ഹര്‍ത്താല്‍ സംഘര്‍ഷം; മലപ്പുറം ജില്ലയിലെ മൂന്ന് പോലീസ് സ്റ്റേഷനുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

ഹര്‍ത്താല്‍ സംഘര്‍ഷം; മലപ്പുറം ജില്ലയിലെ മൂന്ന്  പോലീസ് സ്റ്റേഷനുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു

മലപ്പുറം: മലപ്പുറം മൂന്ന് പോലീസ് സ്റ്റേഷന്‍ പരിധികളില്‍ മലപ്പുറം ജില്ലാ പോലീസ് മേധാവി നിരോധനാജ്ഞ പുറപ്പെടുവിച്ചു. മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധികളിലാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്.

സോഷ്യല്‍ മീഡിയ പ്രഖ്യാപിച്ച ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമങ്ങളും പൗരാവകാശ ധ്വംസനങ്ങളും നടന്നുവരുന്നതായ സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മലപ്പുറം ജില്ലയിലെ താനൂര്‍, തിരൂര്‍, പരപ്പനങ്ങാടി പോലീസ് സ്റ്റേഷന്‍ പരിധികളില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിനും പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്നതിനുമായി കേരളാ പോലീസ് നിയമത്തിലെ 78, 79 വകുപ്പുകള്‍ പ്രകാരം അക്രമങ്ങള്‍ തടയുന്നതിനും പൊതുസമ്മേളനങ്ങള്‍, പ്രകടനങ്ങള്‍ എന്നിവ നിരോധിച്ചു ഉത്തരവിടുന്നതെന്ന് മലപ്പുറം ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്റ ഉത്തരവില്‍ വ്യക്തമാക്കി.

സോഷ്യല്‍ മീഡിയിയില്‍ പ്രചരിപ്പിക്കപ്പെട്ട ഹര്‍ത്താലില്‍ മലപ്പുറത്തെ ചില മേഖലകളില്‍ വ്യാപക സംഘര്‍ഷമാണുള്ളത്. താനൂരില്‍ ഹര്‍ത്താല്‍ അനുകൂലികളെന്ന് കരുതുന്ന ഒരു സംഘം കെഎസ്ആര്‍ടിസി ബസ് അടിച്ചുതകര്‍ത്തു. ഇവരെ നേരിടാനെത്തിയ പോലീസ് ഗ്രനേഡ് എറിഞ്ഞു. വ്യാപക സംഘര്‍ഷത്തിന് സാധ്യതയുണ്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്. പ്രദേശത്ത് കൂടുതല്‍ പോലീസിനെ വിന്യസിക്കുമെന്നാണ് ഉന്നത ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം.

Sharing is caring!