താനൂര്‍ ഗവ. കോളേജ് വിഷയത്തില്‍ ഹൈക്കോടതിയുടെ ഇടപെടല്‍

താനൂര്‍ ഗവ. കോളേജ് വിഷയത്തില്‍  ഹൈക്കോടതിയുടെ ഇടപെടല്‍

താനൂര്‍: താനൂര്‍ ഗവ. കോളേജ് നിര്‍മ്മാണം പൂര്‍ത്തിയായ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റണമെന്നാവശ്യപ്പെട്ടു നല്‍കിയ ഹരജി ഹൈക്കോടതി സര്‍ക്കാരിന്റെ വിശദീകരണത്തിനായി മാറ്റി. ന്യുനപക്ഷ മേഖലയായ താനൂരില്‍ ഒരു കോളേജ് ആരംഭിക്കുന്നതിന്റെ അനിവാര്യത മുന്‍ എം.എല്‍.എ അബ്ദുറഹിമാന്‍ രണ്ടത്താണി നിയമസഭയില്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് താനൂരില്‍ കോളേജ് തുടങ്ങുന്നത്. അന്ന് താല്‍ക്കാലിക സംവിധാനമെന്ന നിലയില്‍ പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ഐ ടി ഐ കെട്ടിടത്തിലും വാടക മുറികളിലുമായാണ് ക്ലാസ്സുകള്‍ ആരംഭിച്ചത്. തുടര്‍ന്ന് ഫിഷറീസ് വകുപ്പിന്റെ കൈവശമുള്ള 3 ഏക്കര്‍ ഭൂമി കെട്ടിടം പണിയുന്നതിനായി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കൈമാറി. താമസിയാതെ മുന്‍ എം.എല്‍.എ യുടെ ആസ്തി വികസന ഫണ്ടില്‍ നിന്നും ഒന്നരക്കോടി ചെലവഴിച്ചു കോളേജിന് വേണ്ടിയുള്ള കെട്ടിടം പണിപൂര്‍ത്തിയാക്കി. തുടര്‍ന്ന് 2016 ഫെബ്രുവരിയില്‍ അന്നത്തെ വ്യവസായ വകുപ്പ് മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി കെട്ടിടത്തിന്റെ ഉദ്ഘാടനം നടത്തിയെങ്കിലും നാളിതുവരെ പുതിയ കെട്ടിടത്തിലേക്ക് കോളേജ് മാറ്റിയിട്ടില്ല എന്ന കാര്യം താനൂര്‍ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സലാമും വിദ്യാര്‍ഥികളുടെ രക്ഷിതാക്കളും ചേര്‍ന്നാണ് അഡ്വ. കെ.ഐ. അബ്ദുല്‍ റഷീദ് മുഖേന ഹൈക്കോടതിയില്‍ ഹരജി നല്‍കിയിട്ടുള്ളത്.
ഐ.ടി.ഐ കെട്ടിടത്തില്‍ കോളേജ് നടത്താന്‍ ഒരു വര്‍ഷം മാത്രമേ അനുവാദമുള്ളൂ എന്നിരിക്കെ പുതിയ കെട്ടിടം വെറുതേയിട്ടുകൊണ്ടു കോളേജ് അവിടെത്തന്നെ തുടരുന്നത് നിയമവിരുദ്ധമാണെന്ന് ഹാരാജിക്കാര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും ആവശ്യമായ വിശ്രമ മുറിയോ ശുചി മുറിയോ ഇല്ലാതെയാണ് നിലവിലുള്ള ക്ലാസ്സുകള്‍ പ്രവര്‍ത്തിക്കുന്നത്. ഈ സാഹചര്യത്തില്‍ വരുന്ന അധ്യായന വര്‍ഷം തന്നെ കോളേജ് പുതിയ കെട്ടിടത്തിലേക്ക് മാറ്റണമെന്നാണ് ഹര്ജിക്കാരുടെ ആവശ്യം.

ഈ ആവശ്യം ഉന്നയിച്ചു താനൂര്‍ നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഫെബ്രുവരി 6, 7 തിയ്യതികളില്‍ സമരയാത്ര നടത്തുകയും വിദ്യാഭ്യാസ മന്ത്രി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, താനൂര്‍ എം.എല്‍.എ വി അബ്ദുറഹിമാന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി എന്നിവര്‍ക്ക് നിവേദനം നല്‍കിയിരുന്നു.

Sharing is caring!