ലീഗുകാര്‍ പൊങ്കാലയിട്ടു; സുരാജ് പോസ്റ്റ് തിരുത്തി

ലീഗുകാര്‍ പൊങ്കാലയിട്ടു; സുരാജ് പോസ്റ്റ് തിരുത്തി

തിരുവനന്തപരും: സുഡാനി ഫ്രം നൈജീരിയ ചിത്രത്തെക്കുറിച്ച് ഫേസ്ബുക്കില്‍ എഴുതിയ പോസ്റ്റ് ലീഗുകാരുടെ വിമര്‍ശനത്തെ തുടര്‍ന്ന് സുരാജ് വെഞ്ഞാറാമൂട് തിരുത്തി ‘ലീഗും കുഞ്ഞാലി കുട്ടിയും കോണി ചിഹ്നവും ഒന്നും ഇല്ലാത്ത കൊതിപ്പിക്കുന്ന യഥാര്‍ത്ഥ മലപ്പുറത്തിന്റെ ഭംഗി.’ എന്ന ഭാഗമാണ് സുരാജ് തിരുത്തിയത്. വിവരണത്തില്‍ മുസ് ലിം ലീഗിനെ പരമാര്‍ശിച്ചതോടെ ലീഗ് അണികള്‍ കൂട്ടത്തോടെ സുരാജിനെ പൊങ്കാലയിട്ടു. താരത്തിന്റെ പേജില്‍ നിരവധി കമന്റുകളാണ് വിമര്‍ശിച്ച് വന്നത്. തുടര്‍ന്ന് ലീഗിനെ പരാമര്‍ശിക്കുന്ന ഭാഗം ഒഴിവാക്കി ‘മലപ്പുറത്തിന്റെ ഭംഗി കാണിക്കുന്ന യഥാര്‍ത്ഥ സിനിമ’ എന്നാക്കി മാറ്റുകയായിരുന്നു.

അതേസമയം ഒരു വിഭാഗം ലീഗ് അണികള്‍ സുരാജിന് പിന്തുണയുമായെത്തി. മലപ്പുറം എന്ന് കേള്‍ക്കുമ്പോള്‍ ലീഗിനെ ഓര്‍മ വന്നത് വലിയ കാര്യമാണെന്നും അതിനപ്പുറമാണ് മലപ്പുറമെന്ന് പറയുക മാത്രമാണ് സുരാജ് ചെയ്തതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ലീഗ് ഉള്ളത് കൊണ്ടാണ് മലപ്പുറത്തിന് ഇത്ര ഭംഗിയെന്ന് മറ്റൊരാളും കമന്റില്‍ അവകാശപ്പെടുന്നു.

സിനിമയിലെ താരങ്ങളെയെല്ലാം സുരാജ് പോസ്റ്റില്‍ പുകഴത്തുന്നുണ്ട്. പ്രധാന കഥാപാത്രമായ മജീദിന്റെ (സൗബിന്‍ ഷാഹിര്‍) പിതാവിന്റെ വേഷത്തിലെത്തിയ കെടിസി അബ്ദുള്ളയെ കുറിച്ച് നിങ്ങളെന്തൊരു മനുഷ്യനാണെന്നാണ് സുരാജ് ചോദിക്കുന്നത്. സിനിമയിലെ അമ്മ വേഷം ചെയ്തവരെ കുറിച്ചും സുരാജിന് മികച്ച അഭിപ്രായം മാത്രമാണുള്ളത്.

Sharing is caring!