മഞ്ചേരിയിലെ മരുന്ന് ഷോപ്പില്‍നിന്നും പിഞ്ചുകുഞ്ഞിന്റെ വള കവര്‍ന്ന പ്രതി അറസ്റ്റില്‍

മഞ്ചേരിയിലെ മരുന്ന്  ഷോപ്പില്‍നിന്നും  പിഞ്ചുകുഞ്ഞിന്റെ  വള കവര്‍ന്ന പ്രതി അറസ്റ്റില്‍

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് പരിസരത്തെ മെഡിക്കല്‍ ഷോപ്പില്‍ മരുന്നു വാങ്ങാനെത്തിയ യുവതിയുടെ കുഞ്ഞിന്റെ 4.1 ഗ്രാം തൂക്കം വരുന്ന സ്വര്‍ണ്ണ വള കവര്‍ന്ന സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. പുല്ലാര ചെമ്പ്രമ്മല്‍ വാടകക്ക് താമസിക്കുന്ന പൂക്കോട്ടൂര്‍ പള്ളിപ്പടി പൂനൂര്‍ വീട്ടില്‍ ജംഷാദ് (35)ആണ് അറസ്റ്റിലായത്.
ചൊവ്വാഴ്ച പകല്‍ 11.30ന് മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെ സ്വകാര്യ മെഡിക്കല്‍ ഷോപ്പിനു മുന്നിലാണ് സംഭവം. മരുന്നു വാങ്ങാനെത്തിയതായിരുന്നു മങ്കട പടിക്കാട്ട് ശുഐബിന്റെ ഭാര്യ ഷബാനയും മകള്‍ ഒന്നര വയസ്സുകാരി ഷസ ഫാത്തിമയും. തന്ത്രത്തില്‍ ഇവരുടെ പിന്നില്‍ നിന്ന് പ്രതി കുഞ്ഞിന്റെ വള കവരുകയായിരുന്നു. സംഭവം കടയുടെ സി സി ടി വില്‍ വ്യക്തമായി പതിഞ്ഞതാണ് പ്രതിയെ കുടുക്കിയത്‌.

ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിച്ചതോടെ പൂക്കോട്ടൂര്‍ പഞ്ചായത്തംഗമാണ് പ്രതിയെ തിരിച്ചറിഞ്ഞ് പൊലീസിനെ അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ അഡീഷണല്‍ എസ് ഐ നസ്‌റുദ്ദീന്‍ നാനാക്കല്‍, എ എസ് ഐ എം പി എ നാസര്‍ എന്നിവര്‍ താമസ സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
ചോദ്യം ചെയ്യലില്‍ മോഷ്ടിച്ച വള താന്‍ വള്ളുവമ്പ്രത്തെ ജ്വല്ലറിയില്‍ വില്‍പ്പന നടത്തിയതായി പ്രതി മൊഴി നല്‍കി. ഇതിന്റെ അടിസ്ഥാനത്തില്‍ ജ്വല്ലറിയിലെത്തി പൊലീസ് തൊണ്ടിമുതല്‍ കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Sharing is caring!