രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍പ്രധാനമന്ത്രിക്ക് സമയമില്ല: കുഞ്ഞാലിക്കുട്ടി

രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍പ്രധാനമന്ത്രിക്ക് സമയമില്ല: കുഞ്ഞാലിക്കുട്ടി

മഞ്ചേരി: രാജ്യത്തെ കോര്‍പ്പറേറ്റുകള്‍ക്ക് പണമുണ്ടാക്കുന്നതിന് ജനവിരുദ്ധമായ രീതിയില്‍ കുറുക്കു വഴികള്‍ സൃഷ്ടിക്കുകയാണ് കേന്ദ്ര സര്‍ക്കാറെന്ന് മുസ്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മഞ്ചേരിയില്‍ എസ്.ടി.യു ജില്ലാ കമ്മറ്റി സംഘടിപ്പിച്ച മേയ്ദിന റാലി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനവും ഡിജിറ്റല്‍ ഇന്ത്യാ പ്രചരണവുമെല്ലാം അതിന്റെ ഭാഗമാണ്. രാജ്യത്ത് തൊഴിലാളി വിരുദ്ധ നിയമങ്ങളാണ് നിര്‍മ്മിച്ചു കൊണ്ടിരിക്കുന്നത്. രാജ്യം വലിയ പ്രയാസത്തിലൂടെയാണ് കടന്നു പോകുന്നത്. ഇടത്തരക്കാര്‍, തൊഴിലാളികള്‍, ചെറുകിട കച്ചവടക്കാര്‍ തുടങ്ങിയവരെ പട്ടിണിയിലേക്ക് തള്ളിവിടുന്ന സമീപനമാണ് മോദി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. രാജ്യത്തെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പ്രധാനമന്ത്രിക്ക് സമയമില്ല. പാര്‍ലമെന്റില്‍ വരുന്നില്ല. ജനങ്ങളോട് സംസാരിക്കുന്നില്ല. കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ഭരണം നടത്തുന്നു. അവര്‍ക്ക് വേണ്ടി രാജ്യത്ത് ജാതി, മത, പ്രാദേശിക ചേരി തിരുവുണ്ടാക്കി കലാപങ്ങള്‍ സൃഷ്ടിക്കുന്നു. ഇതിലൂടെ പട്ടിണിയും, മറ്റു ജീവിത പ്രശ്‌നങ്ങളും മറന്ന് ജനങ്ങള്‍ തമ്മിലടിക്കുന്നു. ഇത് തന്നെയാണ് കുത്തകകളും ബി.ജെ.പി സര്‍ക്കാറും ആഗ്രഹിക്കുന്നത്. വിദ്യാഭ്യാസം നല്‍കുന്നതിനോ മാനവ വിഭവ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനോ ഉള്ള പദ്ധതികളില്ല. തൊഴിലാളികളെ പോലും തമ്മിലടിപ്പിക്കുന്ന ആശയങ്ങളാണ് നടപ്പിലാക്കുന്നത്. തൊഴിലാളി വിരുദ്ധ ഉപദേശങ്ങളാണ് കേന്ദ്ര സര്‍ക്കാറിന് ലഭിക്കുന്നത്്. അതുകൊണ്ടാണ് സ്ഥിരം തൊഴില്‍ എന്നതിന് പകരം മനുഷ്യത്വ വിരുദ്ധമായ നിയമം കൊണ്ടു വന്നത്. ഇതിനെതിരെ യോജിച്ച പോരാട്ടം ആവശ്യമാണ്. ഇതിന് നേതൃനിരയില്‍ നില്‍ക്കേണ്ട ഇടുപക്ഷത്തിന് തൊഴിലാളികളെ സംഘടിപ്പിച്ച് മടുത്തുവെന്നാണ് അവരുടെ ഇപ്പോഴത്തെ മനോഭാവം കാണിക്കുന്നത്. കേന്ദ്ര സര്‍ക്കാറിനെതിരെ സി.പി.എം തൊഴിലാളികളെ സംഘടിപ്പിക്കുന്നതില്‍ നിന്നും പിന്തിരിയുന്ന സാഹചര്യത്തില്‍ ആ കര്‍ത്തവ്യം ഏറ്റെടുക്കുന്നതിന് എസ്.ടി.യുവിന് കഴിയണം. തൊഴില്‍ സംരക്ഷണത്തിന് വലിയ പ്രക്ഷോഭം നടത്തേണ്ടിവരുമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് വി.എ.കെ തങ്ങള്‍ അധ്യക്ഷത വഹിച്ചു. ദേശീയ ജനറല്‍ സെക്രട്ടറി അഡ്വ.എം.റഹ്മത്തുള്ള മെയ്ദിന സന്ദേശം നല്‍കി. ജില്ലാ ജനറല്‍ സെക്രട്ടറി വല്ലാഞ്ചിറ അബ്ദുല്‍ മജീദ് സ്വാഗതം പറഞ്ഞു. മുസ്ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.യു.എ.ലത്തീഫ്, എം.എല്‍.എമാരായ അഡ്വ.കെ.എന്‍.എ ഖാദര്‍, പി.അബ്ദുല്‍ ഹമീദ്, അഡ്വ.എം.ഉമ്മര്‍, മുസ്‌ലിം യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ.ഫൈസല്‍ ബാബു, എം.പി.എം ഇസ്ഹാഖ് കുരിക്കള്‍, എം.അബ്ദുള്ള കുട്ടി, വല്ലാഞ്ചിറ മുഹമ്മദാലി, അഡ്വ.എന്‍.സി.ഫൈസല്‍, അന്‍വര്‍ മുള്ളമ്പാറ, യൂസുഫ് വല്ലാഞ്ചിറ, കണ്ണിയന്‍ അബൂബക്കര്‍, ടി.എം നാസര്‍ പ്രസംഗിച്ചു.
കച്ചേരിപ്പടി ഇന്ദിരാഗാന്ധി ബസ് സ്റ്റാന്റ് പരിസരത്തുനിന്നും തുടങ്ങിയ മെയ് ദിന റാലിയില്‍ വിവിധ ഫെഡറേഷനുകളുടെ ബാനറില്‍ വനിതകള്‍ ഉള്‍പ്പെടെ നൂറ് കണക്കിന് തൊഴിലാളികള്‍ അണി നിരന്നു. പഴയ ബസ് സ്റ്റാന്റ് ഓഡിറ്റോറിയത്തില്‍ റാലി സമാപിച്ചു. റാലിക്ക് കെ.ടി.കുഞ്ഞാന്‍, ഉമ്മര്‍ ഒട്ടുമ്മല്‍, കെ.കെ.ഹംസ, ആതവനാട് അഹമ്മദ് കുട്ടി, ബി.കെ സൈതു, കെ.എം.സൈതലവി, സി.അബ്ദുല്‍ നാസര്‍, കൂട്ടായി ബാപ്പുട്ടി, സി.എച്ച്.ജമീല, കല്‍പ്പക ബാവ, അഡ്വ.എം.പി.ഗോപി, എ.മുനീറ, വി.പി.മണി, സിദ്ദീഖ് ചെറിയേരി, എം.ഉമ്മര്‍ മാസ്റ്റര്‍, അഷ്‌റഫ് ടാണ നേതൃത്വം നല്‍കി.

Sharing is caring!