എന്റെ ദൈവമേ എന്തൊക്കെയാണിവര്‍ നിന്നെക്കുറിച്ചു പറഞ്ഞു നടക്കുന്നത്?

റിയ ഫാത്തിമ
എന്റെ ദൈവമേ എന്തൊക്കെയാണിവര്‍ നിന്നെക്കുറിച്ചു പറഞ്ഞു നടക്കുന്നത്?

എന്റെ ദൈവമേ
എന്തൊക്കെയാണിവര്‍ നിന്നെക്കുറിച്ചു പറഞ്ഞു നടക്കുന്നത്?
നീ കേള്‍ക്കുന്നില്ലേ?
ഞാന്‍ നിന്നെ തിരഞ്ഞില്ലായിരുന്നെങ്കില്‍ അവരിലൊന്നാകുമായിരുന്നു,
നിന്റെ പ്രേമം കാണാതെ നിന്നെ പേടിച്ചു ജീവിച്ചേനെ,
ഹാ ഭാഗ്യം ! ഞാന്‍ നിന്നെ കണ്ടെത്തിയല്ലോ
ഇന്നെനിക്കു പ്രേമമാണ്, പേടിയില്ല

എന്റെ ദൈവമേ, നീയോര്‍ക്കുന്നുണ്ടോ?
നീയെന്നെ വിറകുകൊള്ളി കണക്കെ തീയിലിട്ടെരിക്കുമെന്നവര് പറഞ്ഞപ്പോ, ഞാനെന്റെ സ്വപ്നങ്ങളെ മൂടിവെച്ചത്?
നീയെന്റെ നാക്കുവലിച്ചു തലയില്‍കെട്ടുമെന്നും, ഇരുമ്പുകൂടം കൊണ്ടടിക്കുമെന്നും പറഞ്ഞപ്പോ, ഞാനെന്നെ തന്നെ പൊതിഞ്ഞുപിടിച്ചത്?

വീണ്ടും ഹൃദയം പട പട മിടിച്ചപ്പോഴാണ് ഞാന്‍ നിന്നെ തിരഞ്ഞത്
ഇനിയുമെന്താണ് ദൈവമേ ഞാന്‍ പൊത്തിപിടിക്കേണ്ടത് എന്നെന്റെ ചോദ്യത്തില്‍ നീ അമ്പരന്നത് ഞാന്‍ കണ്ടു
നീ പറഞ്ഞു
‘നീ അടച്ചുപിടിച്ച കണ്ണുകള്‍ തുറക്കുക
എന്നിട്ട് ഇവിടേക്ക്, നിന്റെയുള്ളിലേക്ക് നോക്കുക, ഞാനിവിടെയാണുള്ളത് എന്ന് ‘
അന്നുവരെ പൊതിഞ്ഞുവച്ചതെല്ലാം ഞാന്‍ വലിച്ചു പുറത്തേക്കിട്ടു,

എന്നിട്ട് ഞാനവരോട് വിളിച്ചു പറഞ്ഞു
നിങ്ങള്‍ക്ക് ദൈവത്തെ കാണണോ?
നിങ്ങള്‍ കണ്ണുതുറക്കുക എന്നിട്ട് നെഞ്ചിലേക്ക് നോക്കുക, അവിടെയാണ് ദൈവമുള്ളത്
അവനിലാണ് നിങ്ങളാഗ്രഹിക്കുന്ന സ്‌നേഹത്തിന്റെ വറ്റാത്ത ഉറവയുള്ളത്,
ഭയപ്പെടാതെ നോക്കു എന്ന് ഉറക്കെയുറക്കെ വിളിച്ചുപറഞ്ഞു

അവര്‍ക്ക് മുലകളൊഴികെ നെഞ്ചില്‍ വേറൊന്നും കാണാന്‍ കഴിഞ്ഞില്ലത്രെ,
അവര്‍ മുരണ്ടു,
അവള്‍ക്കു പിശാചിന്റെ ബാധയാണ്,
അവള്‍ നരകത്തിന്റെ ഭക്ഷണമാണ്,
അവള്‍ വിറകുകൊള്ളിയാണ്,
നിങ്ങള്‍ ദൃഷ്ടികള്‍ താഴ്ത്തിക്കൊള്ളുക

എല്ലാം ഇണകളാക്കി സൃഷ്ടിച്ച,
ഹൃദയവും തലച്ചോറും സൃഷ്ടിച്ച,
കടലും കരയും ആകാശവും ഭൂമിയും മഴയും മലയും കാറ്റും സൃഷ്ടിച്ച കലാകാരന്റെ പ്രണയം കാണാത്തവര്‍ നിര്‍ഭാഗ്യവാന്മാര്‍,

ഞാനെന്റെ ദൈവത്തോട് ചോദിച്ചു,
മറച്ചുപിടിക്കലില്ലാത്ത പച്ചയായ എന്നെ കാണുന്നത് നീയല്ലേ?
നിന്റെ കണ്ണിലും സ്‌നേഹമാണ് !
എന്നിട്ടുമെന്തേ അവര്‍ പറയുന്നു?
നിന്നെ സൂക്ഷിക്കണമെന്ന്!
തെറ്റുകാരെപോലെ മാപ്പിരക്കണമെന്ന് !
നിന്നെ പുകഴ്ത്തി സുഖിപ്പിക്കണമെന്ന് !
നാളെ പൂക്കാന്‍ വേണ്ടി ഇന്ന് ചുവക്കുന്ന എന്നെ നിനക്ക് അറപ്പാണെന്ന് !
നീ കേള്‍ക്കുന്നില്ലേ നിന്നെക്കുറിച്ച് അവരെന്തൊക്കെയാണ് പറഞ്ഞു നടക്കുന്നത്?

Sharing is caring!