എന്തും പറയാനുള്ള ലൈസന്‍സാണ് ‘മുസ്ലിം’ പട്ടമെന്ന് ആരും കരുതതരുത്: കെടി ജലീല്‍

എന്തും പറയാനുള്ള ലൈസന്‍സാണ് ‘മുസ്ലിം’ പട്ടമെന്ന് ആരും കരുതതരുത്: കെടി ജലീല്‍

മലപ്പുറം: എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സാണ് മുസ്‌ലിം പട്ടമെന്ന് ആരും കരുതരുതെന്ന് മന്ത്രി കെടി ജലീല്‍. ഫാറൂഖ് കോളേജ് അധ്യാപകനെതിരായ കേസിനെ കുറിച്ചെഴുതിയ ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം അഭിപ്രായം വ്യക്തമാക്കിയത്. ‘ മിസ്റ്റര്‍ മുനവ്വറിന്റെ സംസാരത്തിലെ വാക്കുകളും അപ്പോഴത്തെ മുഖഭാവവും ശരീരഭാഷയും ശ്രദ്ധിച്ചാല്‍ ആര്‍ക്കും അദ്ദേഹം പറഞ്ഞതിനോട് യോജിക്കാന്‍ കഴിയില്ല . പതിനൊന്ന് വര്‍ഷം ഒരു കോളേജദ്ധ്യാപകനായിരുന്നത് കൊണ്ട്കൂടിയാണ് ഞാനിത് പറയുന്നത് . എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സാണ് ‘മുസ്ലിം’ പട്ടമെന്ന് ആരും കരുതരുത് . മുസ്ലിം സ്ത്രീകളുടെ വേഷം നന്നാക്കാന്‍ ഇത്തരം ജല്‍പനങ്ങള്‍ എഴുന്നള്ളിച്ച് കൂലിത്തല്ലു നടത്തുന്നവരുടെ ആവശ്യവുമില്ല. ‘ പോസ്റ്റില്‍ പറയുന്നു.

പ്രവാചക ചരിത്രത്തിലോ പണ്ഡിതശ്രേഷ്ഠരുടെ വാക്കുകളിലോ ഫാറൂഖ് കോളേജിലെ അദ്ധ്യാപകന്‍ പ്രയോഗിച്ച പദങ്ങള്‍ക്ക് സമാനമായ ഒരു വാചകം കണ്ടെത്തിത്തരാന്‍ തെരുവില്‍ മുനവ്വറിനെ പിന്തുണച്ച് പ്രകടനം നടത്തിയ ലീഗിന്‍തോലണിഞ്ഞ ആവേശക്കമ്മിറ്റിക്കാര്‍ക്ക് കഴിയുമോ ? താടിക്കും തലപ്പാവിനും സമൂഹം കല്‍പിക്കുന്ന പദവിക്ക് ഇടിവ് വരുത്താനേ ഇതൊക്കെ സഹായകമാകു . പോസ്റ്റില്‍ അദ്ദേഹം പറയുന്നു

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

വത്തക്ക പിടിച്ച പുലിവാല് ….
—————————————-
ഫാറൂഖ് കോളേജിലെ ഒരദ്ധ്യാപകന്‍ നടത്തിയ പ്രസംഗത്തിലെ ചില വാചകങ്ങള്‍ കോളേജിലെ വിദ്ധ്യാര്‍ത്ഥിനികള്‍ എന്ന നിലയില്‍ തങ്ങളെ അപമാനപ്പെടുത്തുന്നതാണെന്ന് പറഞ്ഞ് ഒരു പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ കേസെടുത്ത സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം സംഘടനകള്‍ നടത്തുന്ന കോലാഹലങ്ങള്‍ സമുദായത്തെ അപകീര്‍ത്തിപ്പെടുത്താനും ഇസ്ലാമിനെ കൂടുതല്‍ തെറ്റിദ്ധരിപ്പിക്കാനും മാത്രമേ ഉപകരിക്കൂ .
ഒരദ്ധ്യാപകന്‍ ഏത് വേദിയില്‍ വെച്ചാണെങ്കിലും പറയാന്‍ പാടില്ലാത്തതാണ് പറഞ്ഞത് . മിസ്റ്റര്‍ മുനവ്വറിന്റെ സംസാരത്തിലെ വാക്കുകളും അപ്പോഴത്തെ മുഖഭാവവും ശരീരഭാഷയും ശ്രദ്ധിച്ചാല്‍ ആര്‍ക്കും അദ്ദേഹം പറഞ്ഞതിനോട് യോജിക്കാന്‍ കഴിയില്ല . പതിനൊന്ന് വര്‍ഷം ഒരു കോളേജദ്ധ്യാപകനായിരുന്നത് കൊണ്ട്കൂടിയാണ് ഞാനിത് പറയുന്നത് . എന്തും വിളിച്ച് പറയാനുള്ള ലൈസന്‍സാണ് ‘മുസ്ലിം’ പട്ടമെന്ന് ആരും കരുതരുത് . മുസ്ലിം സ്ത്രീകളുടെ വേഷം നന്നാക്കാന്‍ ഇത്തരം ജല്‍പനങ്ങള്‍ എഴുന്നള്ളിച്ച് കൂലിത്തല്ലു നടത്തുന്നവരുടെ ആവശ്യവുമില്ല .

