നിര്‍മാതാക്കള്‍ക്കെതിരായ പരാതി പിന്‍വലിച്ച് ‘സുഡു’

നിര്‍മാതാക്കള്‍ക്കെതിരായ പരാതി പിന്‍വലിച്ച് ‘സുഡു’

ലാഗോസ്: സുഡാനി ഫ്രം നൈജീരിയ സിനിമയുടെ നിര്‍മാതാക്കള്‍ക്കെതിരായ പരാതി പിന്‍വലിച്ച് പ്രധാന താരം സാമുവല്‍ എബിയോള റോബിന്‍സണ്‍. തനിക്ക് മതിയായ പ്രതിഫലം ലഭിച്ചില്ലെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാമുവല്‍ പറഞ്ഞത്. താരത്തിന് മറുപടിയുമായി നിര്‍മാതാക്കളും എത്തിയിരുന്നു. എന്നാല്‍ സാമുവലിന്റ ഫേസ്ബുക്ക് പ്രൊഫൈലില്‍ നിന്നും പേജില്‍ നിന്നും പരാതി ഡിലീറ്റ് ചെയ്തു. എന്ത് കാരണത്തിലാണ് ഡിലീറ്റ് ചെയ്തതെന്ന് താരം പറഞ്ഞിട്ടില്ല.

സിനിമയില്‍ അഭിനയിച്ചതിന് തനിക്ക് വളരെ കുറഞ്ഞ തുകയാണ് നല്‍കിയതെന്നും ഇത് വംശീയ വിവേചനമാണെന്നുമായിരുന്നു സാമുവലിന്റെ ആദ്യ പോസ്റ്റ്. വംശീയ വിവേചനമല്ലെന്ന് മനസ്സിലായെന്ന് പിന്നീട് താരം പറയുകയും ചെയ്തു. കരാര്‍ പ്രകാരമുള്ള തുക നല്‍കിയിരുന്നെന്നും ലാഭ വിവിഹിതം ലഭിച്ചാല്‍ കൂടുതല്‍ നല്‍കുമെന്നും നിര്‍മാതാക്കളായ ഷൈജു ഖാലിദും സമീര്‍ താഹിറും പറഞ്ഞിരുന്നു. ഇതിന് മറുപടിയുമായി സാമുവല്‍ വീണ്ടും രംഗത്തെത്തി. ചെറിയ ബജറ്റിലുള്ള സിനിമയാണെന്നാണ് വിചാരിച്ചാണ് കുറഞ്ഞ പ്രതിഫലത്തിന് സമ്മതിച്ചതെന്നായിരുന്നു ഇതിന് മറുപടിയായി സാമുവല്‍ പറഞ്ഞത്.

സാമുവലിനെ അനുകൂലിച്ചും പ്രതികൂലിച്ചും സിനിമാ രാഷ്ട്രീയ രംഗത്തുള്ളവര്‍ എത്തയിരുന്നു. ധനമന്ത്രി തോമസ് ഐസക്, വിടി ബല്‍റാം എംഎല്‍എ എന്നിവര്‍ സാമുവലിനെ അനുകൂലിച്ചെഴുതിയ പോസ്റ്റ് താരം പേജില്‍ ഷയര്‍ ചെയ്യുകയും ചെയ്തിരുന്നു. ഇവയെല്ലാം ഇപ്പോള്‍ ഡിലീറ്റ് ചെയ്തിട്ടുണ്ട്. സിനിമയുടെ ജിസിസി റിലീസ് നാളെ നടക്കാനിരിക്കെയാണ് സാമുവലിന്റെ പോസ്റ്റുകളെല്ലാം ഡിലീറ്റ് ചെയ്തിരിക്കുന്നത്.

Sharing is caring!