സുഡാനി ഫ്രം നൈജീരിയയിലൂടെ മലപ്പുറത്തുനിന്നും മലയാള സിനിമയിലേക്ക് ഒരുപുതുമുഖഗായകന്‍

സുഡാനി ഫ്രം  നൈജീരിയയിലൂടെ മലപ്പുറത്തുനിന്നും  മലയാള സിനിമയിലേക്ക് ഒരുപുതുമുഖഗായകന്‍

മലപ്പുറം: മലപ്പുറത്തെ ഫുട്‌ബോള്‍ കളിയാവേശത്തിന്റെ കഥ പറഞ്ഞ് പുറത്തിറങ്ങിയ സുഡാനി ഫ്രം നൈജീരിയയിലൂടെ മലയാള സിനിമാ പിന്നണി ഗാന ശാഖയിലേക്ക് ഒരു പുതുമുഖ ഗായകന്‍ കൂടി. ഹിന്ദുസ്ഥാനി സംഗീത പാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും ജനിച്ച് വളര്‍ന്ന് ഒരറ്റ പാട്ടിലൂടെ സംഗീത ആസ്വാദകരുടെ മനം കവര്‍ന്നിരിക്കുകയാണ് ഇമാം മജ്ബൂറെന്ന ഈ മലപ്പുറത്തുകാരന്‍. സുഡാനി ഫ്രം നൈജീരിയ സിനിമയില്‍ അന്‍വര്‍ അലിയുടെ രചനയില്‍ റെക്‌സ് വിജയന്‍ സംഗീതം നല്‍കിയ കിനാവ് കൊണ്ടൊരു കളിമുറ്റം…….. വിദൂരമേതോ ദേശം…… എന്ന മെലഡി ഗാനത്തിനാണ് ഇമാം മജ്ബൂര്‍ ശബ്ദം നല്‍കിയത്. മലപ്പുറം മാരിയാട് മുതുക്കാട്ടില്‍ വീട്ടിലെ അസീസ് ഭായിയുടെയും ഫാത്തിമയുടെയും ഒമ്പത് മക്കളില്‍ എട്ടാമനായ ഇമാം മജ്ബൂര്‍ സ്‌കൂള്‍ കലോത്സവങ്ങളിലൂടെയാണ് പാട്ടിന്റെ വഴിയിലേക്ക് കടന്നുവന്നത്. മലപ്പുറത്തെ അറിയപ്പെട്ട പാട്ടുകാരനായ ഉപ്പയുടെ ശിഷ്യണവും മജ്ബൂറിന്റെ പാട്ടിന്റെ ലോകത്തേക്കുള്ള യാത്ര സുഗമമാക്കി. സുഡാനി ഫ്രം നൈജീരയയുടെ സംവിധായകനും സുഹൃത്തുമായ സക്കരിയ തന്നെയാണ് ഇമാം ബജ്ബൂറിന് ഈ പാട്ടിനുള്ള അവസരം നല്‍കിയത്. പിന്നണി ഗായിക നേഹ നായരും ഇമാം ബജ്ബൂറും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിട്ടുള്ളത്. സൂഫി സംഗീതത്തില്‍ ശ്രദ്ധ പതിപ്പിക്കുന്ന ഇമാം ബജ്ബൂര്‍ സുഹൃത്തും സൂഫിയാനാ ഗായകനുമായ മലപ്പുറം സ്വദേശി ഷമീര്‍ ബിന്‍ശിയോടൊപ്പം വിദേശത്തും സ്വദേശത്തുമായി നിരവധി വേദികളില്‍ ഇതിനകം പാടിക്കഴിഞ്ഞു. ഉര്‍ദു, അറബി, ഹിന്ദി, മലയാളം ഭാഷകളില്‍ ജലാലുദ്ധീന്‍ റൂമി അമീര്‍ ഖസ്‌റു, ഗൗസിഷാ, ഇച്ച മസ്താന്‍, അബ്ദുല്‍ റസാഖ് മസ്താന്‍ തുടങ്ങിയവര്‍ രചിച്ച സൂഫി കാവ്യങ്ങള്‍ ആലപിച്ചാണ് ഇവര്‍ സംഗീതാസ്വാദകരുടെ മനം കവരുന്നത്. സൗണ്ട് എന്‍ഞ്ചിനീയര്‍ കൂടിയായ ഇമാം മജ്ബൂര്‍ മഞ്ചേരിയില്‍ എസ്.എം റെക്കോര്‍ഡിംഗ് സ്റ്റുഡിയോ കൂടി നടത്തിവരികയാണ്.

Sharing is caring!