കര്‍ണാടക തെരഞ്ഞെടുപ്പ് ബിജെപിയുടെ അന്ത്യത്തിന്റെ ആരംഭമാവും : പികെ കുഞ്ഞാലിക്കുട്ടി

ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പ് ബിജെപിയുടെ അന്ത്യം കുറിക്കുമെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി.  കര്‍ണാടകയിലെ വിവിധ മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്ക് വേണ്ടി പ്രചാരണം നടത്തുകയായിരുന്നു അദ്ദേഹം.  തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് വീണ്ടും അധികാരത്തിലേറും.  ഉത്തര കൊറിയയും, ദക്ഷിണ കൊറിയയും വരെ യോജിപ്പിന്റെ വഴികള്‍ തിരഞ്ഞെടുക്കുമ്പോള്‍ ഭാരതത്തെ വിഭജിച്ച് ഭരിക്കാനാണ് എന്‍ ഡി എ സര്‍ക്കാര്‍ ശ്രമിക്കുന്നത്.  രാജ്യത്തെ ഐക്യവും, അഖണ്ഡതയും തകര്‍ത്ത് ജനജീവിതം ദുസഹമാക്കുകയാണ്.  ഇതിനെതിരെയുള്ള വിധിയെഴുത്താകും കര്‍ണാടകയിലുണ്ടാവുകയെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങള്‍ക്ക് വന്‍ പ്രതീക്ഷകള്‍ നല്‍കി അധികാരത്തിലേറിയ മോദി സര്‍ക്കാര്‍ എല്ലാവരെയും വഞ്ചിച്ചിരിക്കുകയാണ്.  രാജ്യത്തെ 1.30 കോടിയോളം വരുന്ന ജനങ്ങളുടെ ജീവിതം ഇന്ന് ദുരിതപൂര്‍ണമായിരിക്കുന്നു.  നിങ്ങള്‍ വാഗ്ദാനം ചെയ്ത നല്ല നാളുകളും, ജോലിയും, 15 ലക്ഷം രൂപയും ഭരണത്തിന്റെ അവസാന നാളുകളിലും ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
അഴിമതി കേസുകളില്‍ ജയിലില്‍ കിടന്നവരെ അടക്കം സ്ഥാനാര്‍ഥികളാക്കിയാണ് ബി ജെ പി കര്‍ണാടകയില്‍ മല്‍സരിക്കുന്നത്.  അഴിമതി അവസാനിപ്പിക്കുമെന്നും, കള്ളപ്പണം തിരിച്ചു കൊണ്ടുവരുമെന്നും പറഞ്ഞ് അധികാരത്തിലേറിയവരാണ് ഇതെല്ലാം ചെയ്യുന്നത്.  സാമ്പത്തിക കുറ്റകൃത്യങ്ങളും, അഴിമതിയും രാജ്യത്ത് തഴച്ച് വളരുകയാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
കര്‍ണാടകയില്‍ ഞങ്ങള്‍ക്ക് പ്രതീക്ഷയുണ്ട്.  ബി ജെ പിയെ ശക്തമായി പ്രതിരോധിക്കുന്ന മുഖ്യമന്ത്രി സിദ്ധരാമയ്യ രാജ്യത്തിന്റെ ആകെ പ്രതീക്ഷയാണ്.  കര്‍ണാടകയിലെ ജനങ്ങളുടെ ആവശ്യങ്ങളും, പ്രതീക്ഷകളും മനസിലാക്കുന്ന വ്യക്തിയാണ് അദ്ദേഹം.  കര്‍ണാടകയെ പ്രതീക്ഷകളുടേയും, വികസനത്തിന്റെയും പാതയിലേക്ക് അദ്ദേഹം നയിച്ചു കഴിഞ്ഞു.  കേരള മുഖ്യമന്ത്രി പിണറായി വിജയന് മംഗളൂരുവില്‍ ഫാസിസ്റ്റ് ശക്തികളുടെ എതിര്‍പ്പിനെ വെല്ലുവിളിച്ച് പ്രസംഗിക്കാന്‍ അവസരമൊരുക്കിയതും അദ്ദേഹമാണെന്ന് കുഞ്ഞാലിക്കുട്ടി ഓര്‍മ്മിപ്പിച്ചു.
മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ സജീവമായി തിരഞ്ഞെടുപ്പ് പ്രചരണ രംഗത്തുണ്ട്.  കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ വിജയത്തിനായി അശാന്ത പരിശ്രമമാണ് അവര്‍ നടത്തുന്നതെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.  വന്‍ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍.  മാധ്യമങ്ങളും, അഭിപ്രായ സര്‍വേകളും കോണ്‍ഗ്രസ് ഭരണം നിലനിര്‍ത്തുമെന്ന് ഉറപ്പ് നല്‍കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നാല് മണ്ഡലങ്ങളിലാണ് കുഞ്ഞാലിക്കുട്ടി പര്യടനം നടത്തിയത്.  സ്ഥാനാര്‍ഥികളായ നഗര വികസന മന്ത്രി കെ ജെ ജോര്‍ജ്,  ആഭ്യന്തര മന്ത്രി രാമലിംഗ റെഡി, എന്‍ എ ഹാരിസ്, ബാംഗ്ലൂര്‍ മേയര്‍ സമ്പത്ത് രാജ് എന്നിവര്‍ക്ക് വേണ്ടി അദ്ദേഹം വോട്ടഭ്യര്‍ഥിച്ചു.
പര്യടനത്തിന്റെ  സമാപനം കുറിച്ച് മടിവാളയിലെ സാവറി ബിസിനസ് ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ കണ്‍വെന്‍ഷന്‍ കുഞ്ഞാലിക്കുട്ടി ഉദ്ഘാടനം ചെയ്തു.  റോഡ് ഷോ, പൊതുയോഗങ്ങള്‍ തുടങ്ങി നിരവധി പരിപാടികളില്‍ അദ്ദേഹം സംബന്ധിച്ചു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനു വേണ്ടി  നഗരത്തിലെ മുസ്ലിം ലീഗ്, കെ എം സി സി പ്രവര്‍ത്തകര്‍ സജീവമായി രംഗത്തുണ്ട്.

Sharing is caring!