‘നിപ വൈറസ്’ മലപ്പുറം ജില്ലയില്‍ സ്ഥിരീകരിച്ചില്ല വ്യാജപ്രചരങ്ങള്‍ക്കെതിരെ നടപടിയെന്ന് ജില്ലാകലക്ടര്‍

‘നിപ വൈറസ്’ മലപ്പുറം ജില്ലയില്‍ സ്ഥിരീകരിച്ചില്ല വ്യാജപ്രചരങ്ങള്‍ക്കെതിരെ നടപടിയെന്ന് ജില്ലാകലക്ടര്‍

മലപ്പുറം: നിപ വൈറസുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ജില്ലാകലക്ടര്‍ അറിയിച്ചു. സാമൂഹിക മാധ്യമങ്ങളിലൂടെ വസ്തുതാ വിരുദ്ധമായ പ്രചരണം ശ്രദ്ധയില്‍പ്പെട്ടാല്‍ ജില്ലാഭരണകൂടത്തേയോ ആരോഗ്യവകുപ്പിനേയോ അറിയിക്കണം.
പ്രത്യേക മെഡിക്കല്‍ ടീം സജ്ജം
അടിയന്തര സാഹചര്യങ്ങള്‍ നേരിടുന്നതിന് പത്ത് വീതം ഡോക്ടര്‍, നഴ്‌സ്, ലാബ് ടെക്‌നീഷ്യന്‍, ഫാര്‍മസിസ്റ്റ് എന്നിവരുടെ സംഘത്തെ ജില്ലയില്‍ തയ്യാറാക്കി നിര്‍ത്തും. അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ ആവശ്യമായ പരിശീലനം ഈ സംഘത്തിന് നല്‍കും. മലപ്പുറം ജില്ലയില്‍ ഇതുവരെ വൈറസ് സ്ഥിരീകരിച്ചിട്ടില്ല.

നിപവൈറസ് മൂലം കോഴിക്കോട് ജില്ലയില്‍ രോഗികള്‍ മരണപ്പെട്ട സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. ഭയപ്പെടുകയല്ല മുന്‍കരുതലെടുക്കുകയാണ് വേണ്ടതെന്ന് കലക്ടര്‍ പറഞ്ഞു. അടിയന്തര സാഹചര്യങ്ങളുണ്ടായാല്‍ നേരിടുന്നതിനുള്ള സൗകര്യം ഒരുക്കുന്നതിനായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ സ്വകാര്യ ആശുപത്രികള്‍, സാമൂഹിക ആരോഗ്യ വിഭാഗം, ഐഎംഎ, വകുപ്പ്തല മേധാവികള്‍ എന്നിവരുടെ അടിയന്തര യോഗം കളക്‌ട്രേറ്റില്‍ ചേര്‍ന്നു. കൂടാതെ ഡിഎംഒയുടെ അധ്യക്ഷതയില്‍ ബ്ലോക്ക് പിഎച്ച്‌സികളിലെ മെഡിക്കല്‍ ഓഫീസര്‍മാരുടെയും സുപ്രണ്ടുമാരുടെയും വെറ്റനറി ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് സാഹചര്യം വിലയിരുത്തുകയും ജാഗ്രതാ നിര്‍ദേശം നല്‍കുകയും ചെയ്തു. ജില്ലാ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ കിറ്റുകളും മാസ്‌ക്കുകളും നല്‍കും. സ്വകാര്യ ഡോക്ടര്‍മാര്‍ക്ക് ഐഎംഎ വഴി നിപ്പോ വൈറസിനെതിരെ ജാഗ്രതാ നിര്‍ദേശം നല്‍കാനും യോഗത്തില്‍ തീരുമാനിച്ചു.
തെന്നല, മൂന്നിയൂര്‍, ചട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ പകര്‍ച്ചപ്പനി പിടിപ്പെട്ട് രോഗികള്‍ മരിച്ച സാഹചര്യത്തില്‍ ജില്ലയില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. എല്ലാ ആശുപത്രികളിലും പനി ക്ലീനിക്കുകള്‍ തുടങ്ങാനും ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആവശ്യമായ ഉപകരണങ്ങളും മരുന്നുകളും ലഭ്യമാക്കാനും യോഗത്തില്‍ തീരുമാനിച്ചു. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ഡെങ്കിപ്പനി ബാധിച്ചവര്‍ പെട്ടെന്ന് മരിക്കുന്ന സാഹചര്യത്തില്‍ കൊതുക് നശീകരണത്തിന് വാര്‍ഡ് തലത്തിലും വീടുകള്‍ കേന്ദ്രീകരിച്ചും ഊര്‍ജിത പ്രവര്‍ത്തനം ആവശ്യമാണ്.

സംശയാസ്പദമായ കേസുകളില്‍ രോഗികളെ അഡ്മിറ്റ് ചെയ്യുകയാണെങ്കില്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടതില്ല. മനുഷ്യരില്‍ നിന്നും മറ്റു മനുഷ്യരിലേക്ക് വളരെ വേഗത്തില്‍ രോഗം പകരുന്നതിനാലാണ് ഈ തീരുമാനം. താലൂക്ക് ആശുപത്രികളില്‍ ഉടന്‍ പനി ക്ലിനിക്കുകള്‍ തുടങ്ങും. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യുന്ന രോഗികള്‍ക്ക് ആംബുലന്‍സ് സൗകര്യം നല്‍കാനും സംശയാസ്പദമായ രോഗികളുടെ രക്തസാമ്പിളുകള്‍ മണിപ്പാല്‍ ആശുപത്രിയിലേക്ക് ഉടന്‍ അയക്കാനും യോഗത്തില്‍ തീരുമാനിച്ചു. അവധിയിലുള്ള മുഴുവന്‍ ആരോഗ്യ പ്രവര്‍ത്തകരും തിരികെ ജോലിയില്‍ പ്രവേശിക്കണമെന്നും ഡിഎംഒ നിര്‍ദേശം നല്‍കി.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എപി ഉണ്ണികൃഷ്ണന്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ സക്കീന, ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി സുധാകരന്‍, ഡെപ്യൂട്ടി കലക്ടര്‍ ഡോ. ജെ. ഒ അരുണ്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ ഇസ്മയില്‍, സ്വാകാര്യ ആശുപത്രി മാനേജ്മന്റ് പ്രതിനിധികര്‍, പ്രമുഖ ഡോക്ടര്‍മാര്‍, സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

Sharing is caring!