ഇന്ധനവില വര്‍ധനവില്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി

ഇന്ധനവില വര്‍ധനവില്‍  എല്‍.ഡി.എഫ് സര്‍ക്കാരിന്  സന്തോഷമെന്ന് കുഞ്ഞാലിക്കുട്ടി

മലപ്പുറം: ഇന്ധനവില വര്‍ധനവില്‍ എല്‍ ഡി എഫ് സര്‍്ക്കാരിന് സന്തോഷമാണ് തോന്നുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വില വര്‍ധനവിന്റെ ഓരോഹരി അവര്‍ക്കും ലഭിക്കുന്നുണ്ട്. അത് വേണ്ടെന്ന് വെച്ച് ജനത്തിന്റെ ഭാരം കുറയ്ക്കാന്‍ അവര്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. യു ഡി എഫ് സര്‍ക്കാരിന്റെ കാലത്ത് ഇന്ധനവില വര്‍ധവ് ജനങ്ങള്‍ക്ക് മേല്‍ ഭാരമാകാതിരിക്കാന്‍ യു ഡി എഫ് സര്‍ക്കാര്‍ നികുതി കുറച്ചത് ചൂണ്ടികാട്ടിയാണ് അദ്ദേഹം ഈ ആക്ഷേപം ഉന്നയിച്ചത്.

രൂക്ഷമായ ഇന്ധന വിലവര്‍ധനവ് മൂലമുണ്ടായ ബുദ്ധിമുട്ടുകള്‍ യു പി എയും, യു ഡി എഫും ചര്‍ച്ച ചെയ്യും. ജനങ്ങളുടെ ബുദ്ധിമുട്ട് മനസിലാക്കി യു പി എ-യു ഡി എഫ് തലത്തില്‍ പ്രക്ഷോഭങ്ങളടക്കം സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനജീവിതം തീര്‍ത്തും ദുസഹമായ സാഹചര്യത്തിലൂടെയാണ് ഇന്ത്യ കടന്നു പോകുന്നതെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഇന്ധനവില സര്‍വകാല റെക്കോര്‍ഡിലെത്തിയിരിക്കുന്നു, പെട്രോള്‍, ഡീസല്‍ വിലയിലെ അന്തരം കുറയുന്നു. സാമ്പത്തികമാന്ദ്യമടക്കമുള്ള പ്രയാസങ്ങള്‍ക്കിടയില്‍ ഇന്ധനവില വര്‍ധന കൂടി ആകുന്നതോടെ ജനജീവിതം ആകെ ദുസഹമായെന്ന് പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ജനക്ഷേമം എന്നത് ഏതാനും പേര്‍ക്ക് മാത്രമായി ചുരുങ്ങുകയാണ് എന്‍ ഡി എ ഭരണത്തിന് കീഴിലെന്ന് അദ്ദേഹം പറഞ്ഞു. ഇത്രയധികം നികുതി വരുമാനം ഇന്ധന വില്‍പനയിലൂടെ ലഭിച്ചിട്ടും പൊതുജനങ്ങള്‍ക്ക് അതിന്റെ ഗുണഫലം ലഭിക്കുന്നില്ല. ടോയ്ലെറ്റ് നിര്‍മാണത്തിന്റെ പേര് പറഞ്ഞ് ആളുകളെ പറ്റിക്കുകയാണ്. യു പി എ സര്‍ക്കാര്‍ കൊണ്ടുവന്ന സാമൂഹ്യക്ഷേമ പദ്ധതികള്‍ അടക്കം മന്ദഗതിയിലാണ്. രാജ്യത്തുണ്ടായിരുന്ന വികസനം അപ്രത്യക്ഷമായി. തൊഴില്‍ മേഖലയില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാകുന്നില്ല. യു പി എ സര്‍ക്കാരിന്റെ കാലത്ത് ഇന്ത്യ ചൈനയോട് വിവിധ മേഖലകളില്‍ മല്‍സരിച്ചിരുന്ന സാഹചര്യം ഇന്നില്ലെന്നും അദ്ദേഹം പറഞ്ഞു

.

Sharing is caring!