പൊന്നാനിയില്‍ കടകള്‍ കത്തി നശിച്ച് 25ലക്ഷം രൂപുടെ നഷ്ടം

പൊന്നാനിയില്‍  കടകള്‍ കത്തി നശിച്ച്  25ലക്ഷം രൂപുടെ നഷ്ടം

പൊന്നാനി: പൊന്നാനി അങ്ങാടിയിലെ കാലപ്പഴക്കമുള്ള കെട്ടിടങ്ങള്‍ കത്തിച്ചാമ്പലായത് നഗരസഭ ഭരണ സമിതിയുടെ അനാസ്ഥയുടെ പരിണിത ഫലമെന്ന ആരോപണം ശക്തം.
25ലക്ഷംരൂപയുടെ നാശനഷ്ടമാണ് കണക്കാക്കുന്നത്.
അങ്ങാടിയിലെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റാനുള്ള നടപടികളുമായി നഗരസഭ ആദ്യം മുന്നോട്ട് പോയെങ്കിലും ചില വ്യാപാരികളുടെ താല്പര്യങ്ങള്‍ക്ക് വഴങ്ങി തുടര്‍ നടപടികളില്‍ നിന്ന് പിറകോട്ട് പോയന്നാണ് നാട്ടുകാര്‍ പറയുന്നത്. ചില കെട്ടിട ഉടമകള്‍ പഴയ കെട്ടിടം പൊളിച്ചു നീക്കാന്‍ നഗരസഭക്ക് സമ്മതപത്രം നല്‍കിയിരുന്നു. തുടക്കത്തില്‍ ടൗണ്‍ നവീകരണത്തിന് വേണ്ടി ഏത് നിമിഷവും നിലം പൊത്താറായ കെട്ടിടങ്ങള്‍ പൊളിച്ചു നീക്കുമെന്ന് നഗരസഭ പറഞ്ഞിരുന്നുവെങ്കിലും പിന്നീട് നഗരസഭ വിഷയത്തില്‍ നിന്ന് പിന്‍വലിയുകയായിരുന്നു. കൂടാതെ ഫിറ്റ്‌നസില്ലാത്ത 13 കെട്ടിടങ്ങള്‍ അങ്ങാടിയിലുണ്ടെന്ന് റവന്യൂ വിഭാഗം നഗരസഭക്ക് റിപ്പോര്‍ട്ട് നല്‍കി. ഈ കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കടകള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നാണ് നഗരസഭ ചെയര്‍മാന്‍ പറഞ്ഞിരുന്നത്. എന്നാല്‍ പിന്നീട് വ്യാപാരികളുടെ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങി എല്ലാ കടകള്‍ക്കും ലൈസന്‍സ് പുതുക്കി നല്‍കുകയായിരുന്നു. ഇത്തരത്തില്‍ ലൈസന്‍സ് പുതുക്കി നല്‍കിയ കടകള്‍ക്കാണ് തീപിടുത്തമുണ്ടായത്. കെട്ടിടങ്ങള്‍ പൊളിച്ചു മാറ്റിയില്ലെങ്കില്‍ ഏത് നിമിഷവും അപകടം സംഭവിക്കുമെന്ന മുന്നറിയിപ്പ് നഗരസഭ അവഗണിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. എന്നാല്‍ തീപിടുത്തം സംഭവിച്ച കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന കടകളുടെ ലൈസന്‍സ് റദ്ദാക്കുമെന്ന് നഗരസഭാ ചെയര്‍മാന്‍ സി.പി.മുഹമ്മദ് കുഞ്ഞി പറഞ്ഞു. പഴയ കെട്ടിടങ്ങള്‍ പൊളിക്കുന്നതുമായുണ്ടായ ഉദാര നയം ഇനിയുണ്ടാവില്ലെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.

Sharing is caring!