മലപ്പുറത്തിന് ഐ പി എല്‍ ക്രിക്കറ്റില്‍ ‘അരങ്ങേറ്റം’

മലപ്പുറം: ഫുട്‌ബോള്‍ ഭ്രാന്തന്‍മാരുടെ നാട്ടുകാരന് ക്രിക്കറ്റ് പൂരത്തില്‍ അരങ്ങേറ്റം. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് നടന്ന ചെന്നൈ സൂപ്പര്‍ കിങ്‌സ്-ഡെല്‍ഹി ഡെയര്‍ ഡെവിള്‍സ് മല്‍സരത്തിലാണ് ചെന്നൈയ്ക്കായി എടവണ്ണ കുണ്ടുതോട് സ്വദേശി കെ എം ആസിഫ് അരങ്ങേറ്റം കുറിച്ചത്. ആദ്യ മല്‍സരത്തില്‍ രണ്ട് വിക്കറ്റ് നേടി ആസിഫ് അരങ്ങേറ്റം ഗംഭീരമാക്കി.

ബോളേഴ്‌സിനെ തീരെ തുണയ്ക്കാത്ത പൂണെയിലെ ഗ്രൗണ്ടിലായിരുന്നു ആസിഫിന്റെ അരങ്ങേറ്റം. ചെന്നൈ പടുത്തുയര്‍ത്തിയ 211 റണ്‍സിന്റെ സ്‌കോര്‍ പിന്തുടര്‍ന്ന ഡല്‍ഹിയുടെ രണ്ട് ഓപ്പണര്‍മാരെയും മടക്കിയാണ് ആസിഫ് തുടക്കം ഗംഭീരമാക്കിയത്. തന്റെ ആദ്യ ഓവറിലെ നാലാം ബോളില്‍ തന്നെ വിക്കറ്റ് എടുത്ത് ആസിഫ് വരവറിയിച്ചു. ആസിഫിനെ ഉയര്‍ത്തി അടിക്കാനുള്ള ശ്രമത്തില്‍ രവീന്ദ്ര ജഡേജയുടെ കൈകളിലാണ് ഷായുടെ ഇന്നിങ്‌സ് അവസാനിച്ചത്.

തന്റെ രണ്ടാം ഓവറില്‍ ആസിഫ് വിക്കറ്റ് വേട്ട തുടര്‍ന്നു. രണ്ടാം ഓവറിലെ അവസാന പന്തില്‍ മറ്റൊരു ഓപ്പണര്‍ മുന്‌റോ ആണ് പുറത്തായത്. മല്‍സരത്തില്‍ 13 റണ്‍സിന് ചെന്നൈ ജയിച്ചു.

40 ലക്ഷം രൂപയ്ക്കാണ് ആസിഫിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. ദേശീയ 20-20 ക്രിക്കറ്റ് ടൂര്‍ണമെന്റായ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ പ്രകടനമാണ് ആസിഫിന് ചെന്നൈ ടീമില്‍ ഇടം നേടി കൊടുത്തത്. മണിക്കൂറില്‍ 140 കിലോമീറ്ററില്‍ ബോള്‍ ചെയ്യാനുള്ള വേഗതയും ആസിഫിന് അനുകൂലമായി.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *