തന്നെവളര്ത്തിയെടുത്തതില് മലപ്പുറത്തിന് വലിയപങ്കുണ്ടെന്ന്: ഐഎം വിജയന്
മലപ്പുറം: ഫുട്ബോളിനോടുള്ള മലപ്പുറത്തിന്റെ സ്നേഹം വാഴ്ത്തപ്പെടേണ്ടതെന്ന് പ്രമുഖ ഫുട്ബോള്‍ താരം ഐ.എം വിജയന്. സെവന്‍സ് പോലുള്ള മത്സരങ്ങള്‍ക്ക് ഫുട്ബോള്‍ പ്രതിഭകളെ വാര്‍ത്തെടുക്കുന്നതില്‍ മുഖ്യപങ്കുണ്ടെന്നും തന്നെ വളര്‍ത്തിയെടുത്തതിലും മലപ്പുറത്തിന്റെ പങ്ക് വിസ്മരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസഭാ വര്‍ഷികാഘോഷത്തിന്റെ ഭാഗമായി മലപ്പുറത്ത് നടക്കുന്ന പ്രദര്‍ശന വിപണനമേളയുടെ രണ്ടാം ദിവസം ‘കായികമലപ്പുറത്തിന് ആദരം’ ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യത്തിന് തന്നെ മാതൃകയാക്കാവുന്ന തരത്തില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ഇത്രയും വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സന്തോഷ് ട്രോഫി ടീമംഗങ്ങളായ അഫ്ദലിനും ഷാഫിക്കും സാധിച്ചത് വലിയ കാര്യമാണ്. പശ്ചിമബംഗാള്‍ പോലുള്ള സംസ്ഥാനത്തെ അവരുടെ തന്നെ നാട്ടില്‍ വെച്ച് തോല്‍പ്പിക്കുന്നത് പ്രയാസമുള്ള കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വര്‍ഷത്തെ സന്തോഷ് ട്രോഫി ചാമ്പ്യന്മാരായ കേരള ടീമംഗങ്ങളും മലപ്പുറം സ്വദേശികളുമായ വി.കെ അഫ്ദല്‍, വൈ.പി മുഹമ്മദ് ഷരീഫ്, ചൈനയില്‍ നടന്ന ഏഷ്യന്‍ മാസ്റ്റര്‍സ് അത്ലറ്റിക് മീറ്റില്‍ അഞ്ച് കിലോമീറ്റര്‍ നടത്ത മത്സരത്തില്‍ വെള്ളിമെഡല്‍ നേടിയ എ. ഒ ഉണ്ണികൃഷ്ണന്, 100 മീറ്റര്‍ ഓട്ടത്തില്‍ വെള്ളിമെഡല്‍ നേടിയ സമദ് മാസ്റ്റര്‍ എന്നിവര്‍ക്ക് ചടങ്ങില്‍ വെച്ച് ഐ.എം വിജയന് ഉപഹാരം നല്കി. ഡെപ്യൂട്ടി കളക്ടര്‍ ഡോ: ജെ.ഒ അരുണ്‍ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.പി ഡെപ്യൂട്ടി കമാണ്ടന്റും മുന്‍ ഫുട്ബോള്‍ താരവുമായ കുരികേശ് മാത്യു മുഖ്യപ്രഭാഷണം നടത്തി.
പ്രദര്‍ശന നഗരിയില്‍ സാമൂഹിക നീതി വകുപ്പ് നടത്തിയ പ്രശ്നോത്തരി മത്സരത്തില്‍ സമ്മാനാര്‍ഹയായ മേലാറ്റൂര്‍ സ്വദേശിനി കരുണക്ക് ഐ.എം വിജയന് സമ്മാനം നല്കി.
ജില്ലാ ഭരണകൂടത്തിന്റെ ഉപഹാരസമര്‍പ്പണം ഐ.എം വിജയന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പനും എം.എസ്.പി ഡെപ്യൂട്ടി കമാണ്ടന്റ് കുരികേശ് മാത്യുവിന് ഡെപ്യൂട്ടി കളക്ടര്‍ ഡോ. ജെ.ഒ അരുണും നിര്‍വഹിച്ചു.
പി.എച്ച് വീരാന്‍കുട്ടി, ജില്ലാ സാമൂഹിക നീതി ഓഫീസര്‍ കെ. കൃഷ്ണമൂര്‍ത്തി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി. അയ്യപ്പന് തുടങ്ങിയവര്‍ സംബന്ധിച്ചു. സാംസ്കാരിക പരിപാടിയുടെ ഭാഗമായി സുരേഷ് തിരുവാലിയും സംഘവും അവതരിപ്പിച്ച നാടന്‍പാട്ടും തെയ്യം തിറയും അരങ്ങേറി.
പ്രദര്‍ശന നഗരിയില്‍ ഇന്ന്
മാപ്പിളപ്പാട്ട്- മലയാള ചലച്ചിത്രങ്ങളിലും നാടകങ്ങളിലും എന്ന വിഷയത്തില്‍ ഇന്ന് വൈകിട്ട് അഞ്ചിന് സെമിനാര്‍ നടക്കും. കൊണ്ടോട്ടി മോയിന്‍കുട്ടി വൈദ്യര് സ്മാരക മാപ്പിളകലാ അക്കാദമി ചെയര്മാന് അഡ്വ. ടി.കെ ഹംസ മുഖ്യാതിഥിയായിരിക്കും. മാപ്പിളപ്പാട്ട് കലാകാരന്മാരായ വി. എം കുട്ടി, വിളയില്‍ ഫസീല, കെ.വി അബൂട്ടി എന്നിവര്‍ പങ്കെടുക്കും. മോയിന്‍കുട്ടി വൈദ്യര് സ്മാരക മാപ്പിളകലാ അക്കാദമിയുടെ വെബ്സൈറ്റ് ലോഞ്ചിങും ചടങ്ങില്‍ നടക്കും. സാംസ്കാരിക പരിപാടിയുടെ ഭാഗമായി മാപ്പിളപ്പാട്ട, കോല്‍ക്കളി, ഒപ്പന തുടങ്ങിയവ കോര്‍ത്തിണക്കിയ പ്രത്യേക പരിപാടിയായ ‘ഇശല്‍ ഇമ്പം’ അരങ്ങേറും.
RECENT NEWS
പൊന്നാനിയിൽ പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം കവർന്ന പ്രതി പിടിയിൽ
പൊന്നാനി: പ്രവാസിയുടെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 300 പവനോളം സ്വർണം കവർന്ന കേസിൽ പ്രതി പിടിയിൽ. പൊന്നാനിയിൽ താമസിക്കുന്ന തൃശൂർ സ്വദേശിയാണ് പിടിയിലായത്. കൂട്ടുപ്രതികൾ ഉണ്ടെന്നാണ് വിവരം പ്രതിയെ ചോദ്യം ചെയ്ത് വരികയാണ്. കൂടുതൽ വിവരങ്ങൾ പുറത്തു [...]