നിലമ്പൂര്‍ കല്യാണി ഗ്രൗണ്ടില്‍ അനുമതിയില്ലാതെ വീട്നിര്‍മിക്കാന്‍ പോലീസ് കാവല്‍
നിലമ്പൂര്‍: നഗരസഭയുടെ കല്യാണി ഗ്രൗണ്ടില്‍ അനുമതിയില്ലാതെ വീടുപണിയാന്‍ പോലീസ് കാവല്‍ വിവാദമാകുന്നു. നിലമ്പൂര്‍ നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെട്ട കല്യാണി ഗ്രൗണ്ടില്‍ വീടു നിര്‍മാണത്തിന് സ്വകാര്യ വ്യക്തിക്ക് നഗരസഭ അനുമതി നിഷേധിച്ചിട്ടും പോലീസ് നിര്‍മാണത്തിന് സംരക്ഷണം നല്കുന്നതിലാണ് പ്രതിഷേധം ഉയരുന്നത്. നിലമ്പൂര്‍ കോവിലകം നാട്ടുകാര്‍ക്ക് കളിക്കാനായി വിട്ടു നല്കിയ കല്യാണി ഗ്രൗണ്ട് നിലമ്പൂര്‍ നഗരസഭയുടെ ആസ്തി രജിസ്റ്ററില്‍ ഉള്‍പ്പെടുത്തിയതാണ്. ഗ്രൗണ്ടിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച് 1976 മുതല്‍ സ്വകാര്യ വ്യക്തിയും നാട്ടുകാരും തമ്മില്‍ കോടതികളില്‍ കേസുകള്‍ നടക്കുന്നുണ്ട്. ഉടമസ്ഥാവകാശം സംബന്ധിച്ച് അന്തിമ തീര്‍പ്പ് ഉണ്ടായിട്ടില്ല. ഇതിനിടെ ഭൂമിയുടെ അതിര്‍ത്തി നിര്‍ണയിക്കാന്‍ പോലീസ് സംരക്ഷണം അനുവദിച്ചതിന്റെ മറവിലാണ് അനധികൃതമായി വീട് നിര്‍മാണത്തിനുള്ള നീക്കം. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് ഗ്രൗണ്ടില്‍ നിന്നും മണ്ണ് നീക്കുകയും കുഴികളുണ്ടാക്കുകയും ചെയ്തിട്ടുണ്ട്. കല്ലുകളടക്കമുള്ള നിര്‍മാണ സാമഗ്രികളും ഇവിടെ ഇറക്കിയിട്ടുണ്ട്. അതിര്‍ത്തി നിര്‍ണയിക്കാനുള്ള കോടതി ഉത്തരവിന്റെ മറവില്‍ അനുമതിയില്ലാതെ വീടു നിര്‍മാണം അനുവദിക്കാനാവില്ലെന്ന നിലപാടിലാണ് നാട്ടുകാര്‍. നഗരസഭയുടെ അനുമതിയില്ലാതെ നിയമ വിരുദ്ധമായി കെട്ടിടം നിര്‍മിക്കാന്‍ പോലീസ് സംരക്ഷണം നല്‍കിയതിനെതിരെ കോടതിയെ സമീപിക്കാനും നീക്കമുണ്ട്. നേരത്തെ പല തവണ ഗ്രൗണ്ട് കൈയ്യേറാന്‍ ശ്രമുണ്ടായിരുന്നു. കൊച്ചിയില്‍ നിന്നും ഗുണ്ടാസംഘത്തെ ഇറക്കിവരെ ഗ്രൗണ്ട് പിടിച്ചെടുക്കാന്‍ പരിശ്രമിച്ചിരുന്നു. നാട്ടുകാര്‍ ഇതിനെതിരെ ഒന്നിച്ച് രംഗത്തിറങ്ങുകയായിരുന്നു. ഇപ്പോള്‍ ഒരു ജനപ്രതിനിധിയുടെ പിന്തുണയോടെയാണ് പോലീസിനെ ഉപയോഗിച്ചുള്ള പുതിയ നീക്കം.
RECENT NEWS
ഇടഞ്ഞ ആന ഒരാളെ കൊന്ന സംഭവത്തിൽ കലക്ടർക്ക് ഹൈക്കോടതിയുടെ വിമർശനം
കൊച്ചി: തിരൂർ പുതിയങ്ങാടി നേർച്ചക്കിടെ ആന ഇടഞ്ഞതിനെ തുടർന്ന് ഒരാൾ മരിച്ച സംഭവത്തിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാത്തതിന് മലപ്പുറം ജില്ലാ കലക്ടർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ഇത്തരമൊരു സംഭവത്തിന്റെ ഗൗരവവും അടിയന്തര സ്വഭാവവും [...]