പ്രിയ പാട്ടുകാരന് നാട്ടുകാരുടെ സ്‌നേഹ വരവേല്‍പ്പ്‌

പ്രിയ പാട്ടുകാരന് നാട്ടുകാരുടെ സ്‌നേഹ വരവേല്‍പ്പ്‌

മലപ്പുറം: മലപ്പുറത്തിന്റെ പ്രിയ പാട്ടുകാരന് നാട്ടുകാരുടെ സ്‌നേഹ വരവേല്‍പ്പ്‌ കോട്ടപ്പടിയിലെയും കോട്ടക്കുന്നിലെയും മൈതാനത്ത് ഷഹബാസിനൊപ്പം കാല്‍പ്പന്ത് കളിച്ചവരും പാട്ടിന്റെ ലോകത്തുണ്ടായിരുന്നവരുമായിരുന്നു ഒത്തുചേര്‍ന്നവരില്‍ കൂടുതലും. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നേടിയ പ്രിയ പാട്ടുകാരന് മലപ്പുറത്തുകാര്‍ സ്‌നേഹസംഗമം ഒരുക്കിയപ്പോള്‍ സുന്ദരരാഗങ്ങളാല്‍ ഗസല്‍മഴ പെയ്യിച്ച രാവ് സമ്മാനിച്ച് ഷഹബാസ് സ്‌നേഹം തിരികെ നല്‍കി.

മെഹ്ദി ഹസന്റെ ഗസല്‍ ആലാപനത്തോടെ തുടങ്ങിയ സംഗമം പിന്നണി പാടിയ ഗാനങ്ങളിലൂടെ കടന്നുപോകുമ്പോഴേക്കും സദസ്സ് സുന്ദരസംഗീതത്തിന്റെ ലോകത്ത് അലിഞ്ഞുചേര്‍ന്നിരുന്നു. ചിണുങ്ങിയെത്തിയ വേനല്‍മഴ പെയ്യാതെ മാറിനിന്നു. ടൗണ്‍ഹാളിനുമുമ്പിലെ തുറന്ന വേദിയിലാണ് നാട്ടുകാരുടെ ‘റാഫി’ക്ക് വരവേല്‍പ്പ് ഒരുക്കിയത്. ഉമ്മ കുഞ്ഞുപ്പാത്തുമ്മയുടെയും ഗുരു ഗഫൂര്‍ ഭായിയുടെയും കൂടെയാണ് ഷഹബാസ് വേദിയിലേക്കെത്തിയത്. ഷഹബാസിനുള്ള ഉപഹാരവും ഇരുവരും ചേര്‍ന്ന് കൈമാറി.

കുഞ്ഞുന്നാള്‍ മുതല്‍ ചുണ്ടില്‍ പാട്ടിന്റെ വരികളുമായി നടന്നിരുന്നയാളാണ് ഷഹബാസെന്ന് കുഞ്ഞുപ്പാത്തുമ്മ സദസ്സിനോട് പറഞ്ഞു. ഭാര്യ അനാമികയും മകനും സദസ്സിലുണ്ടായിരുന്നു. പതിവില്‍നിന്ന് വ്യത്യസ്തമായി തബലയും ഓടക്കുഴലും ഇല്ലാതെ ആദ്യമായി വായിച്ച ഹാര്‍മോണിയത്തിന്റെ അകമ്പടിയിലാണ് മലപ്പുറത്തിന്റെ ബുധനാഴ്ചത്തെ സായാഹ്നം തുടങ്ങിയത്.

കോട്ടപ്പടിയിലും കോട്ടക്കുന്നിലും ഷഹബാസിനൊപ്പമുണ്ടായ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍ നൗഷാദ്ക്കയും ബാവക്കയും കുഞ്ഞുട്ടിയും പാട്ടിന്റെ ഇടവേളകളില്‍ കയറിവന്നു. ഫുട്‌ബോള്‍ കളിച്ചതിന്റെയും ഷഹബാസ് എന്ന ചിത്രകാരനെക്കുറിച്ചും അവര്‍ വാതോരാതെ മൊഴിഞ്ഞു. വൈകിട്ട് ആറോടെ ആരംഭിച്ച മലപ്പുറത്തിന്റെ സ്‌നേഹവിരുന്ന് അവസാനിക്കുമ്പോള്‍ നാടിന്റെ പ്രിയഗായകന്റെ ശബ്ദം കൂടിയിരുന്ന ഓരോരുത്തരിലും കാറ്റിന്‍സുഗന്ധമായി തഴുകുന്നുണ്ടായിരുന്നു.

Sharing is caring!