മലപ്പുറം ജില്ലാപഞ്ചായത്ത്് 141.5കോടിയുടെ ബജറ്റ് അവതരിപ്പിച്ചു

മലപ്പുറം ജില്ലാപഞ്ചായത്ത്്  141.5കോടിയുടെ ബജറ്റ്  അവതരിപ്പിച്ചു

മലപ്പുറം: അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാഭ്യാസ -കാര്‍ഷിക മേഖലകള്‍ക്കും സാമൂഹിക സുരക്ഷാ പദ്ധതികള്‍ക്കും ഊന്നല്‍ നല്‍കി ജില്ലാ പഞ്ചായത്തിന്റെ 141.52 കോടി രൂപ ചെലവ് കണക്കാക്കുന്ന 2018- 2019 ലെ വാര്‍ഷിക ബജറ്റ് ജില്ലാ പ ഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ അവതരിപ്പിച്ചു .
കൃഷി , ജലസേചനം മൃഗ സംരക്ഷണം, ക്ഷീര വികസനം, ആരോഗ്യം, വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, വനിതാ ക്ഷേമം, പട്ടിക ജാതി – പട്ടിക വര്‍ഗ്ഗ വികസനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കിയെന്നതാണ്് ബജറ്റിന്റെ പ്രത്യേകത. പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനായി വൈവിധ്യമാര്‍ന്ന പദ്ധതികള്‍ക്ക് ബജറ്റില്‍ ഇടം നല്‍കിയിട്ടുണ്ട്്.
കൃഷി, വ്യവസായം, സേവന മേഖല എന്നിവക്ക് തുല്യ പ്രാധാന്യം നല്‍കിയിട്ടുള്ള ബജറ്റ് എന്ന പ്രത്യേകതയുമുണ്ട് ഈ വര്‍ഷത്തെ ബജറ്റിന് . സമഗ്ര കാര്‍ഷിക വികസനം ലക്ഷ്യമിട്ട് നടപ്പാക്കുന്ന ‘ഹരിത കാന്തി’ പദ്ധതിക്ക് 5 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. വിദ്യാര്‍ത്ഥികളെ കൃഷിയിലേക്കാകര്‍ഷിക്കുക, പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത കൈവരിക്കുക, കാര്‍ഷികോത്പ്പന്നങ്ങള്‍ കര്‍ഷകര്‍ക്ക് നേരിട്ട് വിപണനം ചെയ്യാനുള്ള സൗകര്യമേര്‍പ്പെടുത്തുക, അത്യാധുനിക സൗകര്യങ്ങളോടുകൂടിയ കാര്‍ഷിക പരിശീലന കേന്ദ്രം സ്ഥാപിക്കുക തുടങ്ങിയ വിവിധ പരിപാടികള്‍ ഹരിത കാന്തിയിലുള്‍പ്പെടും.
ജല സംരക്ഷണത്തിനും കാര്‍ഷിക ജലസേചനത്തിനുമായി 27 കനാലുകളും 16തടയിണകളും 14 വിസിബികളും നിര്‍മ്മിക്കും. 26 കുളങ്ങള്‍ പുനരുദ്ധരിക്കും . ഇതിനായി 12കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ചാലിയാറിനേയും കടലുണ്ടിപ്പുഴയേയും ബന്ധിപ്പിക്കുന്നതിന്റെ സാധ്യതാ പഠനത്തിനായി 15 ലക്ഷം രുപയും വകയിരുത്തിയിട്ടുണ്ട്്. മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിനായി ‘മലപ്പുറം മനോഹരം’ പദ്ധതി നടപ്പാക്കും . മാലിന്യം പൂര്‍ണ്ണമായി സംസ്‌ക്കരിക്കുന്നതിനുള്ള പദ്ധതികളും ജില്ലയുടെ സൗന്ദര്യ വത്ക്കരണത്തിനുള്ള പദ്ധതികളും ഇതിലുള്‍പ്പെടും. ഇതിനായി 5.43 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.
92 ഹൈസ്‌ക്കൂളുകള്‍, 69 ഹയര്‍ സെക്കന്ററികള്‍, 18 വൊക്കേഷണല്‍ ഹയര്‍ സെക്കന്ററികള്‍ എന്നിവയുടെ സയന്‍സ് – ഐടി ലാബുകളുടെ നവീകരണത്തിനും വിദ്യാര്‍ത്ഥികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനുമുള്ള വിവിധ പരിപാടികള്‍ക്കായി 10കോടി രൂപ വകയിരുത്തിയിട്ടുണ്ട്. കാന്‍സര്‍ രോഗ വ്യാപനത്തിനെതിരെ പ്രചരണവും പ്രതിരോധവും സംഘടിപ്പിക്കും . വൃക്ക രോഗികള്‍ക്ക് ഡയാലിസിസും മരുന്നുകളും നല്‍കും . വൃക്കരോഗ നിര്‍ണയത്തിന് സഞ്ചരിക്കുന്ന ലബോറട്ടറി സ്ഥാപിക്കും . ആരോഗ്യ മേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 8 കോടി രൂപ വകയിരുത്തിയിട്ടുണ്ട്്
സ്ത്രീശാക്തീകരണത്തിനും വനിതാ ക്ഷേമ പദ്ധതികള്‍ക്കും 7.81 കോടി രൂപയും, ‘ജീവജലം ദാഹജലം’ പദ്ധതിയില്‍ ജലസംരക്ഷണത്തിനും ജലവിതരണത്തിനുമായി 5കോടിയും സാമൂഹ്യ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കായി 7.8 കോടിയും പട്ടിക ജാതി വികസനത്തിന് 22.15 കോടിരൂപയും വകയിരുത്തിയിട്ടുണ്ട്.
പ്രവാസികളുടെ സംരക്ഷണത്തിന് പദ്ധതികള്‍ ആവിഷ്‌ക്കരിക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്കായി 50 ലക്ഷവും നീക്കി വച്ചിട്ടുണ്ട്. പൊതു വിഭാഗം, പ്രത്യേക ഘടക പദ്ധതി, പട്ടിക വര്‍ഗ്ഗ ഉപപദ്ധതി എന്നീ ഇനങ്ങളിലായി ഭവന നിര്‍മ്മാണത്തിന് 18.34കോടിരൂപയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ക്ഷീരോത്പാദനമേഖലയിലെ വിവിധ പദ്ധതികള്‍ക്കായി 50 ലക്ഷം രൂപയും മൃഗ പരിപാലനത്തിന് 75 ലക്ഷം രൂപയും മല്‍സ്യ കൃഷി പ്രോത്സാഹിപ്പിക്കുന്നതിന് 50 ലക്ഷ രൂപയും വകയിരുത്തിയിട്ടുണ്ട്. ആയുര്‍വേദ പ്രകാരമുള്ള സ്വാന്തന പരിചരണത്തിന് ആവിഷ്‌ക്കരിച്ച ‘ആയുര്‍ സ്പര്‍ശം’ പദ്ധതിക്ക് 30ലക്ഷം രൂപയും കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ ശസ്ത്രക്കിയകള്‍ക്കും ഉപകരണങ്ങള്‍ക്കും 50 ലക്ഷം രൂപയും ഹോമിയോ വകുപ്പിനു കീഴില്‍ നടപ്പാക്കുന്ന ‘ഹോം കെയര്‍’ പദ്ധതികള്‍ക്ക് 25 ലക്ഷം രൂപയും മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ സംരക്ഷണത്തിന് 25 ലക്ഷം രൂപയും ഭിന്നശേഷിയുളളവരുടെ പഠനസഹായത്തിന് ഒരു കോടിയും കായിക താരങ്ങളെ പരിശീലിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി 50 ലക്ഷം രൂപയും ബജറ്റില്‍ മാറ്റിവച്ചിട്ടുണ്ട്.
ജില്ലയില്‍ പ്രധാന പുഴകളുടെ പുനരുദ്ധാരണത്തിന് 50 ലക്ഷം രൂപയും അന്ന പൂര്‍ണ്ണ പോഷകാഹാര വതരണ പദ്ധതിക്ക് 22 ലക്ഷം രൂപയും നീക്കിവച്ചിട്ടുണ്ട് .
ഗ്യാസ് ക്രിമിറ്റോറിയങ്ങള്‍ സ്ഥാപിക്കുന്നതിന് 1.75 കോടി രൂപയും ശാരീരിക -മാനസിക വെല്ലു വിളി നേരിടുന്ന കുട്ടികളുടെ പരിചരണത്തിനും സംരക്ഷണത്തിനുമായി 50 ലക്ഷം രൂപയും ശരീരം തളര്‍ന്ന രോഗികളുടെ പുനരധിവാസത്തിനായി 50ലക്ഷം രൂപയും പട്ടിക വര്‍ഗ്ഗ ക്ഷേമ പദ്ധതികള്‍ക്ക് 1.65 കോടിയും വകയിരുത്തിയിട്ടുണ്ട്. മൊത്തം 142,82,28,480രൂപ വരവും 141,52,66,000രൂപ ചെലവും പ്രതീക്ഷിക്കുന്ന ബജറ്റാണ് അവതരിപ്പിച്ചത് .

Sharing is caring!