പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ തുടര്‍ന്നും മലപ്പുറത്ത് ലഭ്യമാകുമെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി എം പി

പാസ്‌പോര്‍ട്ട് സംബന്ധമായ സേവനങ്ങള്‍ തുടര്‍ന്നും മലപ്പുറത്ത് ലഭ്യമാകുമെന്ന്‌ പി കെ കുഞ്ഞാലിക്കുട്ടി എം പി

ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെട്ട സേവനങ്ങള്‍ പൊതുജനങ്ങള്‍ക്ക് മലപ്പുറത്ത് തന്നെ തുടര്‍ന്നും ലഭിക്കുമെന്ന് പി കെ കുഞ്ഞാലിക്കുട്ടി എം പി. ഇതിനായി മലപ്പുറം പാസ് പോര്‍ട്ട് സേവാ കേന്ദ്രത്തിലെ പാസ്‌പോര്‍ട്ട് ഉദ്യോഗസ്ഥനെ പ്രത്യേകം ചുമതലപ്പെടുത്തിയതായി എം പി അറിയിച്ചു. ഇത് സംബന്ധിച്ച് വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയതായി എം പി പറഞ്ഞു.

ആറ് മാസം മുമ്പാണ് മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് അടച്ചു പൂട്ടി വിദേശകാര്യ മന്ത്രാലയം ഉത്തരവിറക്കിയത്. ഇതുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് എം പിമാരായ പി കെ കുഞ്ഞാലിക്കുട്ടി, ഇ ടി മുഹമ്മദ് ബഷീര്‍, പി വി അബ്ദുല്‍ വഹാബ് എന്നിവര്‍ വിദേശകാര്യ മന്ത്രി സുഷമാ സ്വരാജുമായി ചര്‍ച്ച നടത്തി മലപ്പുറം പാസ്‌പോര്‍ട്ട്ഓഫിസിന്റെ പ്രാധാന്യം വിവരിച്ചിരുന്നു. തുടര്‍ന്ന് മാര്‍ച്ച് 31, 2018വരെ ഓഫിസ് പ്രവര്‍ത്തനം നീട്ടിയിരുന്നു.

ഓഫീസ് തുടര്‍ന്നും മലപ്പുറത്ത് പ്രവര്‍ത്തിപ്പിക്കണമെന്നാവശ്യപ്പെട്ട് പി കെ കുഞ്ഞാലിക്കുട്ടി കഴിഞ്ഞ മാസം പാസ്‌പോര്‍ട്ട് ഓഫിസിന്റെ ചുമതലയുള്ള വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറിയെ കണ്ടിരുന്നു. പാസ്‌പോര്‍ട്ട് ഓഫിസുകള്‍ ലയിപ്പിക്കുക എന്നത് സര്‍ക്കാര്‍ പോളിസിയുടെ ഭാഗമാണെന്ന മറുപടിയാണ് നല്‍കിയത്. ഈ സാഹചര്യത്തില്‍ മലപ്പുറത്തെ ജനങ്ങള്‍ക്കുണ്ടാകുന്ന പ്രതിസന്ധിക്ക് മലപ്പുറത്ത് തന്നെ പരിഹാരം കാണുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്ന് എം പി ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടര്‍ന്നാണ് പാസ്‌പോര്‍ട്ട് സേവന സൗകര്യം മലപ്പുറത്ത് വിദേശകാര്യ മന്ത്രാലയം ഒരുക്കാന്‍ തീരുമാനിച്ചത്.

മലപ്പുറം പാസ്‌പോര്‍ട്ട് സേവാ കേന്ദ്രത്തിലെ പാസ്‌പോര്‍ട്ട് വകുപ്പ് ഉദ്യോഗസ്ഥനോട് മലപ്പുറം ജില്ലയിലെ പാസ്‌പോര്‍ട്ട് സംബന്ധമായ പരാതികള്‍ പരിഹരിക്കാന്‍ ആവശ്യപ്പെട്ട് ഉത്തരവായി. മലപ്പുറം പാസ്‌പോര്‍ട്ട് ഓഫിസ് കേന്ദ്രീകരിച്ച് നടന്നിരുന്ന പരാതി പരിഹാര നടപടികള്‍ ഇനി ഇദ്ദേഹത്തിന്റെ കീഴിലേക്ക് മാറും. പാസ്‌പോര്‍ട്ട് സംബന്ധമായ പരാതികള്‍ക്ക് മലപ്പുറത്തെ ജനങ്ങള്‍ക്ക് കോഴിക്കോട് ഓഫിസിനെ ആശ്രയിക്കാതെ തന്നെ ഇതിലൂടെ പരിഹാരം കാണാനാകുമെന്ന് എം പി പറഞ്ഞു.

Sharing is caring!