യൂത്ത് ലീഗ് നേതാക്കളായ പി.കെ. ഫിറോസും നജീബ് കാന്തപുരവും ഇവ്വിഷയത്തില്‍ ആദ്യമെടുത്ത നിലപാട് പ്രശംസനീയമായിരുന്നു . പരപ്രേരണയാല്‍ അവര്‍ക്കത് പിന്‍വലിക്കേണ്ടിവന്നത് അത്യന്തം ദൗര്‍ഭാഗ്യകരമാണ് . ഇങ്ങിനെ പോയാല്‍ മുസ്ലിംലീഗെന്ന രാഷ്ട്രീയ പാര്‍ട്ടി കേരളീയ പൊതുബോധത്തിന്റെ നാലയലത്ത് നിന്ന് പോലും പടിയടച്ച് പിണ്ഡം വെക്കപ്പെടും . സി.എച്ചും ശിഹാബ് തങ്ങളും കൊരമ്പയിലും മതേതരവല്‍ക്കരിച്ച ലീഗിനെ ആരാണ് മതാന്ധകരുടെ ആലയില്‍ കൊണ്ട്‌പോയിക്കെട്ടാന്‍ ശ്രമിക്കുന്നത് . ലീഗ് കുറച്ച് കാലമായി ഒരു രാഷ്ടീയ പാര്‍ട്ടിയില്‍ നിന്ന് അതിസങ്കുചിത മതസമുദായ പാര്‍ട്ടിയായി പരിമിതപ്പെടുകയാണെന്ന് ആരെങ്കിലും ആരോപിച്ചാല്‍ , അത് ശരിയല്ലെന്ന് നെഞ്ചത്ത് കൈവെച്ച് തീര്‍ത്ത് പറയാന്‍ ലീഗിന് കഴിയുമോ ? ഭരണത്തിലിരിക്കുമ്പോള്‍ മതേതരമാകാന്‍ കിണഞ്ഞ് ശ്രമിക്കുന്ന മുസ്ലിംലീഗ് പ്രതിപക്ഷത്താവുമ്പോള്‍ വര്‍ഗ്ഗീയമാകാന്‍ പെടാപ്പാടുപെടുന്നത് രാഷ്ട്രീയ ലാഭത്തിനല്ലാതെ മറ്റെന്തിനാണ് ?

ശശികല ടീച്ചര്‍ക്കും ഡോ: ഗോപാലകൃഷ്ണനും വര്‍ഗീയവിഷം ചീറ്റാമെങ്കില്‍ എന്ത് കൊണ്ട് മുസ്ലിമിനും അതായിക്കൂടെന്ന ചോദ്യം എന്തുമാത്രം അപമതിപ്പാണ് ഇസ്ലാമിന് ഉണ്ടാക്കുകയെന്ന് ഇത്തരം വാദം എഴുന്നള്ളിക്കുന്നവര്‍ എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ ? മുസല്‍മാന് മാതൃക ശശികലടീച്ചറോ ഗോപാലകൃഷ്ണനോ അല്ലല്ലൊ . ലോകം മുഴുവന്‍ ആദരിച്ച മുഹമ്മദ് നബിയുടെ പക്വവും സൗമ്യമാര്‍ന്നതുമായ ശൈലിയും ഭാഷയുമല്ലേ ? പ്രവാചക ചരിത്രത്തിലോ പണ്ഡിതശ്രേഷ്ഠരുടെ വാക്കുകളിലോ ഫാറൂഖ് കോളേജിലെ അദ്ധ്യാപകന്‍ പ്രയോഗിച്ച പദങ്ങള്‍ക്ക് സമാനമായ ഒരു വാചകം കണ്ടെത്തിത്തരാന്‍ തെരുവില്‍ മുനവ്വറിനെ പിന്തുണച്ച് പ്രകടനം നടത്തിയ ലീഗിന്‍തോലണിഞ്ഞ ആവേശക്കമ്മിറ്റിക്കാര്‍ക്ക് കഴിയുമോ ? താടിക്കും തലപ്പാവിനും സമൂഹം കല്‍പിക്കുന്ന പദവിക്ക് ഇടിവ് വരുത്താനേ ഇതൊക്കെ സഹായകമാകു .

എന്ത് മതബോധമാണ് ഈ ഹാലിളക്കക്കാരെ നയിക്കുന്നതെന്ന് എനിക്ക് മനസ്സിലാവുന്നില്ല . കേസ് , പോലീസ് എന്നൊക്കെ കേള്‍ക്കുമ്പോഴേക്ക് എന്തിനാണീ ഉള്‍ഭയത്തോടെയുള്ള ഉറഞ്ഞു തുള്ളല്‍ ? ഒരു വിദ്യാര്‍ത്ഥി സമരമുണ്ടായാല്‍ എത്ര വിദ്യാര്‍ത്ഥി നേതാക്കള്‍ക്കെതിരെ കേസ് വരുന്നു . ജഡ്ജിമാരെ ശുംഭന്‍മാര്‍ എന്ന് വിളിച്ചതിനല്ലേ എം.വി. ജയരാജനെതിരെ കേസെടുത്ത് ജയിലിലടച്ചത് . മാപ്പ് പറഞ്ഞാല്‍ ജയില്‍ശിക്ഷ ഒഴിവാകുമായിരുന്നിട്ടും അതിന് തയ്യാറാകാതെ കാരാഗ്രഹം വരിച്ച കമ്യൂണിസ്റ്റിനെ ഓര്‍മ്മയില്ലെ ? അന്നാരെങ്കിലും ‘കേസെടുക്കുന്നേ’ എന്ന് വിളിച്ച് കൂവി തെരുവിലിറങ്ങിയോ ? കേസെടുത്താല്‍ കോടതിയില്‍ അതിനെ നേരിട്ട് നിരപരാധിത്വം തെളിയിക്കാനല്ലേ ശ്രമിക്കേണ്ടത് ? മുസ്ലിം പേരുള്ള ഒരാള്‍ക്കെതിരെ പോലീസിന് പരാതി കിട്ടിയാല്‍ കേസെടുത്ത് അന്വേഷിക്കുക എന്ന സ്വാഭാവിക നടപടിയിലേക്ക് കടന്നാല്‍ അത് ചൂണ്ടിക്കാണിച്ച് പിണറായി സര്‍ക്കാര്‍ മുസ്ലിം വിരുദ്ധമാണെന്ന് പുരപ്പുറത്ത് കയറി ഓരിയിടുന്നവരുടെ രാഷ്ട്രീയ ദുര്‍ലാക്ക് സമുദായം ശരിയാംവിധം മനസ്സിലാക്കാതെ പോയാല്‍ അവര്‍ നിപതിക്കുന്ന വാരിക്കുഴിയുടെ ആഴം ചെറുതാവില്ല .

നാട്ടില്‍ വിദ്വേഷം പരത്താന്‍ ശ്രമിച്ച ശശികല ടീച്ചര്‍ , ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെ എല്ലാവര്‍ക്കെതിരെയും ഇടതുപക്ഷ സര്‍ക്കാര്‍ കേസെടുത്തിട്ടുണ്ട് . സംശയമുള്ളവര്‍ക്ക് താഴേ പറയുന്ന ലിങ്ക് പരിശോധിക്കാം . (http://www.mathrubhumi.com/…/kottayam-1…) (http://www.mathrubhumi.com/…/communal-h…) . മറിച്ചുള്ള പ്രചരണം ‘പച്ച’ക്കള്ളമാണ് .

ഷാനി പ്രഭാകര്‍ നിര്‍ഭയമായി ആരുടെ മുഖത്ത് നോക്കിയും കാര്യങ്ങള്‍ വെട്ടിത്തുറന്ന് പറയുന്ന പത്രപ്രവര്‍ത്തക യാണ് . അവര്‍ മനോരമ ചാനലില്‍ അവതരിപ്പിച്ച ‘പറയാതെ വയ്യ’ യുടെ ഇതോടൊപ്പം ഇമേജായി കൊടുത്തിട്ടുള്ള വീഡിയോ ക്ലിപ്പിംഗ് ഓരോരുത്തരും കാണണം കേള്‍ക്കണം . പ്രകാശം കടന്നുചെല്ലാത്ത ഏതെങ്കിലുമറകള്‍ ആരുടെയെങ്കിലും മനസ്സിലുണ്ടെങ്കില്‍ അവിടം പ്രഭാപൂരിതമാക്കാന്‍ അതിന് കഴിയുമെന്ന് എനിക്കുറപ്പാണ് . മുസ്ലിം ന്യൂനപക്ഷത്തിന് എപ്പോഴും താങ്ങും തണലുമാകാറുള്ള പത്രപ്രവര്‍ത്തകരെയും എഴുത്തുകാരെയും പ്രശ്‌നങ്ങളോട് വൈകാരിക സമീപനം സ്വീകരിച്ച് , മനസ്സ് കൊണ്ടെങ്കിലും ”ഇവരെന്താ ഇങ്ങിനെ’ എന്ന് തോന്നിപ്പിക്കുന്ന സാഹചര്യം ഉണ്ടാക്കാതെ നോക്കാന്‍ ഇസ്ലാമിക സമൂഹം ജാഗ്രത പുലര്‍ത്തണം . അല്ലെങ്കില്‍ അതിന് കൊടുക്കേണ്ടി വരുന്ന വില വളരെ വളരെ വലിയതാകും .

Sharing is caring!