എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലപ്പുറം ജില്ലക്ക് മികച്ച വിജയം

എസ്.എസ്.എല്‍.സി പരീക്ഷയില്‍ മലപ്പുറം ജില്ലക്ക് മികച്ച വിജയം

മലപ്പുറം: എസ്.എസ്.എല്‍.സി പരീക്ഷയില്‍
മലപ്പുറം ജില്ലക്ക് മികച്ച വിജയം. 97.76ശതമാനം വിജയമാണ് ഇത്തവണയുണ്ടായത്. കഴിഞ്ഞ തവണത്തേക്കാള്‍ 2.23ശതമാനം വര്‍ധനവുണ്ടായി.
വിജയിശതമാനത്തില്‍ ജില്ലയുടെ സ്ഥാനം പതിനൊന്നാം സ്ഥാനത്താണ്. എപ്ലസ് നേടിയ മിടുക്കരുടെ എണ്ണത്തിലും മലപ്പുറം എ പ്ലസ് നിലനിര്‍ത്തി. 5702 കുട്ടികളാണ് ജില്ലയില്‍ ഇത്തവണ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയത്.കഴിഞ്ഞ തവണ 3640 പേര്‍ക്കാണു മുഴുവന്‍ എ പ്ലസ് ലഭിച്ചത്. 2062 എ പ്ലസുകാരുടെ വര്‍ധനവുണ്ടായി. സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ എപ്ലസ് നേടിയ ജില്ലയും മലപ്പുറമാണ്. പെണ്‍കുട്ടികളാണ് എപ്ലസ് കാരില്‍ മിടുക്ക് കാട്ടിയത്. 4006 വിദ്യാര്‍ഥിനികളാണ് ജില്ലയില്‍ എപ്ലസ് നേടിയത്. 1696 ആണ്‍കുട്ടികള്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1410 വിദ്യാര്‍ഥികളും എയ്ഡഡ് മേഖലയിലെ 3275 കുട്ടികളും അണ്‍എയ്ഡഡ് മേഖലയില്‍ 1017 വിദ്യാര്‍ഥികളും എപ്ലസുകാരായി.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തി നൂറുശതമാനം വിജയം നേടിയത് ജില്ലയിലെ കോട്ടൂര്‍ എകെഎംഎച്ച്എസ്എസ് സ്‌കൂളാണ്. 1023 കുട്ടികളാണ് ഇവിടെ വിജയം നേടിയത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷക്കിരുത്തിയതും ഏറ്റവും കൂടുതല്‍ എപ്ലസ് കരസ്ഥമാക്കിയതും എടരിക്കോട് പികെഎംഎച്ച്എസാണ്. ഇവിടെ 2422 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 290 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങളിലും എപ്ലസ് കരസ്ഥമാക്കി റെക്കോര്‍ഡിട്ടു. കഴിഞ്ഞ തവണയും എടരിക്കോട് പികെഎംഎച്ച്എസ്എസ് തന്നെയാണ് സംസ്ഥാനത്തുതന്നെ ഏറ്റവും കൂടുതല്‍ കുട്ടികളെ പരീക്ഷക്കിരുത്തിയതും ഏറ്റവും കൂടുതല്‍ മുഴുവന്‍ എപ്ലസ് നേട്ടം സ്വന്തമാക്കിയതും. അ്ഞ്ച് കുട്ടികളുടെ പരാജയമാണ് എടരിക്കോടിന് നൂറുശതമാനം എന്ന നേട്ടം നഷ്ടമായത്. 2422ല്‍ 2417 വിദ്യാര്‍ഥികളും ഇവിടെ വിജയിച്ചു.
79708 കുട്ടികള്‍ എസ്എസ്എല്‍സി പരീക്ഷ എഴുതിയ ജില്ലയില്‍ 77922 പേര്‍ തുടര്‍ പഠനത്തിന് അര്‍ഹത നേടിയിട്ടുണ്ട്. ജില്ലയിലെ 139 സ്‌കൂളുകള്‍ നൂറുമേനി വിളയിച്ചു. കഴിഞ്ഞ തവണ 116 സ്‌കൂളുകള്‍ നൂറുമേരി കൊയ്തിരുന്നു. 21 സര്‍ക്കാര്‍ സ്‌കൂളുകളാണ് നൂറ് മേനി കൊയ്തത്. എയ്ഡഡ് മേഖലയില്‍ 11 സ്‌കൂളുകള്‍ നൂറ് മേനി കൊയ്തപ്പോള്‍ അണ്‍എയ്ഡ് സ്‌കൂളുകളില്‍ 107 സ്‌കൂളുകളും നൂറ്മേനി നേട്ടത്തിന് അര്‍ഹരായി.
ജില്ലയില്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് പരീക്ഷ എഴുതിയ 28476 കുട്ടികളില്‍ 27744 പേര്‍ യോഗ്യത നേടി. എയ്ഡഡ് മേഖലയില്‍ 44309 കുട്ടികളില്‍ 43277 പേരാണ് തുടര്‍പഠനത്തിന് അര്‍ഹരായത്. അണ്‍ എയ്ഡഡ് മേഖലയില്‍ പരീക്ഷ എഴുതിയ 6923 കുട്ടികളില്‍ 6901 കുട്ടികളും ഉന്നത പഠനത്തിന് യോഗ്യത നേടി.

Sharing is caring!