ഒരിക്കല്‍ ഹജും ഉംറയും ചെയ്തവര്‍ ഇനി 35,202രൂപ അധികംനല്‍കണം

ഒരിക്കല്‍ ഹജും ഉംറയും ചെയ്തവര്‍  ഇനി 35,202രൂപ അധികംനല്‍കണം

മലപ്പുറം: സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഈ വര്‍ഷം തീര്‍ഥാടനത്തിന് അവസരം ലഭിച്ച രണ്ട് വയസിനുതാഴെയുളള കുട്ടികളുടെ വിമാനനിരക്കില്‍ മാറ്റം.
കേന്ദ്ര ഹജ് കമ്മിറ്റി പുതുതായി പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ പ്രകാരം വിമാനത്താവള നിരക്ക്,നികുതി ഉള്‍പ്പെടെ 11,660 രൂപയാണ് നെടുമ്പാശ്ശേരിയില്‍ നിന്നുളള നിരക്ക്.നേരത്തെയുളള സര്‍ക്കുലര്‍ പ്രകാരം 10,660 രൂപയായിരുന്നു.6,006 രൂപ വിമാനകമ്പനി നിരക്കും 5,653 മറ്റു നിരക്കുകളുമാണെന്ന് അധികൃതര്‍ പറയുന്നു.

ജീവിതത്തില്‍ ഒരിക്കല്‍ ഹജും ഉംറയും നിര്‍വഹിച്ചവര്‍ക്ക് ഈ വര്‍ഷം മുതല്‍ 2000 സൗദി റിയാല്‍ (35,202രൂപ) അധികം നല്‍കണം. തുടര്‍ച്ചയായി മൂന്ന് വര്‍ഷം ഉംറയും ഹജും നിര്‍വഹിച്ചവര്‍ക്ക് മാത്രം അധികം തുക നല്‍കിയാല്‍ മതിയെന്ന നിബന്ധനയാണ് മാറ്റിയത്. ഇതോടെ ഈ വര്‍ഷം ഹജിന് പോകുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും നിശ്ചിക തുകയോടൊപ്പം 35,202രൂപ അധികം നല്‍കേണ്ടിവരും. ഇവരുടെ ലിസ്റ്റ് കേന്ദ്രഹജ് കമ്മറ്റി പ്രസിദ്ധീകരിക്കും. ഇവര്‍ ഇതിന് ശേഷം നിശ്ചിത തുക അടക്കേണ്ടിവരും.

സംസ്ഥാന ഹജ് കമ്മറ്റിക്ക് കീഴില്‍ ഹജിന് പോകുന്നവര്‍ക്കുളള രണ്ടാംഗഡു പണം നിശ്ചയിച്ചതിന് ശേഷമാണ് സൗദിയുടെ പുതിയ സര്‍ക്കുലര്‍ കേന്ദ്രഹജ് കമ്മറ്റിക്ക് ലഭിച്ചത്.സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഹജിന് തിരഞ്ഞെടുക്കപ്പെട്ടവരില്‍ ഗ്രീന്‍ വിഭാഗക്കാര്‍ക്ക് 2,56,350 രൂപയും, അസീസിയ വിഭാഗക്കാര്‍ക്ക് 2,22,200 രൂപയുമാണ് മൊത്തം ചെലവ് വരിക. ഇതിന് പുറമെയാണ് രണ്ടായിരം റിയാല്‍ നേരത്തെ ഉംറ, ഹജ് നിര്‍വ്വഹിച്ചവര്‍ നല്‍കണമെന്ന് നിര്‍ദേശിച്ചത്. ഹജ് തീര്‍ഥാടകരില്‍ ഉംറ നിര്‍വ്വഹിക്കാത്തവര്‍ കുറവായതിനാല്‍ ഭൂരിഭാഗം പേര്‍ക്കും നിലവിലെ നിരക്കിനൊപ്പം അധികം തുക നല്‍കേണ്ടിവരും. നിലവില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഹജിന് ഇത്തവണ 21,000 രൂപ അധികം ചിലവ് വരുന്നുണ്ട്. ഹജ്ജ് സബ്‌സിഡി ഒഴിവാക്കിയതും. എയര്‍പോര്‍ട്ട് ടാക്‌സ് നിരക്ക് വര്‍ധിപ്പിച്ചതടക്കം ഇതിന് കാരണമായിട്ടുണ്ട്.
ഈവര്‍ഷം സംസ്ഥാന ഹജ് കമ്മിറ്റിക്ക് കീഴില്‍ തീര്‍ഥാടനത്തിന് തെരഞ്ഞെടുക്കപ്പെട്ടവര്‍ ബാക്കിതുക 23ന് മുമ്പായി ഹജ് കമ്മിറ്റിയില്‍ അടക്കണം. നേരത്തെ അടച്ച ഒന്നാംഗഡുവായ 81,000 രൂപക്ക് പുറമെ ഗ്രീന്‍കാറ്റഗറിക്കാന്‍ 1,75,350 രൂപയും അസീസിയ കാറ്റഗറിക്കാര്‍ 1.41,200രൂപയുമാണ് അടക്കേണ്ടത്.

അപേക്ഷാഫോറത്തില്‍ ബലികര്‍മത്തിനുള്ള കൂപ്പണ്‍ ആവശ്യപ്പെട്ടവര്‍ ഇതിനുള്ള 8,000രൂപകൂടി അധികം അടക്കണം. പണമടച്ചതിന് ശേഷം പേ-ഇന്‍ സ്ലിപ്പിന്റെ ഹജ് കമ്മിറ്റിക്കുള്ള കോപ്പി, എക്‌സിക്യൂട്ടീവ് ഓഫീസര്‍, കേരളാ സംസ്ഥാന ഹജ് കമ്മിറ്റി, ഹജ് ഹൗസ്, കാലിക്കറ്റ് എയര്‍പോര്‍ട്ട്(പി.ഒ) മലപ്പുറം 673647 എന്ന വിലാസത്തില്‍ അയക്കണം.

Sharing is caring!