എടപ്പാള്‍ തിയേറ്റര്‍ പീഡനം; ചൈല്‍ഡ്‌ലൈന്‍ ചട്ടംലംഘിച്ചതായി ബാലവകാശ സംരക്ഷണ കമ്മീഷന്‍

എടപ്പാള്‍ തിയേറ്റര്‍ പീഡനം;  ചൈല്‍ഡ്‌ലൈന്‍ ചട്ടംലംഘിച്ചതായി  ബാലവകാശ സംരക്ഷണ കമ്മീഷന്‍

മലപ്പുറം: എടപ്പാളിലെ സിനിമാ തീയറ്റര്‍ പീഡനക്കേസ് കൈകാര്യം ചെയ്തതില്‍ മലപ്പുറം ചൈല്‍ഡ് ലൈന്‍ അധികൃതര്‍ ചട്ടംലംഘിച്ചതായി സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. വിഷയത്തില്‍ പത്രവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാകേസെടുത്തു. സംഭവത്തിന്റെ നിജസ്ഥിതി ബോധ്യപ്പെടാനായി മലപ്പുറം ജില്ലാപോലീസ് മേധാവി, ജില്ലാ ചൈല്‍ഡ്‌വെല്‍ഫെയര്‍കമ്മിറ്റി, ജില്ലാ ചൈല്‍ഡ്‌പ്രൊട്ടക്ഷന്‍ ഓഫീസര്‍, ജില്ലാ ചൈല്‍ഡ്‌ലൈന്‍ എന്നിവരോട് കമ്മീഷന്‍ ചെയര്‍മാന്‍ സി.ജെ ആന്റണി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. സംഭവത്തില്‍ പോക്‌സോ നിയമത്തിലെ നിയമപരമായ നടത്തിപ്പില്‍
ചൈല്‍ഡ്‌ലൈന്‍ വീഴ്ച്ചവരുത്തിയതായാണു കമ്മീഷന്റെ പ്രാഥമിക കണ്ടെത്തല്‍. നിലവില്‍ സംസ്ഥാനത്ത് രജിസ്റ്റര്‍ചെയ്തിട്ടുള്ള ആറായിരത്തോളംവരുന്ന പോക്‌സോകേസുകളില്‍നിന്നും ഏറെ വ്യത്യസ്തമായാണു ഈകേസിനെ സംസ്ഥാന ബാലവകാശ സംരക്ഷണ കമ്മീഷന്‍ കാണുന്നത്. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാറിന് കീഴിലുള്ള സമിതികള്‍
ചട്ടംലംഘിച്ചാണു ഈപോക്‌സോ കേസ് കൈകാര്യംചെയ്തതെന്നാണു കമ്മീഷന് ലഭിച്ച വിവരം. സര്‍ക്കാര്‍ സമിതിയായ പ്രവര്‍ത്തിക്കുന്ന ചൈല്‍ഡ്‌ലൈന്‍ പോലീസിന് വിവരം കൈമാറിയിട്ടും നടപടിയുണ്ടാകാത്തതിനെ തുടര്‍ന്നു മാധ്യമങ്ങളെ സമീപിച്ചത് ചട്ടംലംഘമായാണ് സംരക്ഷണ കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. പോലീസിന്റെ ഭാഗത്തുനിന്നും അനാസ്ഥയുണ്ടെങ്കില്‍ നിയമപരമായി കേസിനെ നേരിടാന്‍ മറ്റുമാര്‍ഗങ്ങള്‍ ചൈല്‍ഡ്‌ലൈനിനുണ്ടെന്നാണു കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നത്. ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ പവറുള്ള ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയേയോ, അല്ലെങ്കില്‍ നേരിട്ടു ജില്ലാജഡ്ജിക്കുമുന്നിലോ ചൈല്‍ഡ്‌ലൈന് വിവരം ബോധ്യപ്പെടുത്താനുള്ള അവസരമുണ്ടായിരുന്നു. മാതാവിന്റെ അറിവോടെ പീഡനത്തിനിരയായ കുഞ്ഞ് മാതാവിനോടൊപ്പം തന്നെ കഴിയുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടും പ്രത്യേക സംരക്ഷണം ആവശ്യമുള്ള കുഞ്ഞിനെ സംഭവം അറിഞ്ഞിട്ടും ഇരുപതു ദിവസത്തോളം അവര്‍ക്കൊപ്പംതന്നെ താമസിക്കാന്‍ അനുവദിച്ചതും കുറ്റകരമായാണ് കമ്മീഷന്‍ കാണുന്നത്.
ഇക്കാര്യം ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ അറിയിച്ചാല്‍ ഇവര്‍ക്കു പോലീസിന് നിര്‍ദ്ദേശം നല്‍കാനും നടപടിയെടുക്കാനും കഴിയുമായിരുന്നു. ചെല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിയെ പോലീസ് മുഖവിലക്കെടുത്തില്ലെങ്കില്‍ ജില്ലാജഡ്ജിനോടുപറയാനും വ്യവസ്ഥാപിതമായ നിയമമുണ്ടായിരുന്നു. വ്യവസ്ഥാപിതമായ വാതിലുകള്‍ തുറന്നുകിടക്കുമ്പോള്‍ ഓടുപൊളിച്ചു ഇറങ്ങിയ അവസ്ഥയാണ് ഈകേസില്‍ ചൈല്‍ഡ്‌ലൈന്‍ കാണിച്ചതെന്നാണു കമ്മീഷന്‍ കരുതുന്നത്. വിഷയത്തില്‍ ജെ.ജെ ആക്ടറും പോക്‌സോ ആക്ടിലും ലംഘനം നടന്നതായാണ് കരുതുന്നത്. ഇതിനുപുറമെ ചൈല്‍ഡ്‌ലൈന്‍ പരാതി നല്‍കിയിട്ടും കേസെടുക്കാതെ അനാസ്ഥ കാണിച്ച എസ്.ഐയുടെ ചട്ടലംഘനത്തിനെതിരെയും കമ്മീഷന്‍ റിപ്പോര്‍ട്ട് നല്‍കും.
പീഡനത്തിനിരയായ പെണ്‍കുട്ടിക്കു കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നിര്‍ഭയ ഹോമിലെ, ജില്ലാ ശിശുസംരക്ഷസമിതിയുടേയും രണ്ടുപേര്‍ചേര്‍ന്നു കൗണ്‍സിലിംഗ് നല്‍കി. പത്തുവയസ്സുകാരിയായ ഈപെണ്‍കുട്ടിയുടെ ഡിഗ്രിക്കും പ്ലസ്ടുവിനും പഠിക്കുന്ന രണ്ടുസഹോദിമാരെ കണ്ടെത്താന്‍ ഇതുവരെ പോലീസിനോ, ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റിക്കോ സാധിച്ചിട്ടില്ല. ഇവര്‍താമസിച്ചിരുന്നിടത്തു ഇവരെ കാണാനില്ല. അതോടൊപ്പംതന്നെ പീഡനത്തിനിരായ പെണ്‍കുട്ടിയെ തേടിഇതുവരെ ആരുംതന്നെ എത്തിയിട്ടില്ല. ഇവര്‍ താമസിച്ചിരുന്നത് പാലക്കാട് ജില്ലയിലായതിനാല്‍ കേസുമായി ബന്ധപ്പെട്ടു വിവരങ്ങള്‍ ലഭിച്ചശേഷം 20ദിവസങ്ങള്‍ക്കുള്ളില്‍ ഇവരെ പാലക്കാട് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിക്ക് കൈമാറാനാണ് നീക്കം.

Sharing is caring!