പരീക്ഷാസമയത്ത് മലപ്പുറത്തെ പത്താംക്ലാസുകാരിഎഴുതിയത് രണ്ടു പുസ്തകങ്ങള്‍

പരീക്ഷാസമയത്ത് മലപ്പുറത്തെ  പത്താംക്ലാസുകാരിഎഴുതിയത്  രണ്ടു പുസ്തകങ്ങള്‍

മലപ്പുറം: പത്താം ക്ലാസ് പരീക്ഷാച്ചൂടിലും അവള്‍ കഥയെഴുതുകയായിരുന്നു. സ്‌കൂളില്‍ പോകാതെ. പാഠ ഭാഗങ്ങള്‍ വായിക്കാതെ. പഠന സമയത്തും അവധിക്കാലത്തുമായി പൂര്‍ത്തിയാക്കിയതാകട്ടെ രണ്ടു പുസ്തകങ്ങളും.
പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ ഹംസ ആലുങ്ങലിന്റെയും ബുഷ്റയുടെയും മകള്‍ ഫാത്തിഹ ബിഷറാണ് കുട്ടികള്‍ക്കുള്ള ഒരു നോവലും കുട്ടികളെ അതിശയിപ്പിക്കുന്ന കഥകളെന്ന പേരില്‍ ഒമ്പത് കഥകളുടെ പുനര്യാഖ്യാനവും നിര്‍വഹിച്ചത്. വായിച്ചുകൂട്ടിയ സാരോപദേശ കഥകളില്‍ നിന്നും ഏറെ ഇഷ്ടപ്പെട്ട ഒമ്പത് കഥകളുടെ പുനരാഖ്യാനമാണ് കുട്ടികളെ അതിശയിപ്പിക്കുന്ന കഥകള്‍.
അനന്തരം അവനൊരു നക്ഷത്രമായി എന്നാണ് നോവലിന് പേരിട്ടത്. കുട്ടികളെ തട്ടിക്കൊണ്ടുപോയി ഭിക്ഷാടനത്തിനും മറ്റും ഉപയോഗിക്കുന്ന റാക്കറ്റിന്റെ കുരുക്കില്‍പെട്ട ഭിന്നശേഷിക്കാരനായ ആറാം ക്ലാസു വിദ്യാര്‍ഥിയുടെ ദാരുണമായ കഥയാണ് നോവലിന്റെ ഇതിവൃത്തം, നോവല്‍ കണ്ണു നനയാതെയും നെഞ്ചുപിടക്കാതെയും വായിച്ചു തീര്‍ക്കാനാവില്ലെന്നാണ് പുസ്തകത്തിന്റെ ആമുഖക്കുറിപ്പില്‍ പ്രസാധകര്‍ പറയുന്നത്. കാലികമായൊരു വിഷയത്തെ ഭാവനയുടേയും യാഥാര്‍ഥ്യങ്ങളുടെയും മഷിപ്പാത്രത്തില്‍ മുക്കിവരച്ച നോവലാണിതെന്ന് ആമുഖക്കുറിപ്പില്‍ മുഖ്താര്‍ ഉദരംപൊയില്‍ പറയുന്നു.
മലപ്പുറം പേരക്ക ബുക്സ് പ്രസിദ്ധീകരിച്ച രണ്ടു പുസ്തകങ്ങളും ജില്ലാ ലൈബ്രറി കൗണ്‍സിലിന്റെ പുസ്തകമേളയില്‍ മികച്ച രീതിയില്‍ വിറ്റുപോകുന്നുണ്ട്.
പരീക്ഷാ സമയത്ത് എഴുത്തിനു സമയം കൊടുത്തെങ്കിലും എസ്.എസ്.എല്‍.സി ഫലം വന്നപ്പോള്‍ മോശമാക്കിയിട്ടില്ല. ഇംഗ്ലീഷിലടക്കം ആറ് എ പ്ലസും ബാക്കിയെല്ലാത്തിനും എയുമുണ്ട്. കണക്കാണ് ചതിച്ചത്. അതിനു ബിയേയുള്ളൂ. കുത്തിയിരുന്ന് പഠിക്കുന്ന രീതി ആദ്യമേ ഇല്ലെന്നാണ് ഫാത്തിഹയുടെ പക്ഷം. അഞ്ചച്ചവടി ഗവ മോഡല്‍ ഹൈസ്‌കൂളില്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോഴേ നാട്ടുപച്ച എന്ന മാസികയുടെ എഡിറ്റര്‍മാരിലൊരായിരുന്ന ഫാത്തിഹ ദേശാഭിമാനി അക്ഷരമുറ്റം, യുറീക്ക, മലര്‍വാടി വിജ്ഞാനോത്സവം തുടങ്ങി നിരവധി ക്വിസ് മത്സരങ്ങളിലും വിജയിയായിട്ടുണ്ട്.

Sharing is caring!