മലപ്പുറത്തുനിന്നും പഞ്ചാബ് എഫ്.സിയിലേക്ക് പുതിയൊരു താരോദയം

മലപ്പുറം: മലപ്പുറത്തുനിന്നും പഞ്ചാബ് മിനര്‍ വ ഫുട്‌ബോള്‍ ക്ലബ് അക്കാദമിലേക്ക് പുതിയൊരു ഫുട്‌ബോള്‍ താരോദയം.
ഊരകം പഞ്ചായത്തിലെ ചാലില്‍ക്കുണ്ട് സ്വദേശിയായ ജിഫിന്‍ മുഹമ്മദിനാണ് ഇന്ത്യന്‍ ഫുട്‌ബോളിന്റെ കരുത്തും നട്ടെല്ലുമായ പഞ്ചാബ് മിനര്‍ വ ഫുട്‌ബോള്‍ ക്ലബ് അക്കാദമിലേക്ക് അവസരം ലഭിച്ചത്. ഇല്ലായ്മകളിലും ഫുട്‌ബോള്‍ ഭ്രമം അടക്കിപ്പിടിച്ചിരുന്ന ജിഫിനെ തേടിയെത്തിയത് മഹാസൗഭാ?ഗ്യം. ഏപ്രില്‍ ഒന്നുമുതല്‍ മൊഹാലിയിലെ അക്കാദമിയില്‍ പരിശീലനം തുടങ്ങി.
ജീവിത സാഹചര്യങ്ങള്‍ ഫുട്‌ബോളിനെ അകറ്റിയ നിമഷങ്ങളിലാണ് അവസരം തേടിവന്നത്. കോഴിക്കോട്ടെ കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ അക്കാദമിയിലെ മികവാണ് മിനര്‍ വ ക്ലബ്ബിലെത്തിച്ചത്. ഒക്ടോബറില്‍ പഞ്ചാബ് എഫ്സിയുടെ അക്കാദമിയില്‍ പരിശീലനം തുടങ്ങിയിരുന്നു. സാമ്പത്തിക പ്രയാസത്താല്‍ പരിശീലനം അവസാനിപ്പിക്കേണ്ടിവന്നു. ഹോസ്റ്റല്‍ ഫീസ് അടയ്ക്കാന്‍ നിര്‍വാഹമില്ലാത്തതിനാല്‍ നാട്ടിലേക്ക് മടങ്ങി. വീണ്ടും ബ്ലാസ്റ്റേഴ്‌സ് അക്കാദമിയില്‍ പരിശീലനം പുനരാംഭിച്ചു. പഞ്ചാബ് എഫ്‌സി സെലക്ഷന്‍ ക്യാമ്പിലേക്ക് പുറപ്പെട്ട ജിഫിന് മുംബൈയില്‍ എത്തിയപ്പോളും തിരിച്ചുപോരേണ്ട സാഹചര്യമുണ്ടായി. അന്ന് ഉമ്മച്ചി അസുഖമായി ആശുപത്രിയിലായയതാണ് തടസ്സമായത്. സെലക്ഷന്‍ വേണ്ടെന്നുവച്ച് തിരിച്ചുവന്നെങ്കിലും ഒടുവില്‍ ജിഫിന്റെ കഴിവ് തിരിച്ചറിഞ്ഞ പഞ്ചാബ് എഫ്സി അധികൃതര്‍ തെരഞ്ഞെടുത്ത് അക്കാദമിയില്‍ പരിശീലനത്തിന് അവസരം നല്‍കുകയായിരുന്നു. മൈതാനങ്ങളില്‍ വലതുഭാഗത്തെ പ്രതിരോധ താരമാണ് ജിഫിന്‍ മുഹമ്മദ്.
വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ഥിയായിരിക്കെയാണ് ജിഫിന്‍ പന്തുതട്ടാന്‍ തുടങ്ങിയത്. ഉപ്പ മന്തിക്കല്‍ മുഹമ്മദിന്റെ താല്‍പ്പര്യമായിരുന്നു ഇതിന് പ്രേരകമായത്. വേങ്ങര സ്‌കൂളിലെ കായികാധ്യാപകരായ പവിത്രനും ചന്ദ്രികയുമാണ് ജിഫിനിലെ ഫുട്ബോള്‍ ഭ്രമത്തെ വളര്‍ത്തിയത്. പിന്നീട് നാട്ടിലെ എറമ്പട്ടി റണ്‍സ് ക്ലബ്ബിന്റേയും ചാലിക്കുണ്ടില്‍ സാന്ത്വനം സൗഹൃദ സംഘത്തിന്റേയും കളിക്കളങ്ങളിലെത്തി. ജില്ലാ സ്‌കൂള്‍ ടീമിലും കളിച്ചു. അതിനിടയിലായിരുന്നു ഗള്‍ഫിലായിരുന്ന ഉപ്പയുടെ വേര്‍പാട്. ഇതോടെ പഠനം നിര്‍ത്തി. സാമ്പത്തിക പ്രയാസം കാരണം പഠനം മുന്നോട്ടുകൊണ്ടുപോകാനാവാത്ത സ്ഥിതി. കടബാധ്യതകള്‍ അത്രമാത്രം കുടുംബത്തെ വീര്‍പ്പുമുട്ടിച്ചിരുന്ന സാഹചര്യം. മിനര്‍വ എഫ്‌സി പരിശീലനത്തിന് യാത്രതിരിക്കാനും സാമ്പത്തിക പരാധീനതകള്‍ പിന്നോട്ടടുപ്പിച്ചു. വേങ്ങരയിലെ ഫുട്‌ബോള്‍ പ്രേമിയായ മുതുവാറന്‍ മൂസയാണ് യാത്രക്കുള്ള സാമ്പത്തിക സഹായം നല്‍കിയത്. ഫാത്തിമയാണ് ഉമ്മ. രണ്ട് സഹോദരങ്ങളുണ്ട്. ലുബിനയും മുഫീദയും. അമ്മാവന്‍ യാസ്ഫിനാണ് ഇപ്പോള്‍ കുടുംബത്തിന്റെ കാര്യങ്ങള്‍ നോക്കുന്നത്.

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *