ഫേസ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ചവര്‍ക്കെതിരെ ഷൗക്കത്ത് നഈമി

ഫേസ്ബുക്ക് പോസ്റ്റ് വളച്ചൊടിച്ചവര്‍ക്കെതിരെ ഷൗക്കത്ത് നഈമി

കോഴിക്കോട്: ഫേസ്ബുക്കിലിട്ട പോസ്റ്റ് വളച്ചൊടിച്ചവര്‍ക്കെതിരെ എസ്എസ്എഫ് ദേശീയ നേതാവ് ഷൗക്കത്ത് നഈമി അല്‍ബുഖാരി. കാശ്മീരില്‍ സംഘ്പരിവാര്‍ കൊലപ്പെടുത്തിയ പെണ്‍കുട്ടിയുടെ കുടംബത്തെ സന്ദര്‍ശിച്ചതുമായി ബന്ധപ്പെട്ട പോസ്റ്റ് വളച്ചൊടിച്ചവര്‍ക്കെതിരെയാണ് ഷൗക്കത്ത് നഈമി രംഗത്ത് വന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

കൊണ്ടോട്ടി സഖാക്കളോട് വിനയപൂര്‍വ്വം,

ഇ.ടി.ബഷീര്‍ സാഹിബിനെതിരെ ആയിരുന്നില്ല എന്റെ പോസ്റ്റ്.
ഞാന്‍ അദ്ദേഹത്തെക്കാള്‍ മുന്നേയെത്തി എന്ന രീതിയില്‍ ചിലര്‍ വീമ്പ് പറയുന്നത് ശ്രദ്ധയില്‍പെട്ടപ്പോള്‍ അവരെ വിലക്കിക്കൊണ്ടാണ് ഞാന്‍ പോസ്റ്റിട്ടത്. ഇ.ടി. സാഹിബിന്റെ ഇടപെടലുകളെയും ബഹുമാനത്തോടെ കാണണമെന്നാണ് ഞാന്‍ ഉണര്‍ത്തിയത്. വാക്കുകളുടെ അര്‍ത്ഥവും ലക്ഷ്യവും മനസിലാക്കാതെ ദുര്‍വ്യാഖ്യാനിച്ച് രാഷ്ട്രീയക്കളി നടത്തരുത്.

ഞാന്‍ പ്രസ്ഥാനത്തിന്റെ പ്രതിനിധിയായി ആസിഫയുടെ കുടുംബത്തെ സന്ദര്‍ശിച്ചത് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്ക് വെച്ചു. അതിന് പക്ഷേ, തുടര്‍ പ്രവര്‍ത്തനങ്ങളില്‍ പൊതു സമൂഹത്തിന്റെ പിന്തുണ കിട്ടട്ടെ എന്ന ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ.

സദുദ്ദേശത്തോടെ നന്‍മകള്‍ ചെയ്തിട്ട് അതു കാട്ടി വീമ്പ് പറയുന്നത് അല്‍പത്തരമാണ് എന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു.

നിങ്ങളുടെ ഈ പോസ്റ്റ് പിന്‍വലിക്കണം. ഇത് കണ്ടിട്ട് കുറെ ലീഗ് പ്രവര്‍ത്തകര്‍ എനിക്ക് നേരെ ആക്ഷേപങ്ങള്‍ ചൊരിയുന്നുണ്ട്. അവരും വസ്തുത മനസ്സിലാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

(അവഗണിച്ചതായിരുന്നു. പക്ഷേ, പ്രസ്ഥാനത്തെ തന്നെ തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ വ്യാപക പ്രചരണം കണ്ടപ്പോള്‍ പ്രതികരിക്കാന്‍ നിര്‍ബന്ധിതനായി. തുടര്‍ ചര്‍ച്ചകളായി ആരും ഇത് മുന്നോട്ട് കൊണ്ടു പോവരുതേ.)

Sharing is caring!