നാലാം തവണയും സ്വന്തംനാട്ടില്‍ തണ്ണിമത്തന്‍ വിളയിച്ച് നാസര്‍

നാലാം തവണയും  സ്വന്തംനാട്ടില്‍  തണ്ണിമത്തന്‍  വിളയിച്ച് നാസര്‍

കരുളായി: ചുട്ടുപൊള്ളുന്ന വേനലിലെ ദാഹശമനിയാണ് തണ്ണിമത്തന്‍. ഏറെ മുടക്കമില്ലാതെ നാലാം തവണയും തണ്ണിമത്തന്‍ വിളയിച്ച് കരുളായിയിലെ യുവ കര്‍ഷകന്‍. നാട്ടില്‍ വിളയിച്ച തണ്ണി മത്തന്‍ എന്ന് പറഞ്ഞപ്പോള്‍ കരുളായിക്കാര്‍ മൂക്കത്ത് കൈ വെച്ച കാലമുണ്ടായിരുന്നു. അന്ന് കേരളത്തിന് അത്ര പരിചിതമല്ലായിരുന്നു തണ്ണി മത്തന്‍. ഇന്ന് സ്ഥിതി മാറി മറുനാടന്‍ സംസ്ഥാനങ്ങളില്‍ വിളയുന്ന അതേ വിളവ് തണ്ണിമത്തന് മലയാള മണ്ണിലും ലഭിക്കുമെന്ന് കര്‍ഷകര്‍ക്ക് ബോധ്യപ്പെട്ടതോടെ കൃഷി വ്യാപിപ്പിച്ചു. മുടക്കമില്ലാതെ നാലാം തവണയാണ് കരുളായി പുള്ളിയില്‍ സ്വദേശി തലക്കോട്ട് പുറം ടി.പി.നാസര്‍ തണ്ണി മത്തന്‍ കൃഷി ചെയ്ത് വിളവെടുക്കുന്നത്. എല്ലാ വര്‍ഷത്തെയും പോലെ ഈ വര്‍ഷവും നൂറ് മേനി വിളവ് കര്‍ഷകനെ തേടിയെത്തി. ആധുനിക ഇറിഗേഷന്‍ വിത്ത് ഫെര്‍ട്ടിഗേഷന്‍ സംവിധാനം ഉപയോഗപ്പെടുത്തിയാണ് ടി.പി.നാസര്‍ കൃഷി നടത്തിയത്. നാടന്‍ തണ്ണി മത്തന്‍ ഇനമായ നാമദാരി, ഇറാനിയന്‍ ഇനമായ സിന്‍ഗദ്ദ തുടങ്ങിയ ഇനങ്ങളാണ് കൃഷി ചെയ്തത്. തികച്ചും ജൈവ രീതിയിലാണ് കൃഷി നടത്തിയത്. അറുപത് ദിവസമാണ് തണ്ണി മത്തന്‍ വിളവ് പാകമാവാന്‍ വേണ്ട സമയം. 25 രൂപ നിരക്കിലാണ് വിപണനം നടത്തുന്നതെന്നും തണ്ണി മത്തന്‍ കൃഷി കരുളായിയുടെ മണ്ണില്‍ സുരക്ഷിതമാണെന്നും അല്‍പം ശ്രദ്ധിച്ചാല്‍ മികച്ച വിളവ് നേടാന്‍ ആവുമെന്നും നാസര്‍ പറയുന്നു. രണ്ട് ഏക്കര്‍ വരുന്ന പാടശേഖരത്തിലാണ് നാസര്‍ കൃഷി നടത്തുന്നത്. കരുളായില്‍ തന്റെ കൃഷിയിടത്തില്‍ നടന്ന വിളവെടുപ്പ് കര്‍ഷകന്‍ തന്നെ നിര്‍വ്വഹിച്ചു. കരുളായി കൃഷി ഭവനിലെ സീനിയര്‍ കൃഷി അസിസ്റ്റന്റ് സി.സി.സുനിലിന്റെ പിന്തുണയും നിര്‍ദ്ദേശത്തിലുമാണ് കൃഷി നടത്തുന്നത്. തണ്ണിമത്തന് പുറമെ പച്ചക്കറി വിളകളും നാസര്‍ വിളയിക്കുന്നുണ്ട്. സ്വന്തം വീട്ടില്‍ വളര്‍ത്തുന്ന ആടുകളുടെയും, പശു കിടാരികളുടെയും വളമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. വിളവെടുത്ത തണ്ണിമത്തന്‍ കരുളായിയിലെ തന്നെ വിപണന കേന്ദ്രത്തിലാണ് വില്‍പന നടത്തുന്നത്. വിഷമുക്തമായതിനാല്‍ ആവശ്യക്കാരും ഏറെയാണ്. എന്നും ആധുനിക രീതികള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഈ കര്‍ഷകന്‍ പുതു കൃഷിരീതികളും പരീക്ഷിച്ച് കരുളായിക്ക് തന്നെ മാതൃകയാവുകയാണ്.

Sharing is caring!