം, കാഷ്ടം എന്നിവ വഴിയുമാണ് രോഗമുണ്ടാകുന്നത്. രോഗാണു ശരീരത്തിലെത്തിയാല്‍ അഞ്ച് മുതല്‍ പത്ത് വരെ ദിവസത്തിനുള്ളില്‍ രോഗലക്ഷണം കാണാം.

ശ്രദ്ധിക്കുക

വ്യക്തി സുരക്ഷ നടപടികള്‍ പുലര്‍ത്തുക. ഇതിനായി മാസ്‌ക്കുകളും ഗ്ലൗസ് (കൈയുറകള്‍), ഗൗണ്‍, ചെരിപ്പ് ധരിക്കണം. ഇതിനായി പ്രത്യേക ച 95 മാസ്‌ക്കുകള്‍ ലഭ്യമാണ്. രോഗിയോ വിസര്‍ജ്യങ്ങളുമായോ സമ്പര്‍ക്കമുണ്ടായല്‍ കൈകള്‍ 20 സെക്കന്‍ഡോളം അണുനാശിനിയോ സോപ്പുലായനി ഉപയോഗിച്ചോ കഴുകുക, അണുനാശിനിയായി സാവ്‌ലോണ്‍, ക്ലോറോ ഹെക്‌സിഡിന്‍ തുടങ്ങിയവ ഉപയോഗിക്കാം. ഉപകരണങ്ങള്‍ ‘ഗ്ലുട്ടറാള്‍ഡിഹൈഡ്’ ഉപയോഗിച്ച് അണുനാശം വരുത്തേണ്ടതാണ്. കഴിയുന്നതും ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ ഉപയോഗിക്കണം. പരിശോധനക്കായി രോഗിയുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുമ്പോഴും രോഗിയുടെ വിസര്‍ജ്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോഴും സാര്‍വത്രിക മുന്‍കരുതല്‍ എടുക്കണം. ഡ്യൂട്ടി സമയത്തിനുശേഷം വസ്ത്രങ്ങള്‍ മാറി കുളിക്കണം. പനി ലക്ഷണമുണ്ടായാല്‍ ഉടന്‍ ഡോക്ടറെ കണ്ട് ചികിത്സ തേടേണ്ടതുമാണ്.

Sharing is caring!