രാജ്യത്തെ ആദ്യ ടെലി മെഡിസിന്‍ സംവിധാനം ചാലിയാര്‍ പഞ്ചായത്തില്‍

രാജ്യത്തെ ആദ്യ  ടെലി മെഡിസിന്‍  സംവിധാനം ചാലിയാര്‍  പഞ്ചായത്തില്‍

മലപ്പുറം: രാജ്യത്ത് പ്രാഥമിക ആരോഗ്യ കേന്ദ്രം ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ആദ്യ ടെലി മെഡിസിന്‍ സംവിധാനം മലപ്പുറം ജില്ലയിലെ ചാലിയാര്‍ പഞ്ചായത്തില്‍ നിലവില്‍ വരുന്നു. പി വി അബ്ദുല്‍ വഹാബ് എം.പിയുടെ ഫണ്ടില്‍ നിന്നും 30 ലക്ഷം രൂപ ചെലവിട്ടാണ് പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. ആദര്‍ശ ഗ്രാമ പദ്ധതി പ്രകാരം എം പി ദത്തെടുത്ത ഗ്രാമമാണ് ചാലിയാര്‍. മൂന്നു മാസത്തിനകം ടെലിമെഡിസിന്‍ പദ്ധതി യാഥാര്‍ഥ്യമാക്കും. 36 ആദിവാസി കോളനികളുള്ള പഞ്ചായത്താണ് ചാലിയാര്‍. അവര്‍ക്ക് മികച്ച വൈദ്യസഹായം ഒരുക്കുക എന്ന ഉദ്ദേശത്തോടെയാണ് പദ്ധതി തയ്യാറാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ പ്രാഥമിക ആരോഗ്യകേന്ദ്രം തലത്തില്‍ ആദ്യമായാണ് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഇത്തര ബൃഹത്തരമായൊരു പദ്ധതി നടപ്പാക്കുന്നത്.
ആദിവാസികള്‍ പലരും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലാണ് ചികില്‍സ തേടുന്നത്. മികച്ച ആശുപത്രികളെ സമീപിക്കുകയോ, വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം തേടുകയോ സാധാരണ ഗതിയില്‍ അവര്‍ ചെയ്യാറില്ല. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ ടെലി മെഡിസിന്‍ സംവിധാനം ഉപയോഗിച്ച് ഇവര്‍ക്ക് മികച്ച ചികില്‍സ തേടാനാകും. വിദഗ്ധരായ ഡോക്ടര്‍മാര്‍ക്ക് രോഗിയെ കണ്ട് രോഗ നിര്‍ണയം നടത്താനും സാധ്യമാകും. ഇതുമൂലം ആദിവാസി സമൂഹത്തിന്റെ ആരോഗ്യം ഉറപ്പ് വരുത്തുന്നതില്‍ വന്‍ കുതിച്ചു ചാട്ടം നടത്താനാകുമെന്ന് പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. ജില്ലാ ആരോഗ്യ വകുപ്പുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. ജില്ലാ ആശുപത്രി നിലമ്പൂര്‍, മഞ്ചേരി മെഡിക്കല്‍ കോളേജ്, കോഴിക്കോട് മിംസ് ആശുപത്രി എന്നിവിടങ്ങല്‍ലെ ഡോക്ടര്‍മാരാണ് രോഗികളെ ടെലിമെഡിസില്‍ സംവിധാനം വഴി പരിശോധിക്കുക.

Sharing is caring!