താനാളൂര്‍ പഞ്ചായത്ത് ജില്ലയിലെ ആദ്യത്തെ ജെന്റര്‍ സൗഹൃദ പഞ്ചായത്ത്

തിരൂര്‍: ജില്ലയിലെ ആദ്യത്തെ ജെന്റര്‍ സൗഹൃദ പഞ്ചായത്തായി താനാളൂര്‍ പഞ്ചായത്ത് മാറുകയാണെന്ന് ഭരണസമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ലിംഗഭേദമില്ലാതെ മുഴുവന്‍ ആളുകളെയും തുല്യരായി കാണുന്ന കാഴ്ച്ചപ്പാട് വികസിപ്പിച്ചു കൊണ്ട് വികസനരംഗത്ത് മുന്നേറ്റം ഉണ്ടാക്കുന്നതിന് സഹായകമായ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പല ഘട്ടങ്ങളിലായി വിവിധ രീതിയിലുള്ള പഠനങ്ങളും വിവരശേഖരണവും നടത്തിക്കൊണ്ടാണ് പദ്ധതി നയരേഖ തയ്യാറാക്കിയിട്ടുള്ളത്. പദ്ധതിതിയുടെ ലോകോ പ്രകാശനം മാധ്യമ പ്രവര്‍ത്തക അളകനന്ദ നിര്‍വ്വഹിച്ചു. നയരേഖാ സമര്‍പ്പണം നാളെ ഉച്ചക്ക് രണ്ടിന് പഞ്ചായത്ത് ഓഫീസ് പരിസരത്ത് നിയമ സഭാപ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി മുഖ്യ പ്രഭാഷണം നടത്തും. വി.അബ്ദുറഹിമാന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. ചടങ്ങിനു മുന്നോടിയായി വട്ടത്താണിയില്‍ നിന്നും സ്ത്രീകളുടെ നേതൃത്വത്തില്‍ ബൈക്ക്, സൈക്കിള്‍ റാലിയും ചുങ്കം പി.എച്ച്.സി പരിസരത്തുനിന്നും സാംസ്‌കാരിക ഘോഷയാത്രയും സംഘടിപ്പിക്കും. വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വരെ ചടങ്ങില്‍ ആദരിക്കും. പത്രസമ്മേളനത്തില്‍ താനാളൂര്‍ പഞ്ചായത്ത് പ്രസിഡന്റ് വി.അബ്ദുറസാഖ്, വൈസ് പ്രസിഡന്റ് കെ.എം.മല്ലിക കളത്തില്‍ ബഷീര്‍, ഇ.സുജ, മുജീബ് താനാളൂര്‍ പങ്കെടുത്തു.

Sharing is caring!