മലപ്പുറത്തെ കലാപഭൂമിയാക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്ന് ലീഗ് നേതാക്കള്‍ എസ്.പിയോട് ആവശ്യപ്പെട്ടു

മലപ്പുറത്തെ കലാപഭൂമിയാക്കാന്‍ ഫാസിസ്റ്റ് ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ  കരുതിയിരിക്കണമെന്ന് ലീഗ് നേതാക്കള്‍ എസ്.പിയോട് ആവശ്യപ്പെട്ടു

മലപ്പുറം: സമാധാനത്തിലും മതസൗഹാര്‍ദത്തിലും കേളികേട്ട മലപ്പുറത്തെ കലാപഭൂമിയാക്കാന്‍ ഫാസിസ്റ്റു ശക്തികള്‍ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ കരുതിയിരിക്കണമെന്നും അത്തരക്കാര്‍ക്കെതിരെ പൊലീസ് കൈക്കൊള്ളുന്ന എല്ലാ നടപടികള്‍ക്കും മുസ്്ലിം ലീഗ് പൂര്‍ണപിന്തുണ നല്‍കുമെന്നും ജില്ലാ മുസ്്ലിം ലീഗ് നേതൃത്വം അറിയിച്ചു. അതേ സമയം നിരപരാധികളെ വേട്ടയാടുന്നതും അറസ്റ്റു ചെയ്ത് ജയിലിലടക്കുന്നതും ന്യായീകരിക്കാനാവില്ലെന്നും സി.പി.എം ആജ്ഞാനവര്‍ത്തികളായി മാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിലക്കുനിര്‍ത്തണമെന്നും നേതാക്കള്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടു ആവശ്യപ്പെട്ടു.
കേരളത്തിലേയും വിശിഷ്യാ മലപ്പുറത്തെയും സമാധാന അന്തരീക്ഷം നകര്‍ക്കാനും സൗഹൃദം കളങ്കപ്പെടുത്താനും ഏറെ കാലമായി ഫാസിസ്റ്റുകള്‍ ശ്രമിച്ചു വരികയാണെന്ന് നേതാക്കള്‍ പറഞ്ഞു. വിവിധ ഭാഗങ്ങളിലുമുണ്ടായ കൊലപാതകങ്ങള്‍ തൊട്ട് ബീഫ് നിരോധന ദിവസത്തെ നിലമ്പൂരില്‍ ക്ഷേത്രത്തിനകത്തെ വിഗ്രഹം തകര്‍ക്കല്‍, കുറ്റിപ്പുറം പാലത്തിനടിയില്‍ കണ്ടെത്തിയ ആയുധശേഖരം എറ്റവും ഒടുവിലത്തെ വാര്‍ട്സ്ആപ് ഹര്‍ത്താല്‍ ആഹ്വാനം വരെ ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്. എന്നാല്‍ ഒരോ സമയത്തും ജില്ലയിലെ മുസ്്ലിം ലീഗ് നേതൃത്വത്തിന്റെ ശക്തമായ ഇടപെടലാണ് ഫാസിസ്റ്റുകളുടെ ഹിഡന്‍ അജണ്ടകളെ പരാജയപ്പെടുത്തിയത്.
സമാധാനം കാത്ത് സൂക്ഷിക്കാന്‍ പ്രതിജ്ഞാ ബന്ധമായ ഒരു രാഷ്ട്രീയ പാര്‍ട്ടി എന്ന നിലയില്‍ ഒരു പാട് സഹിക്കേണ്ടി വന്നിട്ടുണ്ടെന്നും നേതാക്കള്‍ പറഞ്ഞു. മുസ്്ലിം സമുദായത്തിനകത്തു നിന്നും തീവ്രവാദികള്‍ തലപൊക്കാന്‍ ശ്രമിച്ചപ്പോഴെല്ലാം അവരെ ശക്തമായി എതിര്‍ക്കുകയും അവരുടെ നീക്കങ്ങളെ പരാജയപ്പെടുത്തുകയും ചെയ്യാന്‍ ലീഗ് ശ്രമംനടത്തിയിട്ടുണ്ട്. മലപ്പുറം ജില്ല തന്നെ മുസ്ലിം ലീഗിന്റെ സംഭാവനയാണ്. ഈ പുരോഗതയിലേക്ക് ജില്ലയെ കൊണ്ടെത്തിക്കുന്നതിലും ലീഗ് വഹിച്ച പങ്ക് ആര്‍ക്കും നിഷേധിക്കാനാവില്ല. അതിനാല്‍ ഈ ജില്ലയുടെ നന്മയോടെയുള്ള നിലനില്‍പ്പും മുസ്്ലിം ലീഗിന്റെ ബാധ്യതയാണ്. അതിനു വേണ്ടി നടത്തുന്ന എല്ലാ ശ്രമങ്ങളേയും മുസ്്ലിം ലീഗ് പിന്തുണക്കും. അതിന്റെ പേലില്‍ നിരപരാധികളെ അകാരണമായി പീഢിപ്പിക്കുന്നതും ജയിലിലടക്കുന്നതും കൈയുംകെട്ടി നോക്കി നില്‍ക്കില്ലെന്നും ജില്ലാ പൊലീസ് മേധാവിയെ കൊണ്ടു നേതാക്കള്‍ അറിയിച്ചു.
നിരപരാധികളെ യാതൊരു കാരണവശാലും അറസ്റ്റ് ചെയ്യില്ലെന്നും, അങ്ങനെ ഏതെങ്കിലും പ്രദേശത്തുണ്ടായിട്ടുണ്ടെങ്കില്‍ അക്കാര്യം ശ്രദ്ധയില്‍ പെടുത്തിയാല്‍ പുനപരിശോധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി ഉറപ്പു നല്‍കി. മുസ്്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫിന്റെ നേതൃത്വത്തില്‍ എം.എല്‍.എമാരായ പി. അബ്ദുല്‍ ഹമീദ്, പി. ഉബൈദുല്ല, സി. മമ്മൂട്ടി, പി.കെ ബഷീര്‍, ടി.വി ഇബ്രാഹീം, ജില്ലാ മുസ്്ലിം ലീഗ് ഭാരവാഹികളാ സലീം കുരുവമ്പലം, എം. അബ്ദുല്ലകുട്ടി, ഇസ്മാഈല്‍ മൂത്തേടം, നൗഷാദ് മണ്ണിശ്ശേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ എസ്.പിയുമായുള്ള കൂടികാഴ്ച്ചയില്‍ സംബന്ധിച്ചു.

Sharing is caring!