അസഹിഷ്ണുത രാജ്യത്തെ അപകടത്തിലേക്ക് നയിക്കും : പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

അസഹിഷ്ണുത രാജ്യത്തെ അപകടത്തിലേക്ക് നയിക്കും : പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍

മഞ്ചേരി: രാജ്യത്ത് വളര്‍ന്നു കൊണ്ടിരിക്കുന്ന അസഹിഷ്ണുത ക്രമസമാധാനത്തെയും സൈ്വരജീവിതത്തെയും തകര്‍ക്കുമെന്ന് സമസ്ത കേന്ദ്ര മുശാവറ ജോ. സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍. ഇക്കഴിഞ്ഞ ദിവസം ഉണ്ടായ ഹര്‍ത്താലും അക്രമസംഭവങ്ങളും അസഹിഷ്ണുതയുടെ ഉദാഹരണങ്ങളാണ്. ജനാധിപത്യ രാജ്യത്ത് ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കാന്‍ ഓരോ പൗരനും ബാധ്യതയുണ്ട്. യഥാര്‍ത്ഥ മതവിശ്വാസിക്ക് ഒരിക്കലും ഇതര സമുദായങ്ങളോട് അസഹിഷ്ണുതയോടെ പ്രവര്‍ത്തിക്കാനാവില്ല. പുതുതലമുറക്ക് ധാര്‍മിക വിദ്യാഭ്യാസവും മൂല്യബോധവും നല്‍കി വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടു.
കാല്‍ നൂറ്റാണ്ട് പൂര്‍ത്തിയായ മഞ്ചേരി ജാമിഅ ഹികമിയ്യ സ്ഥാപനങ്ങളുടെ സില്‍വര്‍ ജൂബിലി ആഘോഷ പരിപാടി ഇന്ന് ആരംഭിക്കും. രാവിലെ 9ന് നടക്കുന്ന ‘എഡ്യുസമ്മിറ്റ്’ കേരള ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ. സി ശ്രീധരന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴിന് നടക്കുന്ന മജ്‌ലിസുത്തസ്‌കിയ കെ പി എച്ച് തങ്ങള്‍ കാവനൂര്‍ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 19ന് വൈകീട്ട് 7 മണിക്ക് നടക്കുന്ന സമ്മേളനം മുഫ്തീ മുഹമ്മദ് റഫീഖ് അല്‍ ഖാദിരി മുംബൈ ഉദ്ഘാടനം ചെയ്യും. 20ന് മൂന്ന് മണിക്ക് നടക്കുന്ന സ്റ്റുഡന്‍സ് കോണ്‍ഫറന്‍സ് കെ മുരളീധരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. വൈകീട്ട് ഏഴ് മണിക്ക് നടക്കുന്ന ആത്മീയ സമ്മേളനം സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷന്‍ ഷിറിയ ആലിക്കുഞ്ഞി മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. 21ന് രാവിലെ 10ന് നടക്കുന്ന പ്രാസ്ഥാനിക സമ്മേളനം വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, ഉച്ചക്ക് രണ്ടിന് നടക്കുന്ന സെമിനാര്‍ മന്ത്രി ഡോ. കെ ടി ജലീല്‍, വൈകീട്ട് അഞ്ചിന് നടക്കുന്ന മാനവ സൗഹാര്‍ദ്ദ സമ്മേളനം അഡ്വ. എം ഉമ്മര്‍ എം എല്‍ എ, ഏഴിന് നടക്കുന്ന ആദര്‍ശ സമ്മേളനം കാന്തപുരം എ പി മുഹമ്മദ് മുസ്‌ലിയാര്‍ എന്നിവര്‍ ഉദ്ഘാടനം ചെയ്യും. 22ന് വൈകീട്ട് അഞ്ചിനു നടക്കുന്ന സമാപന സമ്മേളനം കാന്തപുരം എ പി അബുബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും.
വാര്‍ത്താ സമ്മേളനത്തില്‍ ഹികമിയ പ്രസിഡണ്ട് സയ്യിദ് ഹബീബ് കോയ തങ്ങള്‍, മീഡിയ കണ്‍വീനര്‍ യുടിഎം ശമീര്‍ പുല്ലൂര്‍ എന്നിവരും പങ്കെടുത്തു.

Sharing is caring!