അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍ ഭീകരവാദ സ്വഭാവമുള്ള എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും: ആര്യാടന്‍ മുഹമ്മദ്

അപ്രഖ്യാപിത ഹര്‍ത്താലിന് പിന്നില്‍  ഭീകരവാദ സ്വഭാവമുള്ള എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയും: ആര്യാടന്‍ മുഹമ്മദ്

മലപ്പുറം: സോഷ്യല്‍മീഡിയ പ്രഖ്യാപിച്ച ഹത്താലിന് പിന്നില്‍ ഭീകരവാദ സ്വഭാവമുള്ള എസ്.ഡി.പി.ഐയും വെല്‍ഫെയര്‍ പാര്‍ട്ടിയുമാണെന്ന് മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ആര്യാടന്‍ മുഹമ്മദ്. അക്രമസമരങ്ങള്‍ക്കെതിരെ മലപ്പുറത്ത് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ നേതൃധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തിയവരെ കണ്ടെത്തി അറസ്റ്റ് ചെയ്യണം. സാമൂഹ്യമാദ്ധ്യമങ്ങളെ കൂട്ടുപിടിച്ച് കലാപം സൃഷ്ടിക്കാനാണ് ഇവരുടെ ശ്രമം. കോണ്‍ഗ്രസിനോ സി.പി.എമ്മിനോ സി.പി.ഐക്കോ മുസ്ലിം ലീഗിനോ അക്രമങ്ങളുമായി ബന്ധമില്ല. രാജ്യത്ത് എങ്ങനെ കലാപം സൃഷ്ടിക്കാമെന്ന് ആലോചിക്കുന്ന തീവ്രസ്വഭാവമുള്ള വര്‍ഗീയ സംഘടനകളാണ് അക്രമം അഴിച്ചുവിട്ടത്. ഈ വര്‍ഗീയത നാടിന് ആപത്താണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഇനിയെങ്കിലും സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണം. ഹര്‍ത്താലിന്റെ മറവില്‍ അക്രമം ഉണ്ടാകുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് കിട്ടിയിട്ടും മുഖ്യമന്ത്രി പിണറായി വിജയന്‍ കയ്യും കെട്ടി നോക്കിനിന്നു. സര്‍ക്കാരിന്റെ അനാസ്ഥ വര്‍ഗീയവാദികള്‍ക്ക് തുണയാകുന്നുണ്ടെന്നും ആര്യാടന്‍ മുഹമ്മദ് പറഞ്ഞു. എം.ഐ. ഷാനവാസ് എം.പി മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി, ഡി.സി.സി, വിവിധ പോഷകസംഘടനാ ഭാരവാഹികള്‍ ധര്‍ണ്ണയില്‍ പങ്കെടുത്തു.

Sharing is caring!