പ്രവാസി അധ്യാപക പ്രതിസന്ധി പരിഹരിക്കണം: ദുബൈ കെ.എം.സി.സി

പ്രവാസി അധ്യാപക  പ്രതിസന്ധി പരിഹരിക്കണം:  ദുബൈ കെ.എം.സി.സി

ദുബൈ: യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പുതിയ യോഗ്യതാ മാനദണ്ഡങ്ങള്‍ മൂലം തൊഴില്‍ പ്രതിസന്ധി നേരിടുന്ന പ്രവാസി അധ്യാപകരുടെ പ്രയാസങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാക്കണമെന്ന് ദുബൈ കെ.എം.സി.സി. കോണ്‍സുല്‍ ജനറലിനോട് ആവശ്യപ്പെട്ടു.ജോലിനഷ്ട ഭീഷണി നേരിടുന്ന നൂറുകണക്കിന് അധ്യാപകര്‍ ദുബൈ കെ.എം.സി.സി. ഓഫീസിലെത്തി തങ്ങള്‍ നേരിടുന്ന പ്രയാസങ്ങള്‍ ഭാരവാഹികളുടെ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നായിരുന്നു പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹയുടെ നേതൃത്വത്തിലുള്ള സംഘം കോണ്‍സുല്‍ ജനറലുമായി കൂടിക്കാഴ്ച നടത്തിയത്.

യു.എ.ഇ. അധ്യാപക ജോലിക്ക് വേണ്ടി പുതിയ മാര്‍ഗനിര്‍ദ്ദേശം പുറപ്പെടുവിച്ചത് 2011 ലാണ്. നാട്ടിലെ ഹോം ഡിപ്പാര്‍ട്ട്‌മെണ്ടും യു.എ.ഇ. എംബസിയും സാക്ഷ്യപ്പെടുത്തിയ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യന്‍ കോണ്‍സുലേറ്റ് മുഖാന്തിരം യുണിവേഴ്‌സിറ്റി കളിലേക്ക് അയക്കുകയും കുറ്റമറ്റതാണെന്ന് ഉറപ്പാക്കുകയും വേണം.അവിടെ നിന്നയക്കുന്ന മറുപടി കോണ്‍സുലേറ്റ് അവരുടെ ലെറ്റര്‍ പാഡില്‍ പകര്‍ത്തുകയും മുദ്രണം ചെയ്ത കവറില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് നല്‍കുകയും ചെയ്യും. ഈ കവറും ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യു.എ.ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തെ സമിപിച്ചാല്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് കിട്ടും.

ഇതുള്ളവര്‍ക്ക് മാത്രമേ യു.എ.ഇ.യില്‍ അധ്യാപക ജോലിചെയ്യാനാകൂ. 2015 മുതല്‍ വെരിഫിക്കേഷന്‍ ലെറ്ററില്‍ മോഡ് ഓഫ് സ്റ്റഡി രേഖപ്പെടുത്തണമെന്ന് യു.എ.ഇ. മന്ത്രാലയം ആവശ്യപ്പെട്ടതോടെയാണ് ഈ പ്രതിസന്ധിഉടലെടുത്തത്. മോഡ് ഓഫ് സ്റ്റഡി എന്ന ഭാഗത്ത് യുണിവേഴ്‌സിറ്റികള്‍ പ്രൈവറ്റ് എന്ന് രേഖപ്പെടുത്തുക വഴി, സമാന്തര വിദ്യാഭ്യാസത്തിലൂടെ പ്രീ ഡിഗ്രി, ഡിഗ്രി, പി.ജി. പഠനം പൂര്‍ത്തിയാക്കിയ നൂറുകണക്കിന് അധ്യാപകരുടെ ഭാവിയാണ് അപേക്ഷകള്‍ നിരസിക്കപ്പെടുന്നത് കാരണം ആശങ്കയിലായിരിക്കുന്നത്. യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയം ഉദ്യോഗാര്‍ഥികളില്‍ നിന്ന് പഠന വിഷയവും കാലാവധിയും ആവശ്യപ്പെടുന്നുണ്ട്. നിരവധി അധ്യാപകര്‍ക്ക് മെമ്മോ ലഭിച്ചുതുടങ്ങി. അറബിക്‌ േ കാളേജുകള്‍, പാരലല്‍ കോളേജുകള്‍, കോഓപ്പറേറ്റീവ് കോളേജുകള്‍, ഓപ്പണ്‍ സ്‌കൂളുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള കോഴ്‌സുകള്‍ റഗുലര്‍ കോഴ്‌സുകളായി പരിഗണിക്കണമെന്നും യുണിവേഴ്‌സിറ്റികളുടെ വെബ്‌സൈറ്റില്‍ ഇത്തരം സ്ഥാപനങ്ങളെകൂടി കൊണ്ടുവരണമെന്നും അന്‍വര്‍ നഹ അധികൃതരോട് ആവശ്യപ്പെട്ടു.

പ്രശ്‌നത്തിന്റെ ഗൗരവംകണക്കിലെടുത്ത് വിവിധ യുണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍മാരുമായും ഹയര്‍ എജുക്കേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റുമായും യു.എ.ഇ. വിദ്യാഭ്യാസ മന്ത്രാലയവുമായും അക്കാദമികതലത്തില്‍ ചര്‍ച്ച നടത്തി പ്രശ്‌നപരിഹാരത്തിന് ശ്രമിക്കുമെന്ന് കോണ്‍സുല്‍ ജനറല്‍ വിപുല്‍ ഉറപ്പ് നല്‍കി.നാട്ടിലെ വിദ്യാഭ്യാസ നിയമങ്ങള്‍ സങ്കീര്‍ണ്ണങ്ങളാണ്.അതിന്റെ ബലിയാടാക്കി ഉദ്യോഗാര്‍ത്ഥികളെ മാറ്റാതിരിക്കാന്‍ സര്‍ക്കാരും ബന്ധപ്പെട്ട ഏജന്‍സികളും തയ്യാറാവണമെന്നും ദുബൈ കെ.എം.സി.സി.പ്രസിഡന്റ് പി.കെ. അന്‍വര്‍ നഹ, ആക്ടിംഗ് ജനറല്‍സെക്രട്ടറി ഇസ്മായില്‍ ഏറാമല, ട്രഷറര്‍ എ.സി. ഇസ്മായില്‍ പറഞ്ഞു. അധ്യാപക പ്രതിനിധികളായ മുനീര്‍ വാണിമേല്‍, അമീര്‍ സുഹൈല്‍ എന്നിവരും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

Sharing is caring!