പ്രസവത്തിനെത്തുന്നവരെ നിര്‍ബന്ധിത സിസേറിയന് വിധേയമാക്കി ഡോക്ടര്‍മാര്‍

പ്രസവത്തിനെത്തുന്നവരെ  നിര്‍ബന്ധിത സിസേറിയന്  വിധേയമാക്കി ഡോക്ടര്‍മാര്‍

പൊന്നാനി:പ്രസവത്തിനെത്തുന്നവരെ നിര്‍ബന്ധിത സിസേറിയന് വിധേയമാക്കി പൊന്നാനി താലൂക്കാശുപത്രിയിലെ ഡോക്ടര്‍മാര്‍. സിസേറിയന് അഡ്മിറ്റ് ചെയ്തവരെ ഓപ്പറേഷന്‍ മുറിയിലിട്ട് ഡോക്ടര്‍മാര്‍ മുങ്ങി. പ്രതിഷേധവുമായി നാട്ടുകാര്‍പൊന്നാനി താലൂക്കില്‍ ഏറ്റവും കൂടുതല്‍ പ്രസവം നടക്കുന്ന താലൂക്ക് ആശുപത്രിയാലാണ് ഡോക്ടര്‍മാര്‍ നിര്‍ബന്ധിച്ച് ഗര്‍ഭിണികളെ സിസേറിയന് വിധേയരാക്കുന്നതായി പരാതിയുള്ളത്. ആശുപത്രിയില്‍ ഓരോ മാസവും പ്രസവിക്കാനെത്തുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിനിടയിലാണ് ഗൈനക്കോളജി ഡോക്ടര്‍മാര്‍ ആശുപത്രി സൂപ്രണ്ടിന്റെ ഉത്തരവ് ലംഘിച്ച് ഗര്‍ഭിണികളെ സിസേറിയന് വിധേയരാക്കുന്നത്.മാര്‍ച്ച് മാസത്തില്‍ താലൂക്ക് ആശുപത്രിയില്‍ നടന്ന 289 പ്രസവങ്ങളില്‍ 116ഉം സിസേറിയനായിരുന്നു. സിസേറിയനെത്തുടര്‍ന്ന് 3 നവജാത ശിശുക്കള്‍ മരണമടയുകയും ചെയ്തിരുന്നു. പൊന്നാനി സ്വദേശികളായ എണ്ണാ ഴി യില്‍ സുനില്‍കുമാറിന്റെയും, ഭാര്യ ചിത്രയുടെയും കുട്ടിയും, പാലക്കല്‍ മുഷീറയുടെ കുഞ്ഞും ഓപ്പറേഷനെത്തുടര്‍ന്നാണ് മരണമടഞ്ഞത്. ആഴ്ചയില്‍ 2 ദിവസങ്ങളില്‍ നടക്കുന്ന സിസേറിയനില്‍ കൂടുതല്‍ പേരെ സിസേറിയന് വിധേയമാക്കുന്നുണ്ടെന്നാണ് പരാതി. ആശുപത്രിയിലെ പ്രസവ വാര്‍ഡിലെ ബെഡുകളുടെ ലഭ്യതയും, ഓപ്പറേഷന് ആവശ്യമായ സ്റ്റെറിലൈസേഷന്‍ ബിന്നിന്റെ ലഭ്യതയും, നഴ്‌സിംഗ് ജീവനക്കാരുടെ എണ്ണവും പരിഗണിച്ച് ഒരു ദിവസം 9 സിസേറിയന്‍ മാത്രമേ പാടുള്ളൂവെന്ന ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദ്ദേശം ചെവിക്കൊള്ളാതെയാണ് ബുധനാഴ്ച 15 ഓപ്പറേഷന്‍ നടത്താന്‍ ഡോക്ടര്‍മാര്‍ തുനിഞ്ഞത്. ഇതിനായി ചൊവ്വാഴ്ച മുതല്‍ പ്രസവത്തിന് തയ്യാറെടുത്തവര്‍ ഭക്ഷണം പോലും കഴിക്കാതെയിരിക്കുന്നതിനിടയിലാണ് പകുതി പേരുടെ സിസേറിയന്‍ കഴിഞ്ഞതിന് ശേഷം ഡോക്ടര്‍മാര്‍ മുങ്ങിയത്. ഉപയോഗിച്ചസ്റ്റെറിലൈസ്ഡ് ബിന്‍ വീണ്ടും ഉപയോഗിക്കുന്നത് പ്രശ്‌നമാവുമെന്ന് കണ്ടതിനെത്തുടര്‍ന്ന് നഴ്‌സുമാര്‍ ഡോക്ടര്‍മാരെ വിവരമറിയിച്ചപ്പോഴാണ് സിസേറിയന് തയ്യാറെടുത്ത ഗര്‍ഭിണികളെ പ്രസവമുറിയിലുപേക്ഷിച്ച് ഡോക്ടര്‍മാര്‍ മുങ്ങിയത്.ഇതോടെ പ്രതിഷേധവുമായി ബന്ധുക്കള്‍ രംഗത്തെത്തി.തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തുകയും, ബാക്കിയുള്ളവരുടെ ഓപ്പറേഷന്‍ അടുത്ത ദിവസം നടത്തുമെന്ന ഉറപ്പും നല്‍കിയതോടെയാണ് നാട്ടുകാര്‍ ശാന്തരായത്.

Sharing is caring